കൊല ആസൂത്രിതം, സൂരജ് പ്രധാന ടാർഗറ്റ്; അച്ഛനും 2 മക്കളും ഉൾപ്പെടെ 10 പ്രതികൾ മണിക്കൂറുകൾക്കകം പിടിയിൽ

#കെ.പി. ഷൗക്കത്തലി
കൊല്ലപ്പെട്ട സൂരജ്. പ്രതികളായ മനോജ്കുമാര്‍, അജയ് മനോജ്, വിജയ് മനോജ്, അനന്ദു കൃഷ്ണ, അശ്വിന്‍ ശങ്കര്‍, യദുകൃഷ്ണ, പി.കെ. അഭിഷാന്ത്, അഭിജയ് കൃഷ്ണ, നിഹല്‍
കൊല്ലപ്പെട്ട സൂരജ്. പ്രതികളായ മനോജ്കുമാര്‍, അജയ് മനോജ്, വിജയ് മനോജ്, അനന്ദു കൃഷ്ണ, അശ്വിന്‍ ശങ്കര്‍, യദുകൃഷ്ണ, പി.കെ. അഭിഷാന്ത്, അഭിജയ് കൃഷ്ണ, നിഹല്‍

കോഴിക്കോട്: കോളേജില്‍വെച്ച് പരസ്പരം പറഞ്ഞുതീര്‍ക്കാവുന്ന നിസ്സാരകാര്യമാണ് പകയായി മാറി സൂരജ് എന്ന യുവാവിന്റെ ജീവനെടുത്തത്. അതിക്രൂരമര്‍ദനമാണ് സൂരജ് നേരിട്ടത്. പ്രതികളുടെ വീടിനും വാഹനത്തിനും നേരെ പിന്നീട് ആക്രമണമുണ്ടായി. 

'ആദ്യം അവരെത്തിയപ്പോള്‍ നാട്ടില്‍ ഒരു ഉത്സവം നടക്കുകയല്ലേയെന്ന് കരുതി ഞങ്ങള്‍ ഒത്തുതീര്‍പ്പാക്കി പറഞ്ഞുവിട്ടതാണ്. ഓരോരുത്തരും ഓരോവഴിക്ക് പോയപ്പോഴാണ് അവര്‍ കൊലവിളിതുടങ്ങിയതും സൂരജിനെ കൂട്ടിക്കൊണ്ടുപോയി ഗോഡൗണിന്റെ ഗേറ്റ് അടച്ചിട്ട് മര്‍ദിക്കുന്നതും. പ്രശ്‌നംകേട്ട് അവന്റെ ഫോണിലേക്ക് വിളിച്ചുനോക്കിയപ്പോള്‍ ചവിട്ടുകയും കുത്തുകയും ചെയ്യുന്ന ശബ്ദമാണ് കേള്‍ക്കുന്നത്. എത്തിയപ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു. സൂരജിനെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികളെത്തിയത്', ആള്‍ക്കൂട്ടമര്‍ദനത്തില്‍ മരിച്ച സൂരജിന്റെ സുഹൃത്തും നാട്ടുകാരനുമായ പാലക്കോട്ട്വയലിലെ പ്രത്യുഷ് പറയുന്നു.

ശനിയാഴ്ച രാത്രി പത്തരയോടെയാണ് ആദ്യത്തെ പ്രശ്‌നമുണ്ടായത്. ഉത്സവം നടക്കുന്നതിനിടെ അശ്വന്തും സുഹൃത്തും നടന്നുപോവുമ്പോള്‍ 'നിനക്ക് എന്നോടെന്തെങ്കിലും പ്രശ്‌നമുണ്ടോ' എന്ന് വിജയ് മനോജ് ചോദിച്ചു. അങ്ങനെയാണ് പ്രശ്‌നം തുടങ്ങിയത്. അത് അവിടെ തീര്‍ന്നതാണ്. കുറച്ചുകഴിഞ്ഞ് സൂരജിനെ വിജയ് വിളിക്കുന്നു, മൂഴിക്കലിലേക്കോ, പത്താം മൈലിലേക്കോ വരൂ. നമുക്ക് തല്ലാം. പക്ഷേ, അവരുടെ പ്രകോപനത്തിനൊന്നും സൂരജ് നിന്നുകൊടുത്തില്ല. പിന്നെ എല്ലാവരും പലവഴിക്ക് പോയി. പിന്നെ അറിയുന്നത് രാത്രി സൂരജിനെ വിളിച്ചുവരുത്തി തല്ലിയെന്നാണ്. അപ്പോഴാണ് അവന്റെ ഫോണിലേക്ക് വിളിച്ചുനോക്കിയത്. ഞങ്ങള്‍ എത്തുമ്പോള്‍ ക്രൂരമായ മര്‍ദനമേറ്റ് അവശനായിരിക്കുകയായിരുന്നു. 

