കുന്ദമംഗലം കോളേജില്‍ സംഘര്‍ഷം, 10 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍, ബാലറ്റ് കീറിയെന്ന് പരാതി

കോഴിക്കോട്: കുന്ദമംഗലം ഗവ. കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പത്തുവിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. സംഘര്‍ഷത്തെത്തുടര്‍ന്ന് കോളേജിന് രണ്ടുദിവസത്തേക്ക് കൂടി അവധിയും പ്രഖ്യാപിച്ചു. അതിനിടെ, വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോളേജ് അധികൃതര്‍ സര്‍വകലാശാലയ്ക്ക് കത്തയച്ചു.
കഴിഞ്ഞദിവസം യൂണിയന്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനിടെയാണ് കോളേജില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ആറുവിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
വോട്ടെണ്ണലില്‍ യു.ഡി.എസ്.എഫ് സഖ്യം ലീഡ് ചെയ്യുന്നതിനിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പറുകള്‍ വലിച്ചുകീറുകയും പുറത്തേക്ക് എറിഞ്ഞെന്നുമാണ് പരാതി. ഇതിനുപിന്നാലെയാണ് കോളേജില്‍ സംഘര്‍ഷമുണ്ടായത്.
വീണ്ടും തിരഞ്ഞെടുപ്പെന്ന ആവശ്യം അംഗീകരിക്കില്ല, കോടതിയെ സമീപിക്കും- കെ.എസ്.യു.
കുന്ദമംഗലം കോളേജില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന കോളേജ് അധികൃതരുടെ ആവശ്യം അംഗീകരിക്കില്ലെന്ന് കെ.എസ്.യു. ജില്ലാ സെക്രട്ടറി വി.ടി.സൂരജ്. എണ്ണിയ വോട്ടുകളുടെ അടിസ്ഥാനത്തില്‍ ഫലപ്രഖ്യാപനം നടത്തണം. വീണ്ടും തിരഞ്ഞെടുപ്പെന്ന ആവശ്യം അംഗീകരിക്കുന്നില്ല. ഇതിനായി കോടതിയെ സമീപിക്കുമെന്നും കെ.എസ്.യു. ജില്ലാ സെക്രട്ടറി പ്രതികരിച്ചു.
വോട്ടെണ്ണല്‍ നടക്കുന്ന ഹാളില്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് പറഞ്ഞിട്ടും എസ്.എഫ്.ഐ പ്രതിനിധി അര്‍ജുന്‍ ഫോണ്‍ കൊണ്ടുവന്നു. തുടര്‍ന്ന് പ്രാദേശിക നേതാക്കളെ യു.ഡി.എസ്.എഫ് ലീഡ് ചെയ്യുന്ന കാര്യം അറിയിച്ചു. പുറത്തുനിന്നുള്ളവരുടെ നിര്‍ദേശപ്രകാരമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ നടക്കുന്ന സ്ഥലത്ത് എത്തി ബാലറ്റ് പേപ്പര്‍ വലിച്ചു കീറിയത്. പുറത്തുനിന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കാമ്പസിനകത്ത് കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു. പോലീസില്‍നിന്ന് പോലും ആവശ്യമായ ഇടപെടല്‍ ഉണ്ടായില്ല. തൊണ്ണൂറുശതമാനം വോട്ടെണ്ണിയപ്പോള്‍ യു.ഡി.എസ്.എഫിനായിരുന്നു ലീഡ്. എണ്ണിയ വോട്ടുകളുടെ അടിസ്ഥാനത്തില്‍ ഫലപ്രഖ്യാപനം നടത്തണമെന്നും വി.ടി.സൂരജ് ആവശ്യപ്പെട്ടു.