വിരമിച്ചിട്ടും കോടികളുടെ സാമൂഹ്യസേവന പ്രവർത്തനങ്ങളുമായി സർവീസ് പെൻഷനേഴ്‌സ് യൂണിയൻ

#എബി പി. ജോയി
എഐ നിര്‍മിത പ്രതീകാത്മക ചിത്രം
എഐ നിര്‍മിത പ്രതീകാത്മക ചിത്രം

കോഴിക്കോട്: സർവീസിൽനിന്ന് വിരമിച്ചിട്ടും സേവനപ്രവർത്തനങ്ങൾ വിരാമമില്ലാതെ തുടരുകയാണ് പെൻഷൻകാരുടെ ഏക സംഘടനയായ കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ. 318314 അംഗങ്ങളുള്ള സംഘടന 14 വർഷത്തിനിടെ വൈവിധ്യമാർന്ന സന്നദ്ധപരിപാടികളാണ് നടപ്പാക്കിയത്.

പെൻഷൻകാരുടെ അവകാശങ്ങൾക്കായി പൊരുതുന്നതിനൊപ്പം നേത്രദാനം, ദുരിതബാധിതരെ സഹായിക്കൽ, പ്രഥമശുശ്രൂഷാ പരിശീലനം, മാലിന്യ സംസ്‌കരണം, വനവത്കരണം, ജലസംരക്ഷണം, ക്യാൻസർ പ്രതിരോധം, ജീവിതശൈലീരോഗ ബോധവത്കരണം, ആതുരസേവനം തുടങ്ങിയ മേഖലകളിലൊക്കെ സംഘടനയുടെ കരസ്പർശമുണ്ട്.

സംഘടനയുടെ കൊല്ലം ജില്ലാഘടകം വിക്ടോറിയ ആശുപത്രിയിൽ നവജാത ശിശുക്കൾക്കായി ഇന്റൻസീവ് കെയർ യൂണിറ്റും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസിയും ഓട്ടിസം ബാധിച്ച കുട്ടികൾക്കായി പാർക്കും നിർമിച്ച് ജില്ലാ പഞ്ചായത്തിന് കൈമാറി. ലൈഫ് പദ്ധതിയിൽ വീട് ലഭ്യമാകാത്തവർക്ക് മലപ്പുറം വണ്ടൂരിലും കുറ്റിപ്പുറം വളാഞ്ചേരിയിലും താനൂരിലും അരീക്കോട് എടവണ്ണയിലും വീട് നിർമിച്ചുനൽകി.

കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും വാഴൂരിലും ഇടുക്കി കൊക്കയാറിലും വയനാട് ജില്ലയിലും വീടുകൾ നിർമിച്ചുനല്കിയിട്ടുണ്ട്. വയനാട്ടിൽ എട്ടും തിരുവനന്തപുരത്ത് നാലും കണ്ണൂരിൽ ഒന്നും തൃശ്ശൂരിൽ ഏഴും വീടുകൾ മറ്റു സർക്കാർ സാമ്പത്തിക സഹായങ്ങളൊന്നും ലഭിക്കാത്തവർക്കായി സംഘടന സ്വന്തചിലവിൽ നിർമിച്ചു നല്കി. ലഹരി വിരുദ്ധ പ്രചാരണം, സ്‌കൂളുകളിൽ പുസ്തക കോർണറുകൾ തയ്യാറാക്കി നല്കൽ എന്നിവയാണ് സംഘടനയുടെ മറ്റ് സേവന മേഖലകൾ.

വിവിധ ദുരിതാശ്വാസനിധികളിലേക്ക് സംഘടന സംഭാവനകൾ നല്കാറുണ്ട്. കോവിഡ് പ്രതിരോധം-60 ലക്ഷം, മുണ്ടക്കൈ-ചൂരൽമല ദുരന്തം-25 ലക്ഷം, വെള്ളപ്പൊക്ക ദുരിതാശ്വാസം-64.5 ലക്ഷം, മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധി- 21.73 കോടി എന്നിങ്ങനെ സംഭാവനകൾ നല്കി. സംഘടനയുടെ ഫണ്ടിനു പുറമേ അംഗങ്ങളിൽനിന്ന് സമാഹരിക്കുന്ന തുകയും ചേർത്താണ് ഈ സംഭാവനകൾ നല്കുന്നത്.

കൈത്താങ്ങ്-പെൻഷൻകാർ നല്കുന്ന പെൻഷൻ: കോഴിക്കോട്ട് ആരംഭിച്ച് സംസ്ഥാനമാകെ വളർന്ന പെൻഷൻ പദ്ധതിയാണ് 'കൈത്താങ്ങ്. മറ്റുപെൻഷനുകളോ സർക്കാർ ആനുകൂല്യങ്ങളോ ഇല്ലാത്ത സാമ്പത്തികക്ലേശമുള്ളവർക്ക് 1000 രൂപ വീതം പ്രതിമാസം പെൻഷൻ നല്കുന്ന പദ്ധതിയാണിത്. വർഷത്തിൽ രണ്ടുഗഡുവായി ആറായിരം രൂപവീതമാണ് നല്കുന്നത്. കോഴിക്കോട്ടെ 20 ബ്ലോക്ക് കമ്മിറ്റികൾ ആരംഭിച്ച പദ്ധതി സംസ്ഥാനത്തെ മറ്റുജില്ലകളിലെ വിവിധ യൂണിറ്റുകളും വിരമിച്ച ചില വ്യക്തികളും ഏറ്റെടുക്കുകയായിരുന്നു.

Content Highlights: KSSPU has engaged in 14 years of diverse social welfare and volunteer activities., The organization has contributed over 21.73 crores to the Chief Minister's Distress Relief Fund., Implemented the 'Kaithang' project providing monthly financial assistance to those without government pensions., Built numerous houses for the underprivileged across various Kerala districts., Active involvement in healthcare, disaster management, and community development.