വീതംവെപ്പില്ല, പഴയ രീതികള്‍ മാറി: ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ സുധാകരനും സതീശനും

ന്യൂഡൽഹി/തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അതൃപ്തി പരസ്യമാക്കിയ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്ത്. രൂക്ഷ വിമര്‍ശമാണ് ഇരു നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉന്നയിച്ചത്.ചര്‍ച്ച നടന്നുവെന്ന് ചൂണ്ടിക്കാട്ടിയ കെ.സുധാകരനും സതീശനും ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ കാലത്ത് എത്ര ചര്‍ച്ചകള്‍ നടന്നുവെന്നും ചോദിച്ചു. ചര്‍ച്ച നടന്നുവെന്നതിന് തെളിവായി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചവരുടെ പേരുകള്‍ എഴുതിയ ഡയറിയും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി രണ്ട് വട്ടം ചര്‍ച്ച നടത്തിയതാണ്. വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിലയില്‍ ഒരു തലത്തിലും തന്നോട് ചര്‍ച്ച നടത്താതെയായിരുന്നു മുമ്പ് സ്ഥാനാര്‍ഥി പട്ടികയും ഭാരവാഹി പട്ടികയും പുറത്തിറക്കിയിരുന്നതെന്നും സുധാകരന്‍ ആരോപിച്ചു. ഗ്രൂപ്പ് രാഷ്ട്രീയത്തിലൂടെ മാത്രമേ വരാന്‍ പാടുള്ളൂ എന്ന നിഷ്‌കര്‍ഷത മാറ്റിയപ്പോള്‍ അസ്വസ്ഥരായ ആളുകള്‍ക്ക് അങ്ങനെയൊക്കെ പറയാമെന്നും അദ്ദേഹം പറഞ്ഞു. രൂക്ഷമായ പ്രതികരണമാണ് ഇരു നേതാക്കള്‍ക്കെതിരേയും സുധാകരന്‍ നടത്തിയത്.
വിശദമായ ചര്‍ച്ച ചെയ്തില്ലെന്ന വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതില്‍ ഇത്രയും വിശദമായ ചര്‍ച്ച നടത്തിയ കാലം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടാവില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും താനുമുള്‍പ്പെടെ എല്ലാവരും കൂടിയിരുന്നുകൊണ്ടാണ് ചര്‍ച്ചയുടെ ഷെഡ്യൂള്‍ പോലും നിശ്ചയിച്ചതെന്നും സതീശന്‍ വ്യക്തമാക്കി.
'കഴിഞ്ഞ 18 വര്‍ഷമായി നടന്നിരുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു രീതിയാണ് ഇത്തവണ ഉണ്ടായത്. ഞങ്ങള്‍ വരുമ്പോള്‍ സാമ്പ്രദായിക രീതികളില്‍ നിന്ന് മാറ്റം വരുമെന്ന് ഞങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒന്നോ രണ്ടോ പേരോട് അഭിപ്രായം ചോദിച്ചിട്ടോ അല്ലെങ്കില്‍ ഞാനും സുധാകരകനും കൂടി ഒരു മൂലയ്ക്ക് മാറിയിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിച്ച് ഡല്‍ഹിയില്‍ കൊണ്ടുകൊടുത്ത ലിസ്റ്റ് അല്ല അത്. കുറേക്കൂടി താഴേക്ക് ചര്‍ച്ചകള്‍ പോവുകയും ഒരുപാട് പേരോട് അഭിപ്രായം ചോദിക്കുകയും ഇത്തവണ ചെയ്തിട്ടുണ്ട്. ഇത്രയും വേഗത്തില്‍ ഇത്രയും നന്നായി പട്ടിക ഇറക്കിയ കാലമുണ്ടായിട്ടില്ല- സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു ലിസ്റ്റ് ഇറക്കാന്‍ പറ്റില്ല. മുതിര്‍ന്ന നേതാക്കള്‍ തന്നെ പേരുകള്‍ അങ്ങനെ തന്നെ വീതം വെച്ച് കൊടുക്കാനാണെങ്കില്‍ ഞങ്ങള്‍ ഈ സ്ഥാനത്ത് ഇരിക്കേണ്ട കാര്യമില്ലല്ലോ എന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
Content Highlights: