വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ

#ന്യൂസ് ഡെസ്ക്
കവിത
കവിത

കോഴിക്കോട്: ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തിചെയ്യാനെത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി. കൂത്താളി കേളൻമുക്ക് കുഞ്ഞോത്ത് കൂയോടൻകണ്ടി ബാബുവിന്റെ ഭാര്യ കവിത (42) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. 

അഞ്ചുവർഷംമുൻപാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽനിന്ന് 25 ലക്ഷംരൂപ വീടിന്റെ നിർമാണത്തിനായി ലോണെടുത്തത്. ആദ്യഘട്ടത്തിൽ പണമടച്ചുപോന്ന കുടുംബത്തിന് പിന്നീട് തുക അടയ്ക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായി. തുടർന്ന് ഇത് പെരുകി അഞ്ചുവർഷംകൊണ്ട് 50 ലക്ഷം രൂപയിലെത്തി. പിന്നീട് ബാങ്കുമായുള്ള ചർച്ചയിൽ 15 ലക്ഷം രൂപ കുറച്ച്, തിരിച്ചടയ്ക്കാനുള്ള തുക 35 ലക്ഷമാക്കി നിജപ്പെടുത്തിയിരുന്നു.

ഈ തുകയും കുടുംബത്തിന് അടയ്ക്കാൻ സാധിക്കാതെവന്നതോടെയാണ് കോടതി നടപടികളിലേക്ക് നീങ്ങിയത്. രണ്ടുദിവസംമുൻപ് കോടതിയുടെ അനുമതിയോടുകൂടി വീട് ജപ്തിചെയ്യാനുള്ള നോട്ടീസ് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടുടമയ്ക്ക് നൽകിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ പോലീസും ബാങ്ക് ഉദ്യോഗസ്ഥരും കോടതി ജീവനക്കാരും വീട് ജപ്തി ചെയ്യാനെത്തുമെന്ന സന്ദേശമയച്ചു. പറഞ്ഞതുപ്രകാരം ഉച്ചയ്ക്ക് 12 മണിയോടെ ജപ്തി നടപടികൾക്കായി ബാങ്ക് അധികൃതരും അഡ്വക്കറ്റ് കമ്മിഷനും പോലീസും സ്ഥലത്തെത്തി.

ഉദ്യോഗസ്ഥരെത്തുമ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇതുസംബന്ധിച്ച് സമീപത്തെ ആളുകളോട് അന്വേഷിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുതിയ വീടിനോട് ചേർന്നുള്ള പഴയ തറവാടു വീട്ടിൽ കവിതയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകരയിൽ പെയിന്റ് കടയിലെ ജീവനക്കാരനാണ് ഭർത്താവ്. രണ്ട് മക്കളുണ്ട്. ഇരുവരും വിദ്യാർഥിനികളാണ്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: A 42-year-old woman named Kavita found dead in Perambra, Kozhikode., The incident occurred as officials arrived to execute a court-ordered house foreclosure.