ആരോപണങ്ങള്‍,വെളിപ്പെടുത്തലുകള്‍; പോരില്‍ ജലീലിന് സിപിഎം പിന്തുണ, ഫിറോസിനോ…, ലീഗിന് മൗനം

കെ.ടി ജലീലുമായുള്ള പോരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഫിറോസിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയരുമ്പോഴും പ്രതിരോധിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി തങ്ങളും മറ്റുള്ളവരും ഇതുവരെ രംഗത്ത് വന്നിട്ടില്ല. വിഷയം ഫിറോസ് തന്നെ പരിഹരിച്ചോളും എന്ന് പറഞ്ഞ് ഒഴിയുകയാണ് മുസ്ലിം ലീഗ് നേതൃത്വവും. അതേസമയം ഫിറോസിനെതിരെ പൊതുയോഗം വിളിച്ച് ആരോപണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് കെ.ടി. ജലീല്‍ എം.എല്‍.എ.
സഹോദരന്റെ അറസ്റ്റ് വീണ് കിട്ടിയ ആയുധമാക്കി ജലീല്‍
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കുന്ദമംഗലത്ത് നടന്ന ലഹരി പരിശോധനക്കിടെ പികെ ഫിറോസിന്റെ സഹോദരന്‍ പികെ ബുജൈര്‍ പോലീസിനെ അക്രമിക്കുകയും തുടര്‍ന്ന് അറസ്റ്റിലാകുകയും ചെയ്തിരുന്നു. അറസ്റ്റിന് തൊട്ടുപിന്നാലെയാണ് കെ ടി ജലീല്‍ ആദ്യ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയത്. ലഹരിക്കെതിരെ സംസ്ഥാന വ്യാപക ക്യാമ്പയിന്‍ നടത്തുന്ന യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി വീട് നന്നാക്കിയിട്ട് നാട് നന്നാക്കാന്‍ ഇറങ്ങണമെന്നും പണം സമ്പാദിക്കാന്‍ മയക്കുമരുന്ന് കച്ചവടക്കാര്‍ക്ക് ഒത്താശ ചെയ്യുന്നവന്റെ സഹോദരന്‍ കത്വ ഉന്നാവോ ഫണ്ട് മുക്കി കൊട്ടാരം പണിയുന്നതില്‍ അതിശയമില്ലെന്നുമായിരുന്നു ജലീലിന്റെ പരാമര്‍ശം. മയക്കുമരുന്ന് വിതരണത്തില്‍ നിന്നും ഉപയോഗത്തില്‍ നിന്നും സഹോദരനെ പിന്തിരിപ്പിക്കാന്‍ കഴിയാത്ത ഫിറോസിന് നാട്ടുകാരനെ നന്നാക്കാന്‍ എന്ത് അര്‍ഹതയെന്നും കെടി ജലീല്‍ ചോദ്യം ഉന്നയിച്ചു. തൊട്ടടുത്ത ദിവസം മലപ്പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ചു ഫിറോസിനെതിരെ കൂടുതല്‍ ശക്തമായി ജലീല്‍ ആഞ്ഞടിക്കുകയും ചെയ്തു.
