വിചാരണയില്ലാതെ 39 വർഷം ജയിലിൽ, കുങ്കൻ ഒടുവിൽ പുറത്തേക്ക്; തുണയായത് മാതൃഭൂമി വാർത്ത

കണ്ണൂർ: റിമാൻഡ് തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ 39 വർഷം പിന്നിടുന്ന ഇരിട്ടി ആറളം വിയറ്റ്‌നാം കോളനിയിലെ കുങ്കന്റെ (കൃഷ്ണൻ-61) മോചനത്തിന് വഴിതെളിയുന്നു. അച്ഛൻ ചന്തുവിനെ കൊന്ന കേസിൽ 1987-ൽ റിമാൻഡിലായ കുങ്കൻ നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും തടവിൽ കഴിയുന്നുവെന്ന കഴിഞ്ഞദിവസത്തെ ‘മാതൃഭൂമി’വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതിയിലെ ജസ്റ്റിസ് സി.എസ്.ഡയസ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് (ഡി.എൽ.എസ്.എ.) റിപ്പോർട്ട് തേടി. റിപ്പോർട്ട് തയ്യാറാക്കാനായി തലശ്ശേരി സെഷൻസ് കോടതി മുൻപാകെയുള്ള രേഖകൾ ഡി.എൽ.എസ്.എ. അധികൃതർ തിങ്കളാഴ്ച പരിശോധിക്കും. കുങ്കൻ ഇപ്പോഴും വിചാരണയ്ക്ക് ‘ഫിറ്റല്ലെന്ന’ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിൽനിന്നുള്ള രേഖയുടെ ആധികാരികത ഉറപ്പുവരുത്താനാണിത്. അതിനുശേഷം കേസ് പരിഗണിക്കുന്ന പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുടെ അനുമതിയോടെ കുങ്കനെ ജയിലിൽനിന്ന് മാറ്റാനാണ് ഡി.എൽ.എസ്.എ.യുടെ തീരുമാനം.
ജില്ലാതല കമ്മിറ്റിക്കു മുന്നിൽ എത്തിക്കാനായത് പ്രതീക്ഷ നൽകുന്നതായി കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ.വേണു പറഞ്ഞു. കുങ്കനെ ഏറ്റെടുക്കാൻ കൂത്തുപറമ്പ് അരയങ്ങാട്ടെ സ്നേഹഭവൻ സന്നദ്ധതയറിയിച്ചിട്ടുണ്ടെന്ന് ഡി.എൽ.എസ്.എ. അധികൃതർ പറഞ്ഞു. ‘മാതൃഭൂമി’ വാർത്ത ഞെട്ടിക്കുന്നതാണെന്നും സംഭവിക്കാൻ പാടില്ലാത്തതാണെന്നും അഡ്വ. കാളീശ്വരം രാജ് പറഞ്ഞു.
Content Highlights: Kungan has been a remand prisoner in Kannur Central Jail for 39 years since 1987., The Kerala High Court directed the DLSA to submit a report on the case., Legal authorities are verifying mental health fitness records to facilitate transfer.