കാർ ലോറിയിലിടിച്ച് അപകടം; കോഴിക്കോട് നാലു യുവാക്കൾക്ക് ദാരുണാന്ത്യം

#ന്യൂസ് ഡെസ്ക്
ദിനിൽ, കെ. അജീഷ്, ശ്യാംലാൽ,  വിമൽകുമാർ
ദിനിൽ, കെ. അജീഷ്, ശ്യാംലാൽ, വിമൽകുമാർ

ഫറോക്ക് (കോഴിക്കോട്): പഴയ ദേശീയപാതയിൽ നല്ലളം ഡീസൽപ്ലാന്റിനു സമീപം കാർ ലോറിയിലിടിച്ച് നാലു യുവാക്കൾക്ക് ദാരുണാന്ത്യം. രാമനാട്ടുകര പരിയാപുരത്ത് ശ്രീദിൻ വീട്ടിൽ ദിനിൽ (31), അയൽവാസികളായ ഫാറൂഖ് കോളേജ് കളിപ്പറമ്പിൽ അമ്പാടി വീട്ടിൽ അജീഷ് (35), ഫാറൂഖ് കോളേജ് കളിപ്പറമ്പിൽ കെ.പി. വിമൽകുമാർ (36), കളിപ്പറമ്പിൽ ശ്യാംനിവാസിൽ ശ്യാംലാൽ (33) എന്നിവരാണ് മരിച്ചത്.

പന്തീരാങ്കാവ് കൊടൽ നടക്കാവ് സ്വദേശി ദിജിൽ ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച പുലർച്ചെ 3.25-നായിരുന്നു അപകടം .

തിരൂരിൽനിന്ന് കണ്ണൂരിലേക്ക് ചെങ്കല്ല് ലോഡെടുക്കാൻ വരുകയായിരുന്ന ലോറിയും രാമനാട്ടുകര ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ലോറിയുടെ മുൻഭാഗവും ഭാഗികമായി തകർന്നിട്ടുണ്ട്. മോഡേൺ ബസാർ കഴിഞ്ഞയുടൻ വരുന്ന കൊടുംവളവിന് തൊട്ടുമുൻപാണ് സംഭവം നടന്നത്. അപകടമേഖലയായി കണക്കാക്കുന്ന പ്രദേശമാണ് ഇതെന്ന് പോലീസ് പറഞ്ഞു.

ഫാറൂഖ് കോളേജിനുസമീപം കോട്ടശ്ശാലി ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തശേഷം ഭക്ഷണം കഴിക്കാൻ രണ്ടുകാറുകളിലായി കോഴിക്കോട്ട് പോയി തിരികെവരുന്നതിനിടയിലാണ് കാർ യാത്രികരായ യുവാക്കൾ അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

അഗ്നിരക്ഷാസേനാംഗങ്ങൾ ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. തുടർന്ന് മറ്റൊരു കാറിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.

സ്ഥിരം അപകടമേഖലയായ റോഡിൽ ഡിവൈഡറോ, അപകടമുന്നറിയിപ്പു ബോർഡുകളോ സ്ഥാപിച്ചിട്ടില്ല.

യുഎൽ സൈബർപാർക്കിൽ പ്രവർത്തിക്കുന്ന ടാറ്റാ എലക്സിയിൽ സ്പെഷലിസ്റ്റ് സോഫ്റ്റ്‌വേർ എൻജിനിയറാണ് മരിച്ച ശ്യാംലാൽ. ഭാര്യ: സ്വാതി. അച്ഛൻ: പ്രഭു പാറപ്പുറവൻ. അമ്മ: വസന്ത. സഹോദരങ്ങൾ: പ്രസുലാൽ (യുകെ), വർഷ (അധ്യാപിക).

പന്തീരാങ്കാവിൽ സിഡ്കോയ്ക്ക് കീഴിലുള്ള ടൂൾ റൂം കം ട്രെയിനിങ് സെന്ററിൽ സി.എൻ.സി. ഓപ്പറേറ്ററാണ് മരിച്ച ദിനിൽ പരിയാപുരത്ത്. ഡി.വൈ.എഫ്.ഐ പൊറ്റപ്പടി യൂണിറ്റ് സെക്രട്ടറിയും മേഖലാ അംഗവുമാണ്. അച്ഛൻ: പരിയാപുരത്ത് ദിവാകരൻ (റിട്ട. നഴ്സിങ് അസി, ആരോഗ്യവകുപ്പ്). അമ്മ: വിനോദകുമാരി. സഹോദരങ്ങൾ: ദിവിൻ, ദിവ്യ.

ഫാബ്രിക്കേഷൻ ജോലിക്കാരനാണ് മരിച്ച അജീഷ്. അച്ഛൻ: പരേതനായ കെ. ഗോപി. അമ്മ: കമല. സഹോദരങ്ങൾ: ലിനീഷ്, രാജേഷ്.

പരേതനായ നാരായണനാണ്‌ മരിച്ച കെ.പി. വിമൽ കുമാറിന്റെ അച്ഛൻ. അമ്മ: എം. തങ്ക. സഹോദരങ്ങൾ: വിനയകുമാർ, വിനോദ്കുമാർ (അധ്യാപകൻ, പെരിന്തൽമണ്ണ കാപ്പ് ഗവ. ഹൈസ്കൂൾ), വിജേഷ് (ദുബായ്).

Content Highlights: Four youths were killed in a car-lorry collision in Nallalam, Kozhikode., The accident occurred early Saturday morning in a known accident-prone zone., Victims were identified as Dinil (31), Ajeesh (35), Vimal Kumar (36), and Shyam Lal (33)., One survivor, Dijil, is undergoing treatment for serious injuries