യൂത്ത് ലീഗിന്റെ ദോത്തി ചലഞ്ചിന് ശേഷം ഫിറോസ് കുന്ദമംഗലത്ത് കോടികള്‍ വിലമതിക്കുന്ന സ്ഥലവും വീടും സ്വന്തമാക്കി എന്നും ഒരു വില്ലാ പ്രൊജക്റ്റ് തുടങ്ങിയെന്നുമായിരുന്നു ആരോപണം. സ്വന്തമായി ജോലിയോ ബിസിനസോ ഇല്ലാത്ത ഒരാള്‍ക്ക് എങ്ങനെ ഇത് സാധ്യമായി എന്നും സഹോദരനുമായി പണമിടപാടുണ്ടോ എന്നും കെ ടി ജലീല്‍ ചോദിച്ചു. മേപ്പാടി ദുരിതബാധിതര്‍ക്കായി ഫിറോസ് ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ ലീഗ് വാങ്ങിയ തോട്ടഭൂമിയിലെ പ്രശ്‌നങ്ങളും കെ.ടി ജലീല്‍ ഉന്നയിച്ചു. പി കെ ഫിറോസ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതിയും നല്‍കി. പികെ ഫിറോസിന്റെ ബ്ലൂഫിന്‍ ട്രാവല്‍സിലേയും വില്ലാ പ്രൊജക്ടിലേയും ഇന്‍വെസ്റ്റ്‌മെന്റ്, ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോര്‍ച്യൂണ്‍ ഹൗസ് ജനറല്‍ ട്രേഡിങ് എല്‍എല്‍സി എന്ന കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ആയി ഫിറോസ് പ്രവര്‍ത്തിക്കുന്നു എന്നതിന്റെ രേഖകള്‍, യമ്മി ചിക്കന്‍ ഔട്ട്‌ലെറ്റുകളുടെ നടത്തിപ്പില്‍ ഫിറോസിന്റെ പങ്കാളിത്തം എന്നിവയും തൊട്ടടുത്ത ദിവസങ്ങളില്‍ ജലീല്‍ പുറത്തുവിട്ടു.
കെടി ജലീല്‍ നടത്തിയ ഓരോ വാര്‍ത്താസമ്മേളനങ്ങള്‍ക്കും ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്കും മറുപടിയുമായി ഇതേ രീതിയില്‍ തന്നെ പി കെ ഫിറോസും രംഗത്തെത്തുകയും വെളിപ്പെടുത്തലുകളില്‍ പലതും ഫിറോസ് ശരിവെക്കുകയും ചെയ്തതോടെ ഇരുവരും തമ്മിലുള്ള പോര് സമൂഹമാധ്യമങ്ങളും കടന്ന് പാര്‍ട്ടിയിലും പൊതുസമൂഹത്തിലും ചര്‍ച്ചയായി.
ഫിറോസിനെതിരായി ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ ജലീലിന് പരസ്യ പിന്തുണയില്ലെങ്കിലും സിപിഎം സഹായം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഈ പിന്തുണ കൂടി കൈമുതലാക്കി വ്യാഴാഴ്ച വൈകിട്ട് തിരൂരിലും ഒക്ടോബര്‍ മൂന്നിന് ഫിറോസിന്റെ നാടായ പതിമംഗലത്തും കെ ടി ജലീല്‍ പൊതു പരിപാടികള്‍ ഈ വിഷയത്തില്‍ നടത്തുന്നുമുണ്ട്. ഒപ്പം മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഫിറോസ് ഉയര്‍ത്തിയ ആരോപണം സഭയില്‍ ഉന്നയിക്കാന്‍ ജലീല്‍ ലീഗ് നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ ആ വെല്ലുവിളിപോലും ഇതുവരെ ലീഗ് ഏറ്റെടുത്തുമില്ല.
ഒറ്റയാള്‍ പോരാട്ടവുമായി ഫിറോസ് മുന്നോട്ട്
സഹോദരന്റെ അറസ്റ്റിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ അതിവേഗം മറുപടിയുമായി പികെ ഫിറോസ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. സഹോദരനെ രക്ഷിക്കാന്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും സഹോദരന് ലഭിക്കണമെന്നുമായിരുന്നു ഫിറോസിന്റെ നിലപാട്.
