‘മണിക്കൂറുകളോളം വടി പോലെയിരുന്ന് യാത്ര, ഇങ്ങനെ പറ്റിക്കരുത്’; പ്രീമിയം AC ബുക്ക് ചെയ്തു, എത്തിയത് സിറ്റി ലോ ഫ്ളോർ

പത്തനംതിട്ട: ഇങ്ങനെ പറ്റിക്കാമോ എന്നാണ് യാത്രക്കാരുടെ ചോദ്യം. സംഭവം ഇതാണ്, ഓൺലൈനിൽ ബുക്കുചെയ്യുമ്പോൾ കാണുന്ന വണ്ടിയല്ല സർവീസിനുവരുന്നത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 6.45-ന് പത്തനംതിട്ട വഴി തൊടുപുഴയിലേക്ക് സർവീസ് നടത്തുന്ന എ.സി. പ്രീമിയം സൂപ്പർഫാസ്റ്റ് ബസിനെക്കുറിച്ചാണ് പരാതി. കഴക്കൂട്ടംവഴി പോകുകയും വരുകയും ചെയ്യുന്നതിനാൽ ഐ.ടി. ഹബ്ബിലേക്കുൾപ്പെടെയുള്ള യാത്രക്കാരുള്ള വണ്ടിയാണ്. എല്ലാദിവസവും നിറയെ ആളുണ്ട്.
ഓൺലൈൻ ആപ്പിൽ കാണിക്കുന്നത് എ.സി. പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് എന്നാണ്. തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടവരെ യാത്രക്കാരിൽനിന്ന് ഈടാക്കുന്നത് 230 രൂപ. എന്നാൽ, കുറച്ചുനാളുകളായി ഈ റൂട്ടിൽ ഓടുന്നത് സിറ്റി സർവീസിനായി ഉപയോഗിക്കുന്ന എ.സി. ലോഫ്ലോർ ബസുകളാണ്. വടിപോലെ ഇരുന്ന് യാത്രചെയ്യേണ്ട സീറ്റുകളാണ് ഈ വണ്ടിക്കുള്ളത്. ദീർഘദൂര യാത്രകൾക്ക് ഇതത്ര പറ്റിയതല്ലെന്നാണ് യാത്രക്കാർ പറയുന്നത്.
മാത്രമല്ല, സൈറ്റിൽ നോക്കി ഇഷ്ടസീറ്റ് ബുക്കുചെയ്യുന്നവരുംപെടും. എ.സി. ലോഫ്ളോറിന് സീറ്റ് നമ്പർ രേഖപ്പെടുത്തിയിട്ടില്ല. ഒഴിവുള്ള സീറ്റിൽ ഇരിക്കേണ്ടിവരും. ചിലപ്പോൾ ഏറ്റവും പിന്നിലാകും. സീറ്റ് കിട്ടുമെന്നുമാത്രമേ ഉറപ്പുള്ളൂ. ബസ് സ്ഥിരമായി മാറ്റിയെങ്കിൽ സൈറ്റിൽ അതനുസരിച്ച് മാറ്റംവരുത്തിക്കൂടേയെന്നാണ് യാത്രക്കാരുടെ ചോദ്യം.
ജീവനക്കാർക്ക് ഇക്കാര്യത്തിൽ വലിയ അറിവില്ല. എ.സി. പ്രീമിയം ബസ് പണിയിലാണ്, വണ്ടി ലോഡ് വലിക്കുന്നില്ല എന്നൊക്കെയാണ് അവർ പറയുന്നത്. പത്തനംതിട്ട ഡിപ്പോയിലെ എ.സി. ബസ് കോഴിക്കോട്ട് വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതാണെന്നും പണി കഴിഞ്ഞിട്ടും തിരിച്ചെത്തിക്കുന്നില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു.
രാവിലെ 6.45-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വണ്ടി കഴക്കൂട്ടം, വെഞ്ഞാറമ്മൂട്, വാളകം, പത്തനാപുരം വഴിയാണ് പത്തനംതിട്ടയിലെത്തുന്നത്. മടക്കയാത്രക്കായി വൈകീട്ട് 6.15-ന് പത്തനംതിട്ടയിലെത്തും.
Content Highlights: Passengers traveling between Thiruvananthapuram and Thodupuzha via Pathanamthitta have raised complaints as KSRTC consistently replaces the booked AC Premium Superfast bus with an uncomfortable City Low Floor AC bus without online updates.