‘താങ്കൾ സർക്കാരിന്റെ ഉദ്യോഗസ്ഥനോ, അതോ കരാറുകാരന്റെതോ’; കെ.ആർ.എഫ്.ബി. ഉദ്യോഗസ്ഥനോട് മന്ത്രി

പത്തനംതിട്ട: ടൗൺ സ്ക്വയർ മേൽപ്പാലം (അബാൻ മേൽപ്പാലം) നിർമാണത്തിലെ മെല്ലെപ്പോക്കിൽ കേരള റോഡ് ഫണ്ട് ബോർഡ് എൻജിനീയറെ വിമർശിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. താങ്കൾ സർക്കാരിന്റെ ഉദ്യോഗസ്ഥനോ, അതോ കരാറുകാരന്റെതോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. അബിൻ വർക്കി എം.എൽ.എ.യുടെ സാന്നിധ്യത്തിൽ ചേർന്ന പ്രത്യേക യോഗത്തിലായിരുന്നു മന്ത്രിയുടെ വിമർശനം.
മേൽപ്പാലം പണിയുമായി ബന്ധപ്പെട്ട് നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ, കരാറുകാരൻ ഉൾപ്പടെയുള്ളവരുടെ യോഗം ആറിന് മന്ത്രിയുടെ ചേംബറിൽ വീണ്ടും ചേരും.
നിർമാണക്കരാർ കാലാവധി വീണ്ടും നീട്ടാൻ തീരുമാനമായിട്ടുണ്ട്. ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ കരാറുകാരനോടും ഉദ്യോഗസ്ഥനോടും പാലം പണി പൂർത്തിയാകാൻ എത്രനാൾകൂടി ആവശ്യമുണ്ടെന്ന് ചോദിച്ചശേഷമാകും അന്തിമതീരുമാനം. അനിശ്ചിതമായി നീട്ടിനൽകില്ല.
ഏറ്റവുമൊടുവിൽ ഈ ജൂലായിലാണ് നിർമാണ കരാർ കാലാവധി നീട്ടിനൽകിയത്. സർവീസ് റോഡിനുള്ള സ്ഥലമെടുപ്പ് നീളുന്നതിനാലാണ് കാലാവധി വീണ്ടും നീട്ടുന്നത്. 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിൽ 2022 മാർച്ചിലാണ് പാലംപണി തുടങ്ങിയത്. പിന്നീട് വിവിധ കാലയളവിൽ പിഴയില്ലാതെ അഞ്ചുതവണ കാലാവധി നീട്ടി നൽകി. 611 മീറ്റർ നീളവും 12 മീറ്റർ വീതിയും 20 സ്പാനും ഉള്ള പാലത്തിന്റെ 80 ശതമാനം കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. ഇനി ഇരുവശത്തും സമീപനപാത നിർമിക്കാനുണ്ട്. മുത്തൂറ്റ് ആശുപത്രിയുടെ ഭാഗത്തെ സമീപനപാതയ്ക്ക് സ്ഥലം കിട്ടിയിട്ടില്ല.