കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നെറ്റ്‌വര്‍ക്ക് തകരാര്‍; ടിക്കറ്റ് വിതരണം തടസ്സപ്പെട്ടു

#ന്യൂസ് ഡെസ്‌ക്
ഇന്റർനെറ്റ് സംവിധാനത്തിലെ തകരാറുമൂലം ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ പണിമുടക്കിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റെടുക്കാൻ നിൽക്കുന്നവരുടെ തിരക്ക്
ഇന്റർനെറ്റ് സംവിധാനത്തിലെ തകരാറുമൂലം ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ പണിമുടക്കിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റെടുക്കാൻ നിൽക്കുന്നവരുടെ തിരക്ക്

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇന്റര്‍നെറ്റ് സംവിധാനത്തിലെ തകരാറുമൂലം റെയില്‍വേ ടിക്കറ്റിങ് സംവിധാനം തിങ്കളാഴ്ച രാവിലെ ഒരുമണിക്കൂറോളം തകരാറിലായി. ഇതുമൂലം യാത്രക്കാര്‍ക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ കഴിഞ്ഞില്ല. രാവിലെ 9.30-ഓടെയാണ് തകരാറുണ്ടായത്. കൗണ്ടറില്‍ സാധാരണ ടിക്കറ്റുകള്‍പോലും നല്‍കാനായില്ല.

ടിക്കറ്റിനായി തുക ഗൂഗിള്‍ പേ ചെയ്യാനും കഴിയുന്നുണ്ടായിരുന്നില്ല. നെറ്റ്വര്‍ക്ക് കിട്ടുന്നില്ലെന്ന് ടിക്കറ്റ് കൗണ്ടറിലുള്ളവര്‍ വിശദീകരിച്ചെങ്കിലും ടിക്കറ്റ് എടുക്കാനെത്തിയവര്‍ അവരോട് കയര്‍ത്തു.

ചെറിയ തോതില്‍ ബഹളവുമുണ്ടായി. സംവിധാനം സാധാരണമട്ടിലാവുംവരെ ആളുകള്‍ ബുദ്ധിമുട്ടി. തത്കാല്‍ ടിക്കറ്റിന് ടോക്കണ്‍ എടുത്തവരാണ് ഏറ്റവും വിഷമിച്ചത്. ഇവര്‍ക്ക് ഏറെനേരം കാത്തുനില്‍ക്കേണ്ടിവന്നു.

ഓണ്‍ലൈന്‍ ബുക്കിങ്ങും തടസ്സപ്പെട്ടു. രാവിലെ തിരക്കുള്ള സമയത്താണ് പ്രശ്‌നമുണ്ടായതെന്നത് യാത്രക്കാരുടെ ക്ലേശം വര്‍ധിപ്പിച്ചു. തത്കാല്‍ ലക്ഷ്യമാക്കിയ പലര്‍ക്കും ഉദ്ദേശിച്ച വണ്ടിക്ക് ടിക്കറ്റെടുക്കാന്‍ കഴിഞ്ഞില്ല. യുപിഎസ് ബാറ്ററി ഡൗണ്‍ ആയതാണ് പ്രശ്‌നത്തിനു കാരണമായതെന്ന് അധികൃതര്‍ പിന്നീട് വ്യക്തമാക്കി.

Content Highlights: Internet outage at Kozhikode Railway Station caused ticketing system failure for an hour, leaving passengers unable to book tickets. Read details on the disruption and passenger inconvenience.