CPM ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല- അനില്‍കുമാറിന് ജലീലിന്റെ മറുപടി

കെ.ടി. ജലീല്‍, കെ. അനില്‍കുമാര്‍ | മാതൃഭൂമി
കെ.ടി. ജലീല്‍, കെ. അനില്‍കുമാര്‍ | മാതൃഭൂമി

മലപ്പുറം: കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്‌ലിം പെണ്‍കുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് മുന്‍മന്ത്രിയും എം.എല്‍.എ.യുമായ ഡോ. കെ.ടി. ജലീല്‍. വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും. വിദ്യാഭ്യാസമുള്ള, തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്തെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടെ ഭാഗമായാണെന്ന് നേരത്തേ സി.പി.എം. നേതാവ് അഡ്വ. കെ. അനില്‍കുമാര്‍ തിരുവനന്തപുരത്ത് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. നിശാഗാന്ധി ഓഡിറ്റോറിയത്തില്‍ സി. രവിചന്ദ്രന്റെ നേതൃത്വത്തില്‍ യുക്തിവാദ സംഘടനയായ എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ്'23 നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍കുമാറിന്റെ പരാമര്‍ശം. ഇതിനു മറുപടിയായാണ് കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. 

വ്യക്തിയുടെ അബദ്ധം പാര്‍ട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് വിവരക്കേടാണ്. കേരളത്തിലെ 26 ശതമാനം വരുന്ന മുസ്‌ലിം സമൂഹത്തെക്കുറിച്ച് അത്യാവശ്യത്തിനുപോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവര്‍ത്തകര്‍ക്കും സാഹിത്യ-കലാ-സാംസ്‌കാരിക നായകര്‍ക്കും പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കും മത-സാമുദായിക നേതാക്കള്‍ക്കുമില്ല. അത് ഏത് രാഷ്ട്രീയ ചേരിയില്‍പ്പെട്ടവരാണെങ്കിലും ശരി. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പിശകുകള്‍ പലപ്പോഴും സംഭവിക്കുന്നതെന്നും ജലീല്‍ പറഞ്ഞു. 

കുറിപ്പിന്റെ പൂര്‍ണ രൂപം: 

വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തും.
തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പര്‍ദ്ദയിട്ട മുസ്ലിം സഹോദരിയെ വര്‍ഷങ്ങളായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൗണ്‍സിലറാക്കിയ പാര്‍ട്ടിയാണ് സി.പി.ഐ (എം). സ്വതന്ത്രചിന്ത എന്നാല്‍ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ആരും ശ്രമിക്കേണ്ട. ഒരു വ്യക്തിയുടെ അബദ്ധം ഒരു പാര്‍ട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാളപെറ്റു എന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ല. 

ലീഗ് നേതാവ് അബ്ദുറഹിമാന്‍ കല്ലായി മന്ത്രി റിയാസിനെ കുറിച്ച് ആക്രോശിച്ച ജല്‍പ്പനങ്ങള്‍ മുസ്ലിംലീഗിന്റെ നിലാപാടല്ലാത്തത് പോലെ, മന്ത്രി വീണാ ജോര്‍ജിനെതിരെ കെ.എം ഷാജി ഉപയോഗിച്ച സംസ്‌കാരശൂന്യ വാക്കുകള്‍ ലീഗിന്റെ നയമല്ലാത്തത് പോലെ, അഡ്വ: അനില്‍കുമാറിന്റെ അഭിപ്രായം സി.പി.ഐ എമ്മിന്റേതുമല്ലെന്ന് തിരിച്ചറിയാന്‍ വിവേകമുള്ളവര്‍ക്കാവണം.

കേരളത്തിലെ 26% വരുന്ന മുസ്ലിം സമൂഹത്തെ കുറിച്ച് അത്യാവശ്യത്തിന് പോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവര്‍ത്തകര്‍ക്കും സാഹിത്യ-കലാ -സാംസ്‌കാരിക നായകര്‍ക്കും പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കും മത-സാമുദായിക നേതാക്കള്‍ക്കുമില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പിശകുകള്‍ പലപ്പോഴും സംഭവിക്കുന്നത്. അവര്‍ ഏത് രാഷ്ട്രീയ ചേരിയില്‍ പെട്ടവരാണെങ്കിലും ശരി. 
ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്‌നങ്ങളിലും ശരിയായ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും പ്രതികരിക്കരുത്. സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ തന്റെ നിരീക്ഷണങ്ങള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടേതാണെന്ന് വ്യങ്ങൃമായിപ്പോലും സൂചിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. അല്ലെങ്കില്‍ വര്‍ഗ്ഗീയ മനോഭാവമുള്ളവരും രാഷ്ടീയ വൈരികളും അത് വ്യാപകമായി ദുരുപയോഗം ചെയ്യും.

