അന്ന് നൗഷാദ് ഇന്ന് വിശ്വനാഥൻ; മാൻഹോളിന്റെ ഇരുട്ടിലേക്ക് ജീവന്റെ തുടിപ്പ് തേടി ഇറങ്ങിയവർ

#സ്വന്തം ലേഖകന്‍
വിശ്വനാഥന്‍, നൗഷാദ്
വിശ്വനാഥന്‍, നൗഷാദ്

കോഴിക്കോട്: 2015 നവംബർ 26, അന്നായിരുന്നു മാൻഹോൾ ദുരന്തത്തിന്റെ ഇരകളായി ജീവൻ നഷ്ടപ്പെട്ട് കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ നൗഷാദും രണ്ട് അന്യ സംസ്ഥാന തൊഴിലാളികളും വാർത്തകളിൽ ഇടംപിടിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നും അന്നം തേടിയെത്തി കോഴിക്കോട്ടെ മാൻഹോളിലിറങ്ങിയവരുടെ രക്ഷയ്ക്കായി നൗഷാദ് അന്ന് ജീവൻ ബലിയർപ്പിക്കുകയായിരുന്നു. പതിനൊന്ന് വർഷങ്ങൾക്കിപ്പുറം മറ്റൊരു മാൻഹോൾ ദുരന്തത്തിന് കൂടി സാക്ഷിയായിരിക്കുകയാണ് കോഴിക്കോട്. മൂട്ടോളിയിലെ സ്വകാര്യ സ്ഥാപനത്തിന്റെ മാൻഹോളിന്റെ അതേ രൂപത്തിലുള്ള ഭൂഗർഭ മഴവെള്ള സംഭരണിയുടെ ജോലിക്കെത്തിയതായിരുന്നു സിറാജ് എന്ന ചെറുപ്പക്കാരനും സംഘവും. മഴവെള്ള സംഭരണിയുടെ കോൺക്രീറ്റ് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഇന്ന് ബുധനാഴ്ച അതിന്റെ പലകകൾ ഇളക്കിമാറ്റാനെത്തിയപ്പോഴാണ് സിറാജ് അപകടത്തിൽ പെടുന്നതും ജീവൻ നഷ്ടപ്പെടുന്നതും.

കൂടെയുള്ളവരുടെ നിലവിളി കേട്ടാണ് സമീപത്തെ കുറിയർ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന ചെറുപ്പക്കാരനായ അമ്പലത്തുകളങ്ങര സ്വദേശി വിശ്വനാഥനും സുഹൃത്തുക്കളും ഓടിയെത്തിയത്. പക്ഷെ ഒരാൾക്ക് മാത്രം ഇറങ്ങാൻ കഴിയുന്ന കുഴിയിലേക്ക് വിശ്വനാഥൻ ഇറങ്ങാൻ തയ്യാറാവുകയായിരുന്നു. കുഴിക്കുള്ളിലുണ്ടായിരുന്ന സിറാജ് അപ്പോഴേക്കും അപകടത്തിൽ പെട്ട് ഏറെ സമയം കഴിഞ്ഞിരുന്നു. സിറാജിനെ ഉയർത്താൻ ശ്രമിക്കുന്നതിനിടെ വിശ്വനാഥൻ ബോധം കെട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പറയുന്നു സഹപ്രവർത്തകനായ വൈശാഖ്.

സിറാജ് അപകടത്തിൽ പെട്ട ഉടൻതന്നെ ഫയർഫോഴ്സിനെ വിളിച്ചിരുന്നു. ഇതിനിടെയായിരുന്നു വിശ്വനാഥൻ ഉള്ളിലേക്ക് ഇറങ്ങിയത്. അപകടത്തിൽ പെട്ട രണ്ടുപേരെയും ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുക്കുന്നത്. സിറാജ് അപ്പോഴേക്കും മരണത്തിന് കീഴടങ്ങുകയും ചെയ്തു. വിശ്വനാഥൻ വീണ ഉടൻ തന്നെ ഫയർഫോഴ്സ് എത്തിയത് കൊണ്ടാണ് ഇദ്ദേഹത്തിന്റെ ജീവൻ രക്ഷപ്പെട്ടത്. തുടർന്ന് സിപിആർ കൊടുത്ത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയിരുന്നു. ഇവിടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വിശ്വനാഥൻ. 43 വയസ്സ് പ്രായമുണ്ട്.

വിദേശത്തായിരുന്ന വിശ്വനാഥൻ കുറച്ച് കാലമേ ആയിട്ടുള്ളൂ മൂട്ടോളിയിലെ കുറിയർ സ്ഥാപനത്തിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. വിദേശത്തേക്ക് പോകുന്നത് വരെ വെറുതെയിരിക്കണ്ടല്ലോ എന്ന് കരുതി ഇവിടെ എത്തുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. മഴവെള്ള സംഭരണി ദിവസങ്ങളായി മൂടിയിട്ടതുകൊണ്ടു വെള്ളവും ചെളിയും നിറഞ്ഞതും അപകടത്തിന് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. മാത്രമല്ല സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ കുഴിയിലേക്കിറങ്ങിയതും അപകട സാധ്യത വർധിപ്പിച്ചു.

പാളയത്തെ മാൻഹോൾ നന്നാക്കാനിറങ്ങുന്നതിനിടെയായിരുന്നു 2015 നവംബർ 26 ന് അന്ധ്രാ സ്വദേശികളായ രണ്ട് തൊഴിലാളികൾ അപകടത്തിൽ പെട്ടത്. ഒരാൾ അപകടത്തിൽ പെട്ടപ്പോൾ കൂടെയുണ്ടായിരുന്ന ആൾ രക്ഷപ്പെടുത്താൻ ഇറങ്ങി. ഇയാളും അപകടത്തിൽ പെട്ടത് കണ്ടതോടെയായിരുന്ന് സമീപത്തെ ചായക്കടയിൽ നിൽക്കുകയായിരുന്ന പി.നൗഷാദ് ഇവരുടെ രക്ഷയ്ക്കായി എത്തിയത്. പക്ഷെ നൗഷാദും അപകടത്തിൽ പെടുകയും വിഷവാതകം ശ്വസിച്ച് മരിക്കുകയായിരുന്നു. സമാന സാഹചര്യമാണ് ഒരിക്കൽ കൂടെ കോഴിക്കോടുണ്ടായിരിക്കുന്നത്. ഒറ്റ വ്യത്യാസം മാത്രം അന്ന് നഗരത്തിലെ ഡ്രൈനേജ് മാൻഹോളിലാണ് അപകടമുണ്ടായതെങ്കിൽ ഇന്ന് കെട്ടിടത്തിന്റെ ഭൂഗർഭ ജല സംഭരണിയിലാണ് എന്നു മാത്രം.

Content Highlights: A tragic accident occurred in a rainwater harvesting pit in Kozhikode in 2026., Vishwanathan, a courier employee, risked his life to save a worker named Siraj., The incident draws parallels to the 2015 Palayam manhole tragedy where Naushad died., Safety failures and lack of protective equipment contributed to the accident., Vishwanathan is currently receiving intensive care treatment.