കുടുംബശ്രീ ഭവനപദ്ധതി ക്രമക്കേട്: വിജിലൻസ് അന്വേഷണം, പരാതിക്കാരനായ ST പ്രമോട്ടറിൽനിന്ന് തെളിവെടുക്കും

ആലപ്പുഴ: പി.കെ. കാളൻ പദ്ധതിപ്രകാരം കുടുംബശ്രീ വഴി പട്ടികവർഗവിഭാഗങ്ങൾക്കായി നിർമിച്ച വീടുകളുമായി ബന്ധപ്പെട്ട ക്രമക്കേടിനെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന്. പരാതിക്കാരനായ തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ എസ്.ടി. പ്രമോട്ടർ കെ.ജെ. നിജേഷിനോട് ചൊവ്വാഴ്ച നേരിട്ടെത്തി തെളിവുകൾ കൈമാറാനാണ് വിജിലൻസ് നിർദേശിച്ചിട്ടുള്ളത്. കുടുംബശ്രീ നിർമിച്ചതും പുനരുദ്ധരിച്ചതുമായ 88 വീടുകളിൽ 44 വീടുകൾ ചോർച്ചയും മറ്റുംമൂലം വാസയോഗ്യമല്ലാതായ സംഭവത്തിലാണ് അന്വേഷണം.
പരാതി ഉയർന്നപ്പോൾത്തന്നെ കുടുംബശ്രീ പരിശോധന നടത്തുകയും കേടുപാടു പറ്റിയ വീടുകളുടെ അറ്റകുറ്റപ്പണി നടത്തി നൽകുകയും ചെയ്തിരുന്നു. എന്നാൽ, വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേയോ കരാർ ഏജൻസിക്കെതിരേയോ നടപടി സ്വീകരിച്ചില്ല. അടുത്തിടെ വീടുകളിൽ ചിലതിനു ചോർച്ചയുണ്ടാകുകയും മച്ചിളകി വീഴുകയുംചെയ്തു. ഇതേത്തുടർന്നാണ് എസ്.ടി. പ്രമോട്ടർ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിച്ചത്.
വീടുനിർമാണത്തിലെ ക്രമക്കേടു ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ജാതീയമായി അധിക്ഷേപിച്ചെന്നാരോപിച്ച് കുടുംബശ്രീ ജില്ല മിഷൻ പ്രോഗ്രാം മാനേജർ മോൾജിക്കെതിരേ നിജേഷ് സംസ്ഥാന മിഷനു പരാതി നൽകിയിരുന്നു. ഇരുവരെയും കേട്ടശേഷം മോൾജിയെ പട്ടികവർഗവിഭാഗങ്ങളുമായി നേരിട്ടു ബന്ധമില്ലാത്ത മറ്റു വിഭാഗത്തിലേക്കു മാറ്റാൻ സംസ്ഥാന മിഷൻ ഉത്തരവിട്ടിരുന്നു. ഒരുമാസമായിട്ടും ഉത്തരവു നടപ്പാക്കാതെ ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ നടപടി നീട്ടിക്കൊണ്ടുപോകുകയാണ്.
സോഷ്യൽ ഇൻക്ലൂഷൻ ആൻഡ് സോഷ്യൽ ഡിവലപ്മെന്റ് (എസ്.ഐ.എസ്.ഡി.) വിഭാഗത്തിലെ ജില്ല പ്രോഗ്രാം മാനേജരായാണ് മോൾജി പ്രവർത്തിച്ചിരുന്നത്. ഉത്തരവ് നടപ്പാക്കിയില്ലെന്ന വിമർശനമുയർന്നതോടെ ഡി.ഡി.യു.ജി.കെ.വൈ. വിഭാഗത്തിലേക്ക് ഇവരെ മാറ്റി. എന്നാൽ, ഇത് ഏറ്റെടുക്കാൻ അവർ തയ്യാറായില്ല. എം.ബി.എ. ബിരുദം യോഗ്യതയാണ് ഈ വിഭാഗം കൈകാര്യംചെയ്യാൻ വേണ്ടത്. എന്നാൽ, അവർക്ക് എം.എ. സോഷ്യോളജി ബിരുദമാണുള്ളത്. ഇക്കാര്യം ജില്ല മിഷൻ അധികൃതർ സംസ്ഥാന മിഷനെ അറിയിച്ചിട്ടുണ്ട്. എന്നാൽ, നടപടി നീളുകയാണ്.
ദളിത് സംഘടനകളും സമരത്തിലേക്ക്
എസ്.ടി. പ്രമോട്ടറെ ജാതീയമായി അധിക്ഷേപിച്ച ഉദ്യോഗസ്ഥയെ പിരിച്ചുവിടണമെന്നും ക്രമക്കേടു പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കേരള ഉള്ളാട മഹാസഭ സമരത്തിലേക്ക്. ആദ്യഘട്ടമെന്ന നിലയിൽ കുടുംബശ്രീ ജില്ല മിഷൻ ഓഫീസിനു മുന്നിൽ ബുധനാഴ്ച രാവിലെ 10.30-ന് ധർണ നടത്താനാണ് തീരുമാനം. അഴിമതി പുറത്തുകൊണ്ടുവരണമെന്നു പറഞ്ഞതിന്റെ പേരിൽ നിജേഷിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ എസ്.ഐ.ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് ഉള്ളാട മഹാസഭയുടെ ആവശ്യം. പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമം അനുസരിച്ച് കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർക്കെതിരേ നടപടിയെടുക്കണമെന്ന് ഫെഡറേഷൻ ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് ആവശ്യപ്പെട്ടു. സർവീസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാണാവശ്യം.
എസ്.ടി. പ്രമോട്ടറുടെ ഫോൺ പിടിച്ചുവാങ്ങിയതിലും ദുരൂഹത
മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ മോൾജിയുടെ പരാതിയിൽ എസ്.ടി. പ്രമോട്ടറായ നിജേഷിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പോലീസ് നടപടിയിലും ദുരൂഹത. തെളിവു നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ആക്ഷേപം. കുടുംബശ്രീയിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ സൂക്ഷിച്ചിട്ടുള്ളതാണ് ഫോൺ. നിജേഷിനെക്കൂടാതെ കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജർ പ്രഭാകരൻ, സാമൂഹികപ്രവർത്തക ധന്യാരാമൻ എന്നിവരെയും പ്രതിചേർത്തിരുന്നു. എന്നാൽ, ഇവരെ ഇതുവരെ ചോദ്യംചെയ്യാൻ പോലീസ് വിളിപ്പിച്ചിട്ടില്ല.
Content Highlights: Vigilance investigates corruption in Kudumbashree housing projects for ST communities in Alappuzha.