20 രൂപാ ഊൺ വിസ്മൃതിയിലേക്കോ? സബ്സിഡി നിലച്ചതോടെ ജനകീയ ഹോട്ടലുകൾക്ക് പൂട്ടുവീഴുന്നു; ഇതുവരെ 543 എണ്ണം അടച്ചു

#ഷിഹാബുദ്ദീൻ കാളികാവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: സർക്കാർ സബ്സിഡി നിലച്ചതോടെ പ്രതിസന്ധിയിലായി കുടുംബശ്രീ ജനകീയ ഹോട്ടലുകൾ. കുറഞ്ഞനിരക്കിൽ ലഭിച്ചിരുന്ന അരിയും മുടങ്ങിയതോടെ ഇവ ഒന്നൊന്നായി പൂട്ടുകയാണ്. സംസ്ഥാനത്തെ 1,198 ജനകീയ ഹോട്ടലുകളിൽ 543 എണ്ണം ഇതിനകം പൂട്ടി. 655 ഹോട്ടലുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് ഒരു ഊണിന് 10 രൂപ സർക്കാർ സബ്സിഡി നൽകിയിരുന്നതിനാൽ 20 രൂപയ്ക്ക് ഭക്ഷണം നൽകാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ സബ്സി‍ഡി അനുവദിക്കുന്നില്ല.

10.90 രൂപ നിരക്കിൽ മാവേലി സ്റ്റോറുകൾ മുഖേന നൽകിയിരുന്ന അരി മാർച്ച് മുതൽ ലഭിക്കുന്നുമില്ല. ഒരു ഹോട്ടലിന് മാസം 600 കിലോ അരിയാണ് കുറഞ്ഞ നിരക്കിൽ അനുവദിച്ചിരുന്നത്. സബ്സിഡിയും കുറഞ്ഞ നിരക്കിലുള്ള അരിയും നിലച്ചതോടെ ഭക്ഷണച്ചെലവ് സംരംഭകർതന്നെ വഹിക്കേണ്ടിവന്നു.

അരി, പച്ചക്കറി, പാചകവാതകം തുടങ്ങിയവയുടെ വില വർധിച്ചതോടെ ചെലവ് വീണ്ടും ഉയർന്നു. ഇതോടെ പല ജില്ലകളിലും ഊണിന്റെ വില 30 മുതൽ 45 രൂപ വരെയായി. വില വർധിപ്പിച്ചിട്ടും വരുമാനം ചെലവിനനുസരിച്ച് ഉയർന്നില്ല. കെട്ടിട വാടക, വൈദ്യുതി, വെള്ളക്കരം തുടങ്ങിയ ചെലവുകളും അധികബാധ്യതയായി.

മലപ്പുറം ജില്ലയിലാണ് ഏറ്റവുംകൂടുതൽ ജനകീയ ഹോട്ടലുകളുള്ളത്. 144 ഹോട്ടലുകളുണ്ടായിരുന്നതിൽ 41 എണ്ണം പൂട്ടി. പത്തനംതിട്ടയിൽ 58 ഹോട്ടലുകളുണ്ടായിരുന്നതിൽ 39 എണ്ണവും കോട്ടയത്ത് 110 ഹോട്ടലുകളിൽ 71 എണ്ണവും അടച്ചു.

2023-ൽ 1,198 ജനകീയ ഹോട്ടലുകൾക്കായി 33.6 കോടി രൂപയുടെ സബ്സിഡിയാണ് സർക്കാർ അനുവദിച്ചത്. അന്ന് 5,043 വനിതാ സംരംഭകർ ജനകീയ ഹോട്ടലുകളിലൂടെ ഉപജീവനം കണ്ടെത്തിയിരുന്നു.

Content Highlights: Kudumbashree Janakeeya Hotels in Kerala are closing down due to the halt of government subsidies and subsidized rice allocations. Out of 1,198 hotels, 543 have shut down, leaving entrepreneurs in severe financial crisis.