മുഖ്യമന്ത്രിക്കായി ‘രക്ഷാപ്രവർത്തനം’; സുരക്ഷാ ഉദ്യോഗസ്ഥന്റെ പരാതിയിൽ കേസ്, KSU നേതാവ് ഉൾപ്പെടെ പ്രതി

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിക്കുന്നു | Photo: Screengrab/ Mathrubhumi News
മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിക്കുന്നു | Photo: Screengrab/ Mathrubhumi News

തിരുവനന്തപുരം: കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുന്നെന്ന മുഖ്യന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ പരാതിയിൽ സൈബർ കേസ്. പൊട്ടക്കുഴി സ്വദേശി എസ്. സന്ദീപിന്റെ പരാതിയിലാണ് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ ഉൾപ്പടെയുള്ളവരെ പ്രതികളാക്കി സൈബർ പോലീസ് കേസെടുത്തത്.

നവകേരള യാത്രയ്ക്കിെട മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധമുണ്ടായപ്പോൾ അവർക്കെതിരേ തിരിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളാണ് സന്ദീപ്. ഇദ്ദേഹം ഉൾപ്പെടെയുള്ളവർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചെടിച്ചട്ടിക്കൊണ്ട് നേരിട്ടിരുന്നു. ഇത് ‘രക്ഷാപ്രവർത്തനം’ എന്നായിരുന്നു മുഖ്യമന്ത്രി പിന്നീട് പറഞ്ഞത്.

തിരഞ്ഞെടുപ്പ് പൂർത്തിയായതിനു പിന്നാലെ സന്ദീപിന്റെ ചിത്രവുംവെച്ച് ഒട്ടേറെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ ഭീഷണികൾ ഉയർന്നിരുന്നു. ‘ഇവനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചെടിച്ചട്ടികൊണ്ട് തലയ്ക്കടിച്ച് രക്ഷാപ്രവർത്തനം നടത്തിയ തെമ്മാടി’ എന്ന തരത്തിലും ഭീഷണിയുണ്ടായിരുന്നു. ‘കണക്കുതീർക്കുമെന്നും മുതലും പലിശയും ചേർത്ത് തിരിച്ചുനൽകു’മെന്നും ഭീഷണികളുയർന്നു. ഇതിനെതിരേ പോലീസ് അസോസിയേഷൻ ഉൾപ്പെടെ രംഗത്തുവന്നു. തുടർന്നാണ് സൈബർ പോലീസിന് സന്ദീപ് പരാതി നൽകിയത്.

അരുൺ രാജേന്ദ്രനെക്കൂടാതെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമകളായ ടോം കുര്യാക്കോസ്, യാസർ കെ.പി., സോണി, ശരത് പിള്ള, രാഹുൽ ജോൺ എന്നിവർക്കെതിരേയും കെ.എസ്.യു. കാഞ്ഞിരംകുളം യൂണിറ്റ്, യൂത്ത് കോൺഗ്രസ് ബാറ്റിൽ എന്നീ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ പേരിലുമാണ്‌ സൈബർ പോലീസ് കേസെടുത്തത്.

Content Highlights: Cyber police case filed against KSU state VP Arun Rajendran and others., Complainant is S. Sandeep, a security officer involved in the Navakerala Yatra incident., Threats surfaced on social media following the election period., Police Association supported the complainant against the online threats.