കുരിക്കത്തൂർ സ്‌ഫോടനം: ഒരാൾ അറസ്റ്റിൽ; വാടകവീട്ടിലെ അനധികൃത പടക്കനിർമാണം പരസ്യമായ രഹസ്യം

#ന്യൂസ് ഡെസ്ക്
വിഷ്ണു, സ്ഫോടനത്തിൽ തകർന്ന വീട്
വിഷ്ണു, സ്ഫോടനത്തിൽ തകർന്ന വീട്

കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരിൽ പടക്കനിർമാണത്തിനിടെ വീട്ടിൽ സ്‌ഫോടനമുണ്ടായി രണ്ടുപേർ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അനധികൃത പടക്കനിർമാണം നടത്താൻ ഉപയോഗിച്ച വീട് വാടകയ്‌ക്കെടുത്ത കോഴിക്കോട് മുണ്ടിക്കൻത്താഴം സ്വദേശി വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച സ്‌ഫോടനമുണ്ടായ സമയത്ത് വിഷ്ണുവും ഇവിടെയുണ്ടായിരുന്നു.

പരിക്കേറ്റതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്ണുവിനെ പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയിയിൽ എടുത്തിരുന്നു. ഞായറാഴ്ച രാവിലെ കുന്നമംഗലം പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിഷ്ണുവിന്റെ സുഹൃത്ത് ഹിജിത്ത് എന്നയാളേക്കൂടി കേസിൽ പ്രതിചേർത്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം. കോഴിക്കോട് രാമനാട്ടുകര പാറമ്മൽ മഠത്തിൽപറമ്പിൽ രാഹുൽ (26), കോഴിക്കോട് മുണ്ടിക്കൽത്താഴം പുതിയോട്ടുമേത്തൽ രാഹുൽ (27) എന്നിവരാണ് മരിച്ചത്. പുതിയോട്ടുമേത്തൽ രാഹുലിന്റെ സഹോദരനാണ് വിഷ്ണു. വിഷ്ണുവിനെ കൂടാതെ ഇയാളുടെ ഭാര്യ സിമിയ്ക്കും പരിക്കേറ്റിരുന്നു.

അനധികൃത പടക്കനിർമാണം പരസ്യമായ രഹസ്യം

കോഴിക്കോട്: സ്ഫോടനത്തെത്തുടർന്ന് രണ്ടുപേരുടെ മരണത്തിനിടയായ വീടും പരിസരവും പരിശോധിച്ച പോലീസിന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടത് അവിടെ നടന്ന കാര്യങ്ങൾ പരസ്യമായ രഹസ്യമായിരുന്നു എന്നതാണ്. അനധികൃത പടക്കനിർമാണം അവിടെ നടക്കുന്നത് കുറ്റകൃത്യത്തിൽ ഏർപ്പെട്ടവർമാത്രമല്ല, നാട്ടുകാരിൽ പലർക്കും അറിയുമെന്നതാണ് സൂചന. പനയോലപ്പടക്കം നിർമിക്കുന്നതിനുള്ള പനയോലകൾ അത്രമാത്രം ആ മുറ്റത്ത് ശേഖരിച്ചിട്ടുണ്ട്. മാസങ്ങൾക്കുമുൻപ് പലയിടത്തുനിന്നായി പനയോലകൾ ശേഖരിച്ച് ഇവിടെയെത്തിച്ചിട്ടുണ്ട്.

കുരിക്കത്തൂർ അങ്ങാടിയിൽനിന്ന് 200 മീറ്റർ അകലെ പെരുവഴികടവിലേക്കു പോകുന്ന റോഡിലാണ് വീടുള്ളത്. ടാറിട്ട റോഡിൽനിന്ന് താരതമ്യേന വീതികുറഞ്ഞ വഴിയിലൂടെ വേണം ഈ വീട്ടിലേക്കെത്താൻ. ഇതിലൂടെ ഇത്രമാത്രം പനയോല വാടകവീട്ടിലേക്ക് എത്തിക്കുന്നതുതന്നെ ഒറ്റനോട്ടത്തിൽ സംശയം ജനിപ്പിക്കുന്നതാണ്.

വളരെ അടുത്തടുത്ത് മതിൽക്കെട്ടുകൾപോലുമില്ലാതെ വീടുകളുണ്ട്. ഗ്രാമപ്രദേശമായതുകൊണ്ടുതന്നെ നാട്ടുകാരല്ലാത്ത ആരുടെയും പ്രവൃത്തികൾ ഏറെ ശ്രദ്ധിക്കുകയും ചെയ്യും. ഇങ്ങനെയാണ് അവിടത്തെ സാഹചര്യമെന്നിരിക്കെ വീട്ടുമുറ്റത്ത് കെട്ടുകെട്ടുകളായി ഉണക്കംവന്ന പനയോലകൾ സൂക്ഷിക്കുകയും അവ പലപ്പോഴായി പകൽസമയങ്ങളിൽ സമീപവാസികൾ വന്ന് മുറിച്ച് നിശ്ചിത അളവിലുള്ളതാക്കുകയും ചെയ്യുന്നുവെന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. മുറിച്ച പനയോലയുടെ ബാക്കിഭാഗങ്ങൾ സമീപവാസികൾ കൊണ്ടുപോയി അവരുടെ വീട്ടിൽ കത്തിക്കാൻ ഉപയോഗിക്കുന്നുണ്ടെന്നും വിവരമുണ്ട്. നാട്ടുകാരെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തി, ഇവിടെ വന്നുപോകുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടി പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചില വാഹനങ്ങളുടെ നമ്പറുകൾ ശേഖരിച്ചിട്ടുണ്ട്.

Content Highlights: One suspect arrested in connection with the 2026 Kurikkathur explosion., Two individuals died in the illegal firecracker manufacturing unit blast., Local residents were aware of the illegal operations ongoing for months., Police are currently tracking vehicle movements and visitor logs at the site., Investigation focuses on the source of materials and distribution networks.