കുഞ്ചിത്തണ്ണിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു; 16 വിദ്യാർഥികൾക്ക് പരിക്ക്

#സ്വന്തം ലേഖകൻ
ദേശീയം പവർഹൗസ് റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചു കയറിയ സ്കൂൾ ബസ്
ദേശീയം പവർഹൗസ് റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചു കയറിയ സ്കൂൾ ബസ്

അടിമാലി: കുഞ്ചിത്തണ്ണിയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂൾ ബസ് സ്വകാര്യ വ്യക്തിയുടെ വീടിന്റെ സംരക്ഷണഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചു കയറി പതിനാറ് വിദ്യാർഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. ഉടുമ്പൻചോല-രണ്ടാംമൈൽ റോഡിന്റെ ഭാഗമായ ദേശീയം-പവർഹൗസ് റോഡിൽ ബ്രോഡ്‌വിൻ റിസോർട്ടിന് സമീപമാണ് അപകടമുണ്ടായത്.

പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിൽ നടന്ന ഒമ്പതാം ക്ലാസിലെ പരീക്ഷയും പഠനോത്സവവും കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. അപകടസമയത്ത് മുപ്പതിലധികം കുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. വലിയ ശബ്ദത്തോടെ ബസ് ഇടിക്കുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റ പതിനാറ് വിദ്യാർഥികളെയും ഉടൻ തന്നെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാല് വിദ്യാർത്ഥികളുടെ പരിക്ക് ഗൗരവകരമാണെന്ന് കണ്ടതിനെത്തുടർന്ന് അവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ മറ്റ് കുട്ടികൾ കുഞ്ചിത്തണ്ണിയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

പ്രദേശത്ത് ചെറിയ മഴ പെയ്തു കഴിഞ്ഞതിന് പിന്നാലെ റോഡിലൂടെ വരികയായിരുന്ന ബസ് പെട്ടെന്ന് നിയന്ത്രണം വിടുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Content Highlights: A school bus crashed in Kunchithanny, leaving 16 students injured.