വൃത്തിഹീനമായി എണ്ണക്കടി നിർമാണം: കോഴിക്കോട് നഗരത്തിൽ കടികൾ വിതരണം ചെയ്തിരുന്ന സ്ഥാപനത്തിന് ഒരുലക്ഷംരൂപ പിഴ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: വൃത്തിഹീനമായ സാഹചര്യത്തിൽ എണ്ണക്കടികൾ നിർമിച്ച് നഗരത്തിലും പരിസരങ്ങളിലും എത്തിച്ചിരുന്ന സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ. പാളയം സി.പി. ബസാറിൽ പ്രവർത്തിക്കുന്ന അഖിൽ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനാണ് കോഴിക്കോട് ആർ.ഡി.ഒ. പിഴചുമത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ നടത്തിയ പരിശോധനയെ തുടർന്ന് സ്ഥാപനം പൂട്ടിയിരുന്നു. തുടർന്ന് കോഴിക്കോട് സൗത്ത് സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ ജിതിൻ രാജാണ് കേസ് ഫയൽ ചെയ്തത്. അതിലാണ് ഇപ്പോൾ നടപടി.

നഗരത്തിലെ ഹോട്ടലുകൾ, ബേക്കറികൾ, കൂൾ ബാറുകൾ എന്നിവിടങ്ങളിൽ എണ്ണക്കടികൾ വിതരണംചെയ്തിരുന്നു. ഏകദേശം 15-ഓളം ജീവനക്കാർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉൾഭാഗം പ്രവർത്തനയോഗ്യമല്ലാത്ത വിധം മലിനമായിരുന്നു. ഇപ്പോഴും സ്ഥാപനം അടച്ചിട്ടിരിക്കുകയാണെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ബിബി മാത്യു പറഞ്ഞു.

എണ്ണക്കടികൾ നിർമിക്കുന്ന സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷ പ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചു മാത്രമേ പ്രവർത്തിക്കാവൂ. കഴിഞ്ഞദിവസങ്ങളിൽ ഓപ്പറേഷൻ തെളിമ എന്ന പേരിൽ ജില്ലയിലെ 201 സ്ഥാപനങ്ങളിൽ പരിശോധനനടത്തിയ ഭക്ഷ്യസുരക്ഷാവകുപ്പ് ഉപയോഗശൂന്യമായ 238 ലിറ്റർ എണ്ണ പിടികൂടി നശിപ്പിച്ചിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതി?േര നടപടിയെടുക്കുമെന്ന് ബിബി മാത്യു അറിയിച്ചു.

Content Highlights: Akhil Traders in Palayam CP Bazaar fined Rs 1 lakh by Kozhikode RDO., Unit supplied unhygienic snacks to hotels, bakeries, and cool bars., Food safety officials raided the premises following violations found in February., Over 200 establishments inspected under 'Operation Thelima' with 238 litres of bad oil seized.