സ്വകാര്യ ടൂറിസ്റ്റ് ബസ്സിനെ ‘മാതൃകയാക്കി’ സർക്കാർ ബസ്സും; ആറുവരിപ്പാതയിൽ പുറകോട്ടെടുത്ത് KSRTC | വീഡിയോ

#ന്യൂസ് ഡെസ്ക്
ആറുവരിപ്പാതയിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടകരമായി പുറകോട്ടെടുക്കുന്നു
ആറുവരിപ്പാതയിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടകരമായി പുറകോട്ടെടുക്കുന്നു

കോട്ടയ്ക്കൽ: ഒരാഴ്‌ചമുൻപ് ആറുവരിപ്പാതയിലെ സ്വാഗതമാട്-ചെനയ്ക്കൽ ജങ്ഷനിൽ സ്വകാര്യ ടൂറിസ്റ്റ് ബസ് പുറകോട്ടെടുത്ത അതേസ്ഥലത്ത് യാത്രയ്ക്കിടെ പുറകോട്ടെടുത്ത് കെ.എസ്.ആർ.ടി.സി. ബസും. ഞായറാഴ്‌ച രാവിലെയാണ് തൃശ്ശൂരിൽനിന്ന് കണ്ണൂരിലേക്കു പോകുന്ന കെ.എസ്.ആർ.ടി.സി. ബസ്, അപകടകരമായരീതിയിൽ പിന്നോട്ടെടുത്ത് സ്വാഗതമാട്-ചെനയ്ക്കൽ ഭാഗത്തെ എൻട്രിപോയിന്റിലൂടെ സർവീസ് റോഡിലേക്കു പ്രവേശിച്ചത്.

പിന്നിൽനിന്ന് വാഹനങ്ങൾ വന്നുകൊണ്ടിരിക്കെയാണിത്. എക്‌സിറ്റ് പോയിന്റും അതുകഴിഞ്ഞ് തൊട്ടടുത്തുതന്നെ എൻട്രി പോയിന്റുമുണ്ടിവിടെ. ഇതുരണ്ടും കഴിഞ്ഞ് ആറുവരിപ്പാതയിൽ കുറച്ചു മുന്നോട്ടുപോയ ബസ് നിർത്തി പിന്നോട്ടെടുക്കുകയായിരുന്നു. സർവീസ് റോഡിലേക്കുകയറിയ ബസ് അടുത്ത സ്റ്റോപ്പായ ചങ്കുവെട്ടിയിലേക്കു പോയി.

കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി ഇതേസ്ഥലത്ത് സ്വകാര്യ ടൂറിസ്റ്റ് ബസ് പുറകോട്ടെടുക്കാൻ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ ബസ് പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.

കെ.എസ്.ആർ.ടി.സി. ബസ് പുറകോട്ടെടുത്ത സംഭവത്തിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതായും ഇതേക്കുറിച്ച് അന്വേഷണമാരംഭിച്ചതായും കോട്ടയ്ക്കൽ എസ്.എച്ച്.ഒ. ബിൻഷാദ് അലി പറഞ്ഞു.

Content Highlights: A Thrissur-Kannur KSRTC bus reversed dangerously on the Swagathamad-Chenakkal six-lane highway near Kottakkal to access the service road. Kottakkal police launched an investigation after video footage surfaced.