യമ്മി ഫ്രൈഡ് ചിക്കന്‍ ഔട്ട്‌ലെറ്റുകളുടെ പങ്കാളിത്തത്തെ കുറിച്ച് കെ.ടി ജലീല്‍ ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ പാലക്കാട് കൊപ്പത്തേയും, കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഔട്ട്‌ലെറ്റുകളില്‍ തനിക്ക് പങ്കാളിത്തം ഉണ്ടെന്ന് ഫിറോസ് വ്യക്തമാക്കുകയും ചെയ്തു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ തനിക്ക് ജോലിയുണ്ടെന്നും അതില്‍ വരുമാനം പറ്റുന്നുണ്ടെന്നും ഫിറോസ് തുറന്നു പറഞ്ഞു. ദുബായില്‍ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും തനിക്ക് ബിസിനസ് വിസയുണ്ടെന്നും ഫിറോസ് സമ്മതിച്ചു. ഇതിന് പിന്നാലെ മലയാളം സര്‍വ്വകലാശാലയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഫിറോസ് രംഗത്ത് എത്തി. സര്‍വകലാശാലക്കായി ഏറ്റെടുത്ത ഭൂമിയും ഫിറോസ് സന്ദര്‍ശിച്ചു. എന്നാല്‍ മലയാളം സര്‍വകലാശാല വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ കെ ടി ജലീല്‍ പി കെ ഫിറോസിനെയും മുസ്ലിം ലീഗിനെയും വെല്ലുവിളിച്ചു.
വെല്ലുവിളി ലീഗ് ഏറ്റെടുത്തില്ലെന്ന് മാത്രമല്ല സ്വന്തം നിലയ്ക്ക് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതില്‍ പി കെ ഫിറോസിനെതിരെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഒരു വിഭാഗം എതിര്‍പ്പ് ഉന്നയിക്കുകയും ചെയ്തു. ഫിറോസ് - ജലീല്‍ പോരിലും, ഫിറോസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിലും, മലയാളം സര്‍വകലാശാല ഭൂമി ഇടപാടിലെ ജലീലിന്റെ പങ്കിലും എന്തുകൊണ്ട് പാര്‍ട്ടി നിലപാട് വ്യക്തമാക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ലെന്ന് പലകുറി മാധ്യമങ്ങള്‍ ലീഗ് നേതാക്കള്‍ക്ക് മുന്നില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും പലരും ഒഴിഞ്ഞുമാറി. ഫിറോസ് വിഷയം ഫിറോസ് തന്നെ നോക്കിക്കോളും എന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും, പി.കെ.ഫിറോസ് പറയുന്നത് ലീഗിനുവേണ്ടി തന്നെയാണെന്നും വ്യക്തിപരമായ അഭിപ്രായമല്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമും പറഞ്ഞു. ജലീലും ഫിറോസും തമ്മിലുള്ള പ്രശ്‌നം രാജ്യത്തെ ജനങ്ങളെ ഏതെങ്കിലും രീതിയില്‍ ബാധിക്കുന്നതല്ലാത്തതിനാല്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയും നിലപാട് വ്യക്തമാക്കി.
ഫിറോസിന്റേയും ജലീലിന്റേയും അടുത്ത നീക്കം എന്ത്?
താന്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് മുഴുവന്‍ മറുപടി പറയാന്‍ മടിക്കുന്ന പികെ ഫിറോസ് ഇഡിയോടും ആദായനികുതി വകുപ്പുള്‍പ്പടെയുള്ളവരോടും മറുപടി പറയേണ്ടി വരുമെന്ന് ആവര്‍ത്തിക്കുകയാണ് കെ ടി ജലീല്‍.
സിറിയക് ജോസഫിന്റെ ഐസ്‌ക്രീം കേസ് ബന്ധമുള്‍പ്പടെ രണ്ട് പെണ്‍കുട്ടികള്‍ കൊല ചെയ്യപ്പെട്ട സംഭവമടക്കം വരും ദിവസങ്ങളില്‍ പുറത്ത് കൊണ്ടുവരുമെന്നും ജലീല്‍ വ്യക്തമാക്കുന്നു. അതേസമയം ബുധനാഴ്ച തിരൂരില്‍ ജലീല്‍ നടത്താന്‍ പോകുന്ന പൊതുപരിപാടിയെ നേരിടാന്‍ ഫിറോസ് എങ്ങനെ നേരിടുമെന്നതും കാത്തിരുന്ന് കാണാം.
Content Highlights: K.T. Jaleel vs. P.K. Firos: Allegations, Political Backing, and the Muslim League's Silence