'അക്ഷരം അറിയില്ലേ?' വിദ്യാർത്ഥികളെ പൊതുവേദിയിൽ അപമാനിച്ച് കെ.ടി. ജലീൽ; ചെവിയിൽ നുള്ളി പരിഹാസം

#ന്യൂസ് ഡെസ്ക്

മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭ സംഘടിപ്പിച്ച വിദ്യാർത്ഥി അനുമോദന ചടങ്ങിൽ പങ്കെടുത്ത കുട്ടികളെ പരസ്യമായി അപമാനിച്ച് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ. നഗരസഭയിലെ 19, 20, 22 വാർഡുകളിലെ വിജയികളെ അനുമോദിക്കുന്ന ചടങ്ങിനിടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. കുട്ടികളോട് 'അക്ഷരം അറിയില്ലേ' എന്ന് ചോദിച്ച മുൻമന്ത്രി, മേൽവിലാസം തെറ്റിച്ചെഴുതിയ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചുവെന്നാണ് റിപ്പോർട്ട്. രവികുമാർ എന്നതിന് പകരം രവികുലാർ എന്നാണ് എഴുതിയിരിക്കുന്നതെന്ന് പറഞ്ഞ് കുട്ടിയെ പരിഹസിക്കുകയും, വേദിയിൽവെച്ച് കുട്ടിയുടെ ചെവിയിൽ നുള്ളുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ഹിന്ദിയിൽ എ-പ്ലസ് ലഭിച്ച കുട്ടികളോട് എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെടുകയും അവരോട് 'സംസം' എന്ന വാക്കിന്റെ അർത്ഥം ചോദിച്ച് മൈക്കിലൂടെ ഉത്തരം പറയാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന് കൃത്യമായ മറുപടി നൽകാതിരുന്ന കുട്ടികളെയും അദ്ദേഹം പരിഹസിച്ചു. ജലീലിന്റെ പ്രവൃത്തിക്കെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി പദം വഹിച്ച ഒരു വ്യക്തിയിൽനിന്ന് ഉണ്ടാകേണ്ട പക്വത കെ.ടി. ജലീലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് വിമർശനം.

കുട്ടികൾക്ക് തെറ്റുകൾ സംഭവിക്കുമ്പോൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നതിന് പകരം, നൂറുകണക്കിന് ആളുകൾക്ക് മുൻപിൽ അവരെ പരിഹസിക്കുന്ന രീതിയിലുള്ള പെരുമാറ്റം കുട്ടികളുടെ മനസ്സിൽ വലിയ ആഘാതമുണ്ടാക്കുമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത ഇത്തരം പ്രവർത്തികൾ മുൻ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് വൻവിവാദത്തിനാണ് വഴിതെളിച്ചിരിക്കുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. കുട്ടികളെ പരസ്യമായി അപമാനിക്കുന്നതും ചെവിയിൽ നുള്ളുന്നതിന്റെയും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Content Highlights: Former Minister KT Jaleel publicly humiliated students during a felicitation program in Mannarkkad., The incident involved mocking a student for a spelling error and physically pulling their ear., Jaleel faced criticism for questioning students about the meaning of specific words on stage.