സര്‍വീസ് ബുക്ക് തിരുത്തി പെന്‍ഷന്‍ തരപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതി; അപേക്ഷ ന്യായമെന്ന് കെ.ടി. ജലീല്‍

തവനൂര്‍: സര്‍വീസ് ബുക്ക് തിരുത്തി പെന്‍ഷന്‍ തരപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മറുപടിയുമായി കെ.ടി. ജലീല്‍ എംഎല്‍എ. ന്യായമായും ഒരു എയ്ഡഡ് കോളേജ് അധ്യാപകന് ലഭിക്കേണ്ട അവകാശം കിട്ടാനാണ് അപേക്ഷ നല്‍കിയതെന്നും എംഎല്‍എ ആയതുകൊണ്ടുമാത്രം ആ അവകാശം ഒരാള്‍ക്ക് നിഷേധിക്കുന്നത് നീതികേടല്ലേ എന്നും ജലീല്‍ ചോദിക്കുന്നു.
ഭരണസ്വാധീനമുപയോഗിച്ച് അനര്‍ഹമായ പെന്‍ഷന്‍ തരപ്പെടുത്താന്‍ കെ.ടി. ജലീല്‍ എംഎല്‍എ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യു.എ. റസാഖാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ അധ്യാപകനായിരുന്ന ജലീലിന് പെന്‍ഷന്‍ അനുവദിക്കുന്നതിനായി സര്‍വീസ് ബുക്ക് തിരുത്താനുള്ള നടപടികള്‍ ആരംഭിച്ചെന്നാണ് പരാതി.
2021 മേയില്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക കൊടുക്കുന്നതിന്റെ ഒരാഴ്ചമുന്‍പാണ് എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ജോലി രാജിവെക്കണമെന്ന ഹൈക്കോടതി വിധി വന്നത്. എയ്ഡഡ് കോളേജില്‍ അധ്യാപകനായിരുന്ന ജലീലിന് വൊളന്ററി റിട്ടയര്‍മെന്റിന് അപേക്ഷിക്കണമെങ്കില്‍ വ്യവസ്ഥയനുസരിച്ച് മൂന്നുമാസം മുന്‍പ് അപേക്ഷിക്കണമായിരുന്നു. മൂന്നുമാസം മുന്‍പുള്ള തീയതിയിട്ട് സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കാമായിരുന്നെങ്കിലും അതു ചെയ്യാതിരുന്നത് മനഃസാക്ഷി അനുവദിക്കാത്തതു കൊണ്ടായിരുന്നെന്ന് കെ.ടി. ജലീല്‍ പറഞ്ഞു.
പത്രിക സ്വീകരിക്കണമെങ്കില്‍ ജോലി രാജിവെക്കണമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിക്കത്ത് നല്‍കാന്‍ തീരുമാനിച്ചത്. പത്രിക നല്‍കി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ പശ്ചാത്തലത്തിലാണ് തന്റെ രാജി ടെക്നിക്കല്‍ രാജിയായി പരിഗണിക്കണമെന്നും തിരൂരങ്ങാടി കോളേജില്‍ ജോലിചെയ്ത പന്ത്രണ്ടര വര്‍ഷത്തെ സേവനം കണക്കാക്കി പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മാനേജര്‍ക്ക് അപേക്ഷ നല്‍കിയതെന്നും ജലീല്‍ പറഞ്ഞു.
തന്റെ രാജി ടെക്നിക്കല്‍ രാജിയായി പരിഗണിക്കാവുന്നതാണെന്ന കുറിപ്പോടെ അപേക്ഷ മാനേജര്‍ സര്‍ക്കാരിലേക്ക് അയച്ചെന്നും സര്‍ക്കാരിന് അനുകൂല നിയമോപദേശം കിട്ടിയതിനെത്തുടര്‍ന്ന് ഫയല്‍ അനുബന്ധ നടപടികള്‍ക്കായി ഫിനാന്‍സിലേക്കും ഹയര്‍ എജുക്കേഷനിലേക്കും പോയിരിക്കുകയാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlights: KT Jaleel MLA responds to allegations of manipulating service book for pension. He states it`s a rightful claim for an aided college teacher