എന്റെ സുഹൃത്തും സി.പി.ഐ (എം) ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായ എ.എം ആരിഫ് എം.പിയുടെ വന്ദ്യ മാതാവ് ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. ഞാന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. തന്റെ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ആരിഫാണ്.  മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കള്‍ ഉള്ള നാടാണ് കേരളം, ബഹുജന പാര്‍ട്ടിയാണ് സി.പി.ഐ (എം). 
അത് മറന്ന് ചില തല്‍പരകക്ഷികള്‍ അഡ്വ: അനില്‍കുമാറിന്റെ വ്യക്തിപരമായ നിരീക്ഷണം സി.പി.ഐ. എമ്മിന്റേതാണെന്ന വരുത്തിത്തീര്‍ത്ത് വിശ്വാസികളായ മുസ്ലിം വിഭാഗത്തിനിടയില്‍ പ്രചരിപ്പിക്കുന്നത് മാന്യതക്ക് ചേര്‍ന്നതല്ല.

ഞങ്ങളുടെ മകള്‍ സുമയ്യ ബീഗം എം.ബി.ബി.എസ് പൂര്‍ത്തിയാക്കി ഡോക്ടറായി. അന്തമാനിലെ പോര്‍ട്ട്ബ്ലയറിലെ കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് അവള്‍ പഠിച്ചത്. നല്ല മാര്‍ക്കോടെ വിജയിച്ചു. ഞാനും ഭാര്യയും സുമയ്യയെ കൂട്ടാനും, 2017 ബാച്ചിന്റെ 'ഫെയര്‍വെല്‍ സെറിമണി'യില്‍ പങ്കെടുക്കാനുമാണ് പോര്‍ട്ട്ബ്ലയറില്‍ എത്തിയത്. ചടങ്ങില്‍ സ്വാഗതം പറഞ്ഞത് സുമയ്യയാണ്. തട്ടമിട്ട അവള്‍ പുരോഗമന ചിന്തയില്‍ ഒട്ടും പിന്നിലല്ല. വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത്.

അനില്‍കുമാറിന്റെ പരാമര്‍ശത്തിനെതിരേ മുസ്‌ലിംലീഗ്, സമസ്ത എ.പി., ഇ.കെ. വിഭാഗം നേതാക്കളും രംഗത്തെത്തി. സി.പി.എമ്മുകാരുടെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്ന സംഭവമാണ് പ്രസംഗമെന്ന് കെ.പി.എ. മജീദ് എം.എല്‍.എ. പറഞ്ഞു. സംഘപരിവാര്‍ സ്‌പോണ്‍സേഡ് നാസ്തിക ദൈവം രവിചന്ദ്രന്‍ സംഘടിപ്പിച്ച വേദിയില്‍ പോയി മലപ്പുറത്തെ കുട്ടികള്‍ തട്ടം ഉപേക്ഷിക്കുകയാണെന്നും അത് സി.പി.എമ്മിന്റെ നേട്ടമാണെന്നും പറയണമെങ്കില്‍ ചെറിയ തൊലിക്കട്ടി പോര. വനിതാ മതിലിനും പ്രകടനത്തിന്റെ മുന്നിലും ശിരോവസ്ത്രമിട്ട പെണ്‍കുട്ടികളെ വേണം. എന്നാല്‍ പുച്ഛത്തിന് മാത്രം ഒരു കുറവുമില്ല. നാസ്തികരും സംഘികളും സി.പി.എമ്മുമൊക്കെ ഒന്നായ സ്ഥിതിക്ക് ഇനിയൊരു ഗ്രൂപ്പ് ഫോട്ടോയുടെ കുറവുകൂടിയുണ്ടെന്നും മജീദ് പരിഹസിച്ചു. 

സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ തലപ്പാവ് അഴിപ്പിക്കാന്‍ സാധിക്കാത്ത കക്ഷിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് എസ്.കെ.എസ്.എസ്.എഫ്. നേതാവ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. വര്‍ത്തമാന സാഹചര്യത്തില്‍ മുസ്‌ലിം സ്ത്രീയുടെ ശിരോവസ്ത്രം വെറുമൊരു മതപ്രമേയമല്ലെന്ന് സമസ്ത എ.പി. വിഭാഗം നേതാവ് മുഹമ്മദലി കിനാലൂരും പ്രതികരിച്ചു. കാമ്പസില്‍ ഹിജാബ് നിരോധിച്ചു എന്ന് ബി.ജെ.പി. നേതാക്കള്‍ പറയുന്നതും ഞങ്ങളുടെ പാര്‍ട്ടി മലപ്പുറത്തെ തട്ടമുക്തമാക്കാന്‍ ശ്രമിച്ചു എന്ന് സി.പി.എം. നേതാവ് പറയുന്നതും ഒരേ താളത്തില്‍ വായിക്കേണ്ടതല്ലെങ്കില്‍പ്പോലും ഇങ്ങനെയൊരു കാലത്ത് ഒച്ചകളില്‍ സാമ്യമുണ്ടാകുന്നതുപോലും വലിയ അപകടം സൃഷ്ടിക്കുമെന്നും മുഹമ്മദലി കിനാലൂര്‍ പറഞ്ഞു. 

സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജിത് മരിക്കുന്നത് വരെ അദ്ദേഹത്തിന്റെ മത ചിഹ്നമായ തലപ്പാവ് ധരിച്ചിരുന്നു. അത് ഒരിക്കൽ പോലും അഴിച്ചു വെപ്പിക്കാൻ സാധിക്കാത്ത കക്ഷിയാണ് കമ്യൂണിസ്റ്റ് പാർടി. ആ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം ഇപ്പോൾ അവകാശപ്പെടുന്നത്, തട്ടം തലയിലിടാൻ തന്നാൽ, അത് വേണ്ട എന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഉണ്ടായത്കൊണ്ടാണെന്ന്. പാർട്ടിക്ക് മുസ്‌ലിംകളെ കുറിച്ചു ഒരു ചുക്കും അറിയില്ലെന്ന് വ്യക്തം. രണ്ട് പതിറ്റാണ്ട് മുമ്പ്, കാമ്പസുകളിൽ തട്ടമിട്ട ഉമ്മച്ചിക്കുട്ടികൾ വിരളമായിരുന്നു. ഇന്നത് നേരെ തിരിച്ചാണ്. അതിന്റെ കാരണം ഒരു പാർട്ടിയുമല്ല. പിന്നെ ഈ നാടിനെ കുറിച്ച് പാർട്ടി ഒന്ന് പഠിക്കണം. മലപ്പുറത്തെ പെണ്ണുങ്ങളെക്കാൾ മുസ്‌ലിം സ്ത്രീകൾ ഹിജാബ് പാലിക്കുന്നത്, പാർട്ടിക്ക് കൂടുതൽ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന കണ്ണൂരും കാസർകോഡുമാണെന്ന് അനുഭവം. തെക്കുള്ളവർ കൂടുതൽ തുറന്നിടുന്നത് കാണാം. ഇതൊന്നും ഒരു പാർട്ടിയുടെയും സ്വാധീനം കാരണമല്ല. അറബ് രാജ്യങ്ങളിൽ പോലും ലിബറൽ-മോഡേണിസ്റ്റ് - ഫെമിനിസ്റ്റ് പാർന്റെമിക് രോഗബാധയേറ്റവർ തട്ടം വലിച്ചെറിയുന്നത് കാണാം. പാർട്ടിക്ക് വേണമെങ്കിൽ അതിന്റെ പിതൃത്വവും ഏറ്റെടുക്കാം രാജസ്ഥാനിലെയും മറ്റും പെണ്ണുങ്ങൾ മത-ജാതി വ്യത്യാസമന്യേ തലയും മുഖവും മറക്കുന്നത് പാർട്ടി അവിടെ ഇല്ലാത്തത് കൊണ്ടാണ് എന്ന് ആരും പറയാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Posted by Sathar panthaloor on Monday, October 2, 2023

Content Highlights: kt jaleel, k anilkumar, hijab issue, malappuram