മന്ത്രിയുടെ വാക്ക് നടപ്പായില്ല; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും രോഗികൾ നിലത്ത്

കോഴിക്കോട്: രോഗികളെ ആശുപത്രികളിൽ നിലത്തുകിടത്തില്ലെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വാക്ക് വീണ്ടും വെറുംവാക്കായി. പനി ഉൾപ്പെടെയുള്ള അസുഖങ്ങളുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലത്തുകിടക്കുന്ന രോഗികളുടെ എണ്ണവും കൂടി. മൂന്ന്, അഞ്ച്, ഒൻപത് വാർഡുകളുടെ പുറത്തുള്ള വരാന്തകളിലാണ് രോഗികളെ കിടത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജിലുള്ള സൗകര്യങ്ങളിൽ ഉൾക്കൊള്ളാവുന്നതിലുമധികം രോഗികളാണ് പനി പടരാൻ തുടങ്ങിയതോടെ എത്തുന്നത്.
പനിക്ക് പുറമേ ഡെങ്കി, മഞ്ഞപ്പിത്തം, എലിപ്പനി, എച്ച് 1 എൻ 1 എന്നീ രോഗങ്ങളുമായും ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നുണ്ട്. ഇൻഫ്‌ളുവൻസയും ന്യൂമോണിയയും റിപ്പോർട്ട് ചെയ്യുന്നതും കൂടിവരുകയാണ്. ഇതിനുപുറമെ ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുമായി, കോവിഡിന് സമാനമായ ലക്ഷണങ്ങളോടെയുള്ള പനിയുമായും ഒട്ടേറെപ്പേരെ അഡ്മിറ്റ് ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
ഇതിൽ ഗുരുതരാവസ്ഥയിൽ ഐ.സി.യു.വിലും മറ്റും പ്രവേശിപ്പിക്കുന്നവർക്കുമാത്രമാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. ഇപ്പോൾ വരുന്ന പല പനികളും മുൻപ് കോവിഡ് വന്നപ്പോഴും മറ്റും ഉണ്ടായപോലെ, പ്രായമായവരെയും മറ്റ് അസുഖങ്ങൾ ഉള്ളവരെയും ഗുരുതരമായി ബാധിക്കുന്നതായും കാണപ്പെടുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഹൃദയത്തിനുംമറ്റും നേരത്തേ തകരാറുള്ളവരിൽ പനിവരുന്നതോടെ ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന സ്ഥിതിയാണ്.
ഇങ്ങനെ ഗുരുതരപ്രശ്‌നങ്ങളുള്ള രോഗികളെ മാത്രമാണ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുന്നത്. എന്നിട്ടും എല്ലാ വാർഡുകളും നിറഞ്ഞസ്ഥിതിയാണ്. പഴയ അത്യാഹിതവിഭാഗത്തിലും ഒഴിവുള്ള മറ്റ് യൂണിറ്റുകളുടെ വാർഡുകളിലുമെല്ലാം പ്രവേശിപ്പിച്ചാണ് ഒരുവിധം എല്ലാരോഗികൾക്കും ബെഡ് ഉറപ്പാക്കിവരുന്നത്. എന്നാൽ, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് കൂടുതൽ രോഗികൾ എത്തുന്നതോടെ കുറേപ്പേരെയെങ്കിലും ഇപ്പോഴും നിലത്തുകിടത്തേണ്ടിവരുകയാണെന്ന് അധികൃതർ പറയുന്നു.
കൂടുതൽ ഗുരുതരമായ പ്രശ്‌നങ്ങളുള്ള രോഗികൾ എത്തുമ്പോൾ താരതമ്യേന പ്രശ്‌നം കുറവുള്ളവരെ നിലത്തേക്കുമാറ്റിയും മറ്റുമാണ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്. രോഗം കുറഞ്ഞവരെ തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കോ, ബീച്ച് ആശുപത്രിയിലേക്കോ മാറ്റിയും തിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. തിങ്കളാഴ്ചമാത്രം 245 പേരെ മെഡിക്കൽ കോളേജിൽ കിടത്തിച്ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്നാണ് കണക്ക്. ഈ മാസം ശരാശരി 260 പേരെയാണ് ഒരുദിവസം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്.
ഒന്നരമാസത്തിനിടെ പനിബാധിച്ചത് 46,510 പേർക്ക്
ഒന്നരമാസത്തിനിടെ ജില്ലയിൽ പനിബാധിച്ച് ചികിത്സതേടിയത് 46,510 പേർ. ഓഗസ്റ്റ് 17 വരെമാത്രം 16,302 പേർക്കും ജൂലായിൽ 30,208 പേർക്കും പനി ബാധിച്ചു. ഇതിൽ 284 പേർക്ക് കിടത്തിച്ചികിത്സ വേണ്ടിവന്നു.
എലിപ്പനി ബാധിച്ചാണ് ജില്ലയിൽ കൂടുതൽപ്പേർ മരിച്ചത്. ഒന്നരമാസത്തിനിടെ ഒൻപതുപേർക്കാണ് ജീവൻ നഷ്ടമായത്. ഈ മാസം 17-നകം നാലുപേരാണ് മരിച്ചത്. ഇൻഫ്‌ളുവൻസ ബാധിച്ച് ഒരാളും എച്ച് 1 എൻ 1 ബാധിച്ച് മൂന്നുപേരും ഷിഗെല്ല പിടിപെട്ട് ഒരാളും ഡെങ്കിപ്പനി ബാധിച്ച് രണ്ടാളും ഒന്നരമാസത്തിനിടെ മരിച്ചു.
ഡെങ്കിപ്പനി ബാധിച്ച് 1989 പേരാണ് ഒന്നരമാസത്തിനിടെ ചികിത്സതേടിയത്. ഈ മാസംമാത്രം 543 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഒന്നരമാസത്തിനിടെ 83 പേർക്ക് എലിപ്പനിയും 387 പേർക്ക് ചിക്കൻപോക്‌സും 114 പേർക്ക് മഞ്ഞപ്പിത്തവും 410 പേർക്ക് ഇൻഫ്‌ളുവൻസയും റിപ്പോർട്ട് ചെയ്തതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നത്. 10,232 പേരാണ് ഈ സമയത്തിനകം വയറിളക്കരോഗങ്ങൾക്ക് ചികിത്സതേടിയത്.
Content Highlights: Kozhikode Medical College faces extreme overcrowding as over 46,000 fever cases hit the district in six weeks, forcing hospital authorities to place non-critical patients on floor verandas despite redirecting cases to local health centers.