കെ.ടി.യു. രജിസ്ട്രാര്‍ക്കും കണ്‍ട്രോളര്‍ക്കും പുനര്‍നിയമനം; സര്‍ക്കാര്‍ നിര്‍ദേശം തള്ളി വി.സി

തിരുവനന്തപുരം: സാങ്കേതികസര്‍വകലാശാല (കെ.ടി.യു) രജിസ്ട്രാര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കും പുനര്‍നിയമം നല്‍കണമെന്ന ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദ്ദേശം തള്ളി വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ്. ഡോ. എ. പ്രവീണിനും ഡോ. അനന്ത രശ്മിക്കും വീണ്ടും നിയമനം നല്‍കണമെന്ന സർക്കാർ നിര്‍ദേശം അംഗീകരിക്കാന്‍ ഡോ. കെ. ശിവപ്രസാദ് തയ്യാറായില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശം നിയമപരമായി നടപ്പാക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് വി.സി. നിര്‍ദേശം തള്ളിയത്. ഇക്കാര്യം ഉന്നതവിദ്യാഭ്യാസവകുപ്പിനെ അറിയിക്കും. ജോയിന്റ് രജിസ്ട്രാര്‍ക്കും ഡീനിനും ചുമതലകള്‍ കൈമാറാനും വി.സി. ഉത്തരവിട്ടു.
പരീക്ഷാ കണ്‍ട്രോളറുടെ കാലാവധി ജനുവരി 24-ന് അവസാനിച്ചിരുന്നു. ചൊവ്വാഴ്ചവരെയായിരുന്നു രജിസ്ട്രാറുടെ കാലാവധി. ആവശ്യപ്പെടുകയാണെങ്കില്‍ സര്‍ക്കാര്‍ അനുമതിയോടെ ഒരുതവണ പുനര്‍നിയമനം നല്‍കുവാന്‍ സര്‍വ്വകലാശാല നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നിരിക്കെയാണ് വി.സിയുടെ നടപടിയെന്നാണ് സിൻഡിക്കേറ്റ് ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ 16-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നിരുന്നു. വി.സി. യോഗം പിരിച്ചുവിട്ട ശേഷം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വീണ്ടും യോഗം ചേര്‍ന്ന് പരീക്ഷ കണ്‍ട്രോളര്‍ക്കും രജിസ്ട്രാര്‍ക്കും പുനര്‍നിയമനം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അനധികൃത സിന്‍ഡിക്കേറ്റ് യോഗതീരുമാനങ്ങള്‍ വി.സി. റദ്ദാക്കി. യോഗതീരുമാനങ്ങള്‍ റദ്ദാക്കിയ വി.സിയുടെ ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.
തുടര്‍ന്ന് റദ്ദാക്കിയ സിന്‍ഡിക്കേറ്റ് യോഗതീരുമാനം വി.സിയുടെ അനുമതി കൂടാതെ രജിസ്ട്രാര്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ അറിയിയിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രണ്ടുപേര്‍ക്കും പുനര്‍നിയമനത്തിനുള്ള അനുമതി നല്‍കിയത്.
അതേസമയം, സര്‍ക്കാരിനേയും സിന്‍ഡിക്കേറ്റിനേയും മറികടന്നാണ് വി.സിയുടെ നടപടിയെന്നാണ് ആരോപണം. താത്കാലിക വി.സിയുടെ നടപടി നിയമവിരുദ്ധവും നിയമസംവിധാനത്തോടുള്ള അനാദരവുമാണെന്നാണ് സിന്‍ഡിക്കേറ്റ് പറയുന്നത്. സര്‍വകലാശാലയിലെ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ നിയമനാധികാരവും നിയന്ത്രണാധികാരവും മറ്റു പല സര്‍വകലാശാലകളില്‍നിന്ന് വ്യത്യസ്തമായി സിന്‍ഡിക്കേറ്റില്‍ നിക്ഷിപ്തമാക്കിയിട്ടുള്ളതാണ് സാങ്കേതിക സര്‍വകലാശാലാ നിയമം. രണ്ടു മാസത്തിലൊരിക്കല്‍ സിന്‍ഡിക്കേറ്റ് യോഗംകൂടണമെന്നാണ് വ്യവസ്ഥ. അത് പാലിക്കാതെ വി.സിയുടേത് തന്നിഷ്ടം നടപ്പാക്കലാണെന്നും അവര്‍ ആരോപിക്കുന്നു. വി.സിയുടെ നടപടികള്‍ വിശദീകരിക്കാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
Content Highlights: KTU VC rejects govt.`s order to reappoint registrar and exam controller