ക്യാപ്റ്റൻ-മേജർ യുദ്ധം വേണ്ടെന്ന് കോൺഗ്രസ്; വിജയത്തിന്റെ ശോഭകെടുത്തും, അൻവറിനായി സുധാകരൻ മാത്രം

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഉടലെടുത്ത ക്യാപ്റ്റൻ-മേജർ തർക്കം ഒഴിവാക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം. രാഷ്ട്രീയകാര്യസമിതിയിൽ സംസാരിച്ചവരെല്ലാം വിജയത്തിന്റെ ശോഭകെടുത്തുംവിധമുള്ള തർക്കങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കെപിസിസി, ഡിസിസി തലങ്ങളിലെ പുനഃസംഘടന എത്രയുംവേഗം പൂർത്തിയാക്കണമെന്നും ആവശ്യമുയർന്നു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള ഊർജം പകരുന്നതാണ് നിലമ്പൂർ ഫലം. ആ അനുകൂല അന്തരീക്ഷം നിലനിർത്തണമെന്നായിരുന്നു പൊതുവികാരം. പി.വി. അൻവറിനെ യുഡിഎഫിൽ എടുക്കണമെന്ന ആവശ്യം കെ. സുധാകരൻ മാത്രമേ ഉന്നയിച്ചുള്ളൂ. അൻവറിന്റെ പിന്തുണയില്ലാതെയാണ് വിജയമെന്ന് റോജി എം. ജോൺ പറഞ്ഞു.
കൂട്ടായ പ്രയത്നമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിജയം ചിലരുടെ മാത്രമാണെന്നരീതിയിൽ മാധ്യമങ്ങൾ ചിത്രീകരിച്ചതിനെതിരേയാണ് താൻ അഭിപ്രായം പറഞ്ഞത്.-അദ്ദേഹം വ്യക്തമാക്കി.
ഒരു ടീം എന്നതിനാണ് താൻ ആദ്യംമുതൽ മുൻതൂക്കംനൽകിയതെന്ന് വി.ഡി. സതീശൻ പറഞ്ഞു. വ്യക്തിയുടെ അധ്വാനം മാത്രമായി തിരഞ്ഞെടുപ്പ് വിജയത്തെ കണ്ടിട്ടില്ലെന്നും സതീശൻ പറഞ്ഞു.
ശശി തരൂരിന്റെ കാര്യത്തിൽ ആശയക്കുഴപ്പം നീട്ടിക്കൊണ്ടുപോകരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തെയും ഒപ്പം നിർത്തിക്കൊണ്ടുപോകാനുള്ള ശ്രമമാണുണ്ടാകേണ്ടത്. നിലമ്പൂരിൽ ജയിച്ചെങ്കിലും വോട്ടിൽ കുറവുവന്നത് കാണാതെപോകരുതെന്ന് ബെന്നി ബഹനാൻ പറഞ്ഞു. എ.പി. അനിൽകുമാർ, കൊടിക്കുന്നിൽ സുരേഷ്, കെ.സി. ജോസഫ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദിഖ്, ജോസഫ് വാഴക്കൻ തുടങ്ങിയവരും സംസാരിച്ചു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണംചെയ്യേണ്ടതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
Content Highlights: KPCC`s political affairs committee discusses Nilambur by-election victory