'ഒരു കെട്ടിട നമ്പറില്‍ 327 വോട്ടർമാർ'; കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിൽ വ്യാപക ക്രമക്കേടെന്ന് ലീഗ്

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങളുമായി മുസ്ലീംലീഗ്. മാറാട് ഡിവിഷനിലെ 49/49 എന്ന കെട്ടിട നമ്പറില്‍ 327 വോട്ടര്‍മാര്‍ ഉണ്ടെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം. അനിത എന്ന വ്യക്തിയുടെ പേരില്‍ ഉള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് സിപിഎം സഹകരണ സ്ഥാപനമാണെന്നും മുസ്ലീം ലീഗ് ആരോപിച്ചു.
സംസ്ഥാന വ്യാപകമായി തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടി സിപിഎമ്മിന്റെ നേതൃത്വത്തില്‍ പലതരം നീക്കങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു ഇതിന്റെ ഭാഗമാണ് കോഴിക്കോട് കോര്‍പ്പറേഷനിലെ ക്രമക്കേടെന്നും മുസ്ലീം ലീഗ് ആരോപിക്കുന്നു. വോട്ടര്‍ പട്ടികയിലുള്ളവര്‍ ആ നാട്ടുകാരാണോ പുറത്തുനിന്നുള്ളവരാണോ എന്ന് വ്യക്തമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
എന്നാല്‍ ഇതില്‍ ചിലര്‍ക്ക് ഇരട്ട വോട്ടുകളുമുണ്ട്. സര്‍വീസ് സഹകരണ ബാങ്കിന് വേണ്ടി നല്‍കിയ നമ്പര്‍ ഉപയോഗിച്ചാണ് 327 വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൃത്യമായി ഇടപെടല്‍ ഇതില്‍ നടന്നതെന്നാണ് വ്യകതമാവുന്നത് എന്നും ലീഗ് ആരോപിച്ചു. ഇതിന് സൗകര്യം ചെയ്ത് കൊടുത്ത ഉദ്യോഗസ്ഥരെ പിരിച്ച് വിട്ട് ക്രിമിനല്‍ കേസ് എടുക്കണം എന്നും ലീഗ് ആവശ്യപ്പെട്ടു.
കോഴിക്കോട് കോര്‍പ്പറേഷന്‍ 59 ാം ഡിവിഷനിലെ പട്ടികയില്‍ പാര്‍ട്ട് ഏഴില്‍ റെയില്‍വെ കോളനിയെന്ന പേരില്‍ വിത്യസ്ത ക്രമ നമ്പറുകളിലായി വോട്ട് ഉണ്ട്. വര്‍ഷങ്ങളായി റെയില്‍വേ കോളനിയെന്ന വിലാസത്തില്‍ താമസക്കാരില്ല. തൊട്ടടുത്ത് വീട്ടുകളിലെ വോട്ടര്‍മാര്‍ ഒരുമിച്ച് വരുന്നതിന് പകരം കിലോമീറ്ററുകള്‍ അപ്പുറത്തുള്ള വോട്ടുകളാണ് ക്രമ നമ്പര്‍ പ്രകാരം വരുന്നത്. അതു കൊണ്ട് തന്നെ വോട്ടര്‍ പട്ടിക ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി പഠിക്കാന്‍ സാധിക്കുന്നില്ലെന്നും ലീഗ് ആരോപിച്ചു.
Content Highlights: Muslim League claims 327 voters registered at a single address in Kozhikode Corporation