മൂടക്കൊല്ലിയില്‍ നാശനഷ്ടമുണ്ടാക്കി കാട്ടുകൊമ്പന്‍മാര്‍; കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തി

സുൽത്താൻബത്തേരി: മൂടക്കൊല്ലിയിലും പരിസരപ്രദേശങ്ങളിലും നാശനഷ്ടമുണ്ടാക്കിയ കാട്ടുകൊമ്പൻമാരെ ഞായറാഴ്ച വനംവകുപ്പ് കുങ്കിയാനകളെ ഉപയോഗിച്ച് ഉൾക്കാട്ടിലേക്ക് തുരത്തി. കൊമ്മൻചേരി വനമേഖലയിൽനിന്നാണ് കാട്ടാനകളെ തുരത്തിയത്. ശനിയാഴ്ചയും കൊമ്മൻചേരിയിൽനിന്ന് കാട്ടാനകളെ തുരത്തിയെങ്കിലും വീണ്ടും ജനവാസമേഖലയ്ക്ക് അടുത്തേക്ക് എത്തിയതോടെയാണ് ഉൾക്കാട്ടിലേക്ക് തുരത്തിയത്. മുത്തങ്ങ ആനപ്പന്തിയിലെ ഭരത്, പ്രമുഖ എന്നീ കുങ്കിയാനകളെ ഉപയോഗിച്ചാണ് കാട്ടാനകളെ തുരത്തിയത്.
സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ടി. കണ്ണന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെയും കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലെയും വനപാലകർ ദൗത്യത്തിൽ പങ്കെടുത്തു.
മൂടക്കൊല്ലി, മണ്ണുണ്ടി, വാകേരി ഭാഗങ്ങളിലാണ് കഴിഞ്ഞദിവസങ്ങളിൽ കാട്ടാനയിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കിയത്. കാട്ടിക്കൊല്ലി ഉന്നതിയുടെ മുകൾഭാഗത്ത് ഫെൻസിങ് ലൈൻ പൊട്ടിച്ചാണ് കാട്ടാന ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങിയത്.
ചൊവ്വാഴ്ച രാത്രി മൂടക്കൊല്ലിയിൽനിന്ന് വീട്ടിലേക്കുപോകുകയായിരുന്ന മുത്തിമല അഭിലാഷിനെ ആന ആക്രമിച്ചിരുന്നു. ചാടിമാറിയതിനാൽ കുത്തേൽക്കാതെ അഭിലാഷ് രക്ഷപ്പെട്ടെങ്കിലും കൈക്കും കാലിനും നടുവിനും പരിക്കേറ്റിരുന്നു.
സമീപത്തെ നെടിയാങ്കൽ ബിനുവിന്റെ ഓട്ടോറിക്ഷയും ആന തകർത്തിരുന്നു. ബിനു ആനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കാട്ടാനശല്യം രൂക്ഷമായതോടെയാണ് വനംവകുപ്പ് ശനിയാഴ്ച കുങ്കിയാനകളെ ഉപയോഗിച്ചുള്ള ദൗത്യം തുടങ്ങിയത്. കാട്ടാനകൾ ജനവാകേന്ദ്രത്തിലിറങ്ങിയാൽ ദൗത്യം തുടരുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
Content Highlights: kumki elephants wild elephant rescue mission