വി.ഇ.എച്ച്. വൈദ്യുതിയുടെ യഥാർഥവില 12.5 രൂപ; 7.5 കോടിയുടെ ഇടപാട്, അഞ്ചു കോടിയിൽ താഴെയെന്ന് മുഖ്യമന്ത്രി

#എസ്.എൻ. ജയപ്രകാശ്
മുഖ്യമന്ത്രി വി.ഡി. സതീശൻ | Photo: PTI
മുഖ്യമന്ത്രി വി.ഡി. സതീശൻ | Photo: PTI

തിരുവനന്തപുരം: ടെൻഡറില്ലാതെ വി.ഇ.എച്ച്. ഗ്ലോബൽ കമ്പനിയിൽനിന്ന് ഉയർന്ന വിലയ്ക്ക് കാറ്റാടിവൈദ്യുതി വാങ്ങിയതിന്റെ വിശദാംശങ്ങൾ പുറത്ത്. റെഗുലേറ്ററി കമ്മിഷന് നൽകിയ അപേക്ഷയിൽ യൂണിറ്റിന് 11 രൂപ എന്നാണ് അറിയിച്ചിരുന്നത്. ഇതോടൊപ്പം ട്രാൻസ്മിഷൻ ചാർജുകൂടി ചേർത്ത് യഥാർഥത്തിൽ നൽകേണ്ടിവന്നത് 12.5 രൂപ. കമ്പനിക്ക് ഈ ഇടപാടിൽ കെ.എസ്.ഇ.ബി. നൽകിയത് 7.5 കോടി രൂപയും. അഞ്ചുകോടിയിൽത്താഴെ മാത്രമാണ് ചെലവായതെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.

കരാറിന്റെ വിശദാംശങ്ങൾ കെ.എസ്.ഇ.ബി. കമ്മിഷനെ അറിയിച്ചു. ഇങ്ങനെ വൈദ്യുതി വാങ്ങേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് പുതിയ ചെയർമാൻ അന്വേഷിക്കുന്നതായും കെ.എസ്.ഇ.ബി. വ്യക്തമാക്കി. എൻ. പ്രശാന്താണ് നിലവിലെ ചെയർമാൻ. രാജമാണിക്യം ചെയർമാനായിരുന്നപ്പോഴാണ് സർക്കാർ ഇടപെട്ട് വി.ഇ.എച്ച്. ഗ്ലോബലിൽനിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചത്. താനും മുഖ്യമന്ത്രിയും അറിഞ്ഞാണ് ഈ കരാറിന് അനുമതി നൽകിയതെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞിരുന്നു.

പവർ എക്സ്‌ചേഞ്ചിലെ ഉയർന്ന വിലവിപണിയിൽ പങ്കെടുക്കാൻ കേന്ദ്ര റെഗുലേറ്ററി കമ്മിഷൻ അനുവദിക്കാത്ത കമ്പനിയിൽനിന്നാണ് ടെൻഡറില്ലാതെ കൂടിയ വിലയ്ക്ക് വാങ്ങിയത്. സെപ്റ്റംബർ 27 മുതൽ ഇവിടെനിന്ന് വാങ്ങിയിട്ടുണ്ട്.

വില നിശ്ചയിച്ചതെങ്ങനെയെന്ന ചോദ്യത്തിന് കെ.എസ്.ഇ.ബി.ക്ക്‌ വ്യക്തമായ ഉത്തരമില്ല. 17-ന് വൈദ്യുതി ലഭ്യമാണെന്ന വിവരം കിട്ടി. 19-ന് ഇത് വാങ്ങാൻ സർക്കാരിനോട് അനുമതി തേടി. 22-ന് അനുമതി നൽകി. കമ്പനി ആവശ്യപ്പെട്ട വില നൽകി. മൊത്തം ചെലവിൽ കമ്മിഷന് യുക്തമായത് അനുവദിക്കാമെന്നാണ് കെ.എസ്.ഇ.ബി.യുടെ നിലപാട്.

പരമാവധി 60-65 പൈസയാണ് സാധാരണ കരാറുകളിലെ ട്രാൻസ്മിഷൻ ചാർജ്. ഈ ഇടപാടിൽ ഒന്നരരൂപയോളം. സെപ്റ്റംബർ 10-ന് കെ.എസ്.ഇ.ബി. ഹ്രസ്വകാല കരാറുകൾക്കായി ടെൻഡർ ക്ഷണിച്ചിരുന്നു. അതിൽ ഒക്ടോബറിലേക്ക്‌ രാത്രികാലത്ത് കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡർ ഉണ്ടായിരുന്നില്ല. എന്നാൽ, ആ മാസം 17-ന് ഒക്ടോബറിൽ രാത്രികാലത്തേക്ക്‌ വൈദ്യുതിക്ഷാമമുണ്ടെന്ന് സർക്കാരിനെ അറിയിക്കുകയും ചെയ്തു.

Content Highlights: KSEB purchased wind power from VEH Global at a high rate of Rs 11-12.5 per unit without proper tenders., A total of Rs 7.5 crore was paid to the company for the transaction., The new KSEB Chairman is investigating the circumstances surrounding this power purchase., Government intervention and approval led to the finalization of the deal despite high transmission charges.