അവിടെയുണ്ടായിരുന്ന ഒരു വീടിന്റെ കോലായയില്‍ അവനെ കൊണ്ടിരുത്തി. ഇത്രയൊക്കെ ക്രൂരമായി മര്‍ദിച്ചിട്ടും വിജയിന്റെ അച്ഛന്‍ മനോജ് പറഞ്ഞത് നമുക്ക് ഇനി തല്ലിത്തീര്‍ക്കാം, ഞങ്ങള്‍ റെഡിയാണെന്നാണ്. സൂരജിന് കൊടുക്കേണ്ടതൊക്കെ കൊടുത്തിട്ടുണ്ടെന്നായിരുന്നു വിജയിന്റെ അടുത്ത കമന്റ്. ആദ്യം കാണുമ്പോള്‍ നാലുപേരേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് പലയിടത്തുനിന്നും ആളുകളെ വിളിച്ചുകൂട്ടി 18 പേരുമായാണ് അവരെത്തിയത്. അത്രയുംപേര്‍ സൂരജിനെ ക്രൂരമായി മര്‍ദിച്ചു. നിലത്തിട്ട് ചവിട്ടുകയും ചവിട്ടിവീഴ്ത്തുകയും ചെയ്തു.

മര്‍ദനമേറ്റ് അല്പംകഴിഞ്ഞപ്പോള്‍ ശ്വാസംമുട്ടുന്നുണ്ടെന്ന് സൂരജ് ഞങ്ങളോട് പറഞ്ഞു. പിന്നെ കൈകാലുകളൊക്കെ തളരാന്‍തുടങ്ങി. അങ്ങനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തുമ്പോള്‍ ആകെ മരവിച്ചുകിടക്കുന്ന അവസ്ഥയിലായിരുന്നു. അവിടെയെത്തി ഒപി ടിക്കറ്റ് എടുക്കാന്‍പോയപ്പോഴാണ് ഡോക്ടര്‍ വന്ന് പറയുന്നത്. വേണ്ടാ, ഒപി ടിക്കറ്റ് എടുക്കേണ്ടെന്ന്. അപ്പോഴാണ് ഞങ്ങള്‍ അറിയുന്നത് സൂരജ് ഇനിയില്ലെന്ന്.

കൊല ആസൂത്രിതം, സൂരജ് പ്രധാന ടാര്‍ജറ്റ് 

സൂരജിന്റെ സുഹൃത്ത് അശ്വന്ത് പഠിക്കുന്ന കോളേജില്‍വെച്ച് കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തുടക്കം. അശ്വന്തും സുഹൃത്തും കോളേജില്‍ കാര്‍ കയറ്റിയത് വിജയ് മനോജ് ചോദ്യംചെയ്തു. കുറേനാളുകള്‍ക്കുമുന്‍പാണ് ഈ സംഭവമെങ്കിലും പിന്നീടത് പകയായി മാറുകയായിരുന്നുവെന്ന് സിറ്റി പോലീസ് അസി. കമ്മിഷണര്‍ എ. ഉമേഷ് പറയുന്നു. 

