കൂത്തുപറമ്പിൽ തോറ്റിട്ടില്ലെന്ന് പാർട്ടി റിപ്പോർട്ട്, ബഹളം; അലങ്കോലമായി ലീഗിന്റെ അവലോകന യോഗം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലം അവലോകനത്തിനായി വിളിച്ച കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് യോഗം ബഹളത്തിൽ കലാശിച്ചു. പാനൂരിലെ ലീഗ് ഓഫീസിൽ ചേർന്ന യോഗം ഒടുവിൽ തീരുമാനത്തിലെത്താതെ പിരിച്ചുവിട്ടു. മണ്ഡലം ഭാരവാഹികൾ, മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവരടങ്ങുന്ന യോഗത്തിലാണ് തർക്കമുണ്ടായത്.

പാലത്തായി ഭാഗത്ത് ഒഴിച്ചുനിർത്തിയാൽ മറ്റെല്ലായിടത്തും പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 9000-ലധികം വോട്ടുകൾ കൂടുതൽ കിട്ടിയെന്നും കൂത്തുപറമ്പിൽ പരാജയപ്പെട്ടിട്ടില്ലെന്നുമുള്ള റിപ്പോർട്ട് അവതരിപ്പിച്ചതിനെത്തുടർന്നാണ് ബഹളം തുടങ്ങിയത്.

അങ്ങനെയെങ്കിൽ എന്തിനാണ് ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദിനെ തത്സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് ജോ. സെക്രട്ടറി കൂടിയായ നസീർ പുത്തൂർ ചോദിച്ചു. ഇതേത്തുടർന്ന് ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി. ജനറൽ സെക്രട്ടറിയായി വി.നാസർ, എൻ.എ. റഫീഖ് എന്നിവരിൽ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ ചുമതല നൽകണമെന്ന സംസ്ഥാന ഉപാധ്യക്ഷൻ പൊട്ടങ്കണ്ടി അബ്ദുള്ളയുടെ നിർദേശം അംഗീകരിക്കാനാകില്ലെന്ന് ഉമർ വിളക്കോട്, നസീർ പുത്തൂർ, കാസിം മൊകേരി, ടി. മഹറൂഫ് എന്നിവർ വ്യക്തമാക്കി.

തുടർന്നുണ്ടായ ബഹളം കാരണം യോഗം പിരിച്ചുവിടുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് പി.പി.എ. സലാം അധ്യക്ഷനായിരുന്നു.

Content Highlights: Kuthuparamba Muslim League meeting held to review election results ended in chaos., Disputes arose over the report claiming a 9,000-vote increase despite the defeat., Internal conflict sparked by the removal of General Secretary P.K. Shahul Hameed., Leadership proposals for new General Secretary candidates were rejected by party members., The meeting was adjourned abruptly without reaching a formal consensus.