ഫോണില്‍ പോര്‍വിളികളുണ്ടായി. അങ്ങനെ തര്‍ക്കം രൂക്ഷമായി. പിന്നീട് ഇത് ബന്ധുക്കള്‍ ഏറ്റെടുക്കുന്ന അവസ്ഥയിലേക്ക് മാറിയെന്ന് ഉമേഷ് പറയുന്നു. ആളെ വകവരുത്തുകയെന്ന രീതിയില്‍ത്തന്നെയാണ് അവര്‍ വന്നതെന്ന് അസി. കമ്മിഷണര്‍ പറയുന്നു. ആസൂത്രണം നടത്തി ആളുകളെ വിളിച്ചുകൊണ്ടുവന്നതാണ്. സൂരജിന്റെ ബന്ധുവായ അശ്വന്തുമായാണ് ആദ്യം തര്‍ക്കമുണ്ടായതെങ്കിലും പിന്നീട് സൂരജ് പ്രതികളുടെ ടാര്‍ജറ്റായി മാറുകയായിരുന്നു. കൊല്ലപ്പെട്ടയാളും പ്രതികളും പരസ്പരം അറിയുന്നവരാണെന്നും അസി. കമ്മിഷണര്‍ പറഞ്ഞു.

മണിക്കൂറുകള്‍ക്കകം പ്രതികള്‍ പിടിയില്‍

ഉത്സവാഘോഷത്തിമര്‍പ്പിലായിരുന്ന പാലക്കോട്ടുവയല്‍ ശനിയാഴ്ച രാത്രി നാടിനെ നടുക്കിയ ദുരന്തവാര്‍ത്തയുടെ ഞെട്ടലില്‍ അമര്‍ന്നു. സംഭവംകേട്ട് കുറെ ആളുകള്‍ ഓടിയെത്തി. പലരും നേരംപുലര്‍ന്നപ്പോഴാണ് മരണവാര്‍ത്തയും സംഘര്‍ഷവുമെല്ലാം അറിയുന്നത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ 10 പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം കസ്റ്റഡിയിലെടുത്തത് പ്രധാനികളായ മനോജ് കുമാറിനെയും മക്കളായ അജയ് മനോജിനെയും വിജയ് മനോജിനെയുമാണ്. പിന്നീട് ദൃക്‌സാസാക്ഷികളുടെ മൊഴികള്‍ പരിശോധിച്ച് ബാക്കിയുള്ളവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

പ്രതികളില്‍ അഞ്ചുപേര്‍ പാലക്കോട്ടുവയലിലും പരിസരങ്ങളിലുമുള്ളവരും പ്രധാനപ്രതികളുടെ സുഹൃത്തുക്കളുമാണ്. ബാക്കി നാലുപേര്‍ വിജയ് മനോജിന്റെ കോളേജിലെ വിദ്യാര്‍ഥികളാണെന്ന് പോലീസ് പറഞ്ഞു. നരിക്കുനി, കുന്ദമംഗലം ഭാഗങ്ങളിലുള്ളവരാണ് ഇവര്‍. പ്രതികളുടെപേരില്‍ കൊലപാതകം അന്യായമായി സംഘംചേരല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി. 21 വയസ്സും അതിനുതാഴെയുമുള്ള എട്ടു പ്രതികളെ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളിലേക്കുമാറ്റി. മനോജ്കുമാറിനെ കോഴിക്കോട് ജില്ലാ ജയിലിലേക്കുംമാറ്റി. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെയാണ് ഹാജരാക്കിയത്.

ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് കമ്മിഷണര്‍ ഉമേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരുകയാണ്. ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ നിവിന്‍ കെ. ദിവാകരന്‍, മിജോ, റഷീദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആദില്‍, ഷഹീര്‍, ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.

മകന് നേരത്തേ ഭീഷണിയുണ്ടായിരുന്നു

സൂരജിന് നേരത്തേയും ഭീഷണിയുണ്ടായിരുന്നതായി അച്ഛന്‍ േബാബി പറഞ്ഞു. ഭീഷണിയെപ്പറ്റി വീട്ടില്‍വന്ന് പറഞ്ഞിട്ടുണ്ട്. പിടിയിലായവരെ തനിക്ക് പരിചയമില്ല. അക്രമം നടക്കുമ്പോള്‍ വീട്ടിലായിരുന്നു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ അന്വേഷണം നടക്കണം. ആര്‍ക്കും ഈ ഗതി വരരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

Content Highlights: kozhikode sooraj murder case 10 culprits including father and two sons arrested by kerala police