കോഴിക്കോട്ട് ‘സീനിയർ മോസ്റ്റ്’ എ.കെ. ശശീന്ദ്രൻ; സ്ഥാനാർഥികളിൽ ഏറ്റവും പ്രായംകുറഞ്ഞയാൾ വി.ടി. സൂരജ്

#എബി പി. ജോയി
എ.കെ. ശശീന്ദ്രൻ | ചിത്രം: രാമനാഥ് പൈ, മാതൃഭൂമി
എ.കെ. ശശീന്ദ്രൻ | ചിത്രം: രാമനാഥ് പൈ, മാതൃഭൂമി

കോഴിക്കോട്: ജില്ലയിലെ പോരാളികളിൽ ഏറ്റവും പ്രായംകുറഞ്ഞയാൾ ബാലുശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാർഥി വി.ടി. സൂരജ്. 30 വയസ്സുള്ള സൂരജിനിത് നിയമസഭയിലേക്ക് കന്നിയങ്കം. 32 വയസ്സുള്ള കെ.എം. അഭിജിത്ത്‌ നാദാപുരത്തും 34-കാരി ഫാത്തിമ തഹിലിയ പേരാമ്പ്രയിലും യു.ഡി.എഫ്. സ്ഥാനാർഥികളാണ്.

ബാലുശ്ശേരിയിലെ സിറ്റിങ് എം.എൽ.എ.യും ഇപ്പോൾ എൽ.ഡി.എഫ്. സ്ഥാനാർഥിയുമായ കെ.എം. സച്ചിൻദേവ് 33 വയസ്സുകാരനാണ്. ജില്ലയിലെ എം.എൽ.എ.മാരിൽ ഏറ്റവും പ്രായംകുറഞ്ഞയാളാണ് സച്ചിൻദേവ്.

എൻ.ഡി.എ.യിലെ നവ്യാ ഹരിദാസ് (41), ടി. രെനീഷ് (39), വിദ്യാ ബാലകൃഷ്ണൻ (41) തുടങ്ങിയവരും യുവത്വത്തിന്റെ മുഖമാണ്. കോഴിക്കോട് നോർത്തിലെയും സൗത്തിലെയും സ്ഥാനാർഥികളാണിവർ. മത്സരരംഗത്തെ ഏറ്റവും മുതിർന്നയാൾ എലത്തൂരിലെ എ.കെ. ശശീന്ദ്രനാണ്‌(എൽ.ഡി.എഫ്.)-80 വയസ്സ്. കോഴിക്കോട് നോർത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രനാണ് തൊട്ടടുത്ത്-79-കാരൻ. കുന്ദമംഗലത്തെ എൽ.ഡി.എഫ്. സ്ഥാനാർഥി 77-കാരനായ പി.ടി.എ. റഹീമാണ്. 75-കാരനായ ടി.പി. രാമകൃഷ്ണനും (എൽ.ഡി.എഫ്.-പേരാമ്പ്ര), 74-കാരനായ കെ. ദാസനും (എൽ.ഡി.എഫ്.-കൊയിലാണ്ടി) തൊട്ടു പിന്നിൽത്തന്നെയുണ്ട്.

മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകർക്കും ത്രിതല-തദ്ദേശ സ്ഥാപനങ്ങളിൽ പയറ്റിത്തെളിഞ്ഞവർക്കും സ്ഥാനാർഥിമാരിൽ മേൽക്കൈയുണ്ട്. തൊഴിൽപരമായി അഭിഭാഷകരാണ് ഏറ്റവും കൂടുതൽ. നിയമബിരുദംനേടിയ 13 പേർ കോഴിക്കോടിന്റെ അങ്കക്കളത്തിലുണ്ട്.

യു.ഡി.എഫിൽ കൊയിലാണ്ടിയിൽ മാറ്റുരയ്ക്കുന്ന കെ. പ്രവീൺകുമാർ, കോഴിക്കോട് നോർത്തിലെ കെ. ജയന്ത്, എലത്തൂരിലെ വിദ്യാബാലകൃഷ്ണൻ, കൊടുവള്ളിയിലെ പി.കെ. ഫിറോസ്, പേരാമ്പ്രയിലെ ഫാത്തിമ തെഹിലിയ, കോഴിക്കോട് സൗത്തിലെ വി.കെ. ഫൈസൽ ബാബു, എൽ.ഡി.എഫിലെ കെ.എം. സച്ചിൻദേവ് (ബാലുശ്ശേരി), പി.ടി.എ. റഹീം (കുന്ദമംഗലം), പി. വസന്തം (നാദാപുരം), പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂർ), എൻ.ഡി.എ.യിലെ കെ.പി. പ്രകാശ്ബാബു (ബേപ്പൂർ), കെ. ദിലീപ് (വടകര), വി.കെ. സജീവൻ (കുന്ദമംഗലം) എന്നിവർ അഭിഭാഷകരാണ്.

അധ്യാപനം ഇഷ്ടതൊഴിലാക്കിയ ഏഴുപേർ പട്ടികയിലുണ്ട്. കൊയിലാണ്ടിയിലെ സി.ആർ. പ്രഫുൽ കൃഷ്ണൻ (എൻ.ഡി.എ.), എലത്തൂരിലെ ടി. ദേവദാസ് (എൻ.ഡി.എ.), കുന്ദമംഗലത്തെ എം.എ. റസാഖ് (യു.ഡി.എഫ്.), കൊടുവള്ളിയിലെ സലിം മടവൂർ (എൽ.ഡി.എഫ്. സ്വത.), പേരാമ്പ്രയിലെ എം. മോഹനൻ (എൻ.ഡി.എ.), കുറ്റ്യാടിയിലെ കെ.പി. കുഞ്ഞമ്മദ്കുട്ടി (എൽ.ഡി.എഫ്.), രാംദാസ് മണലേരി (എൻ.ഡി.എ.) എന്നിവർ അധ്യാപകരാണ്. സ്ഥാനാർഥിമാരിൽ രണ്ടുപേർ എൻജിനിയർമാരാണ്. കോഴിക്കോട് നോർത്തിലെ നവ്യാ ഹരിദാസും നാദാപുരത്തെ സി.പി. വിപിൻ ചന്ദ്രനും. (ഇരുവരും എൻ.ഡി.എ.). തിരുവമ്പാടിയിലെ എൻ.ഡി.എ. സ്ഥാനാർഥി സണ്ണി തോമസ്, ബേപ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി പി.വി. അൻവർ എന്നിവർ വ്യവസായമേഖലയിലാണ്. വടകരയിലെ യു.ഡി.എഫ്. സ്ഥാനാർഥി കെ.കെ. രമ വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് മാനേജരായിരുന്നു.

Content Highlights: Diverse age range among candidates from 30 to 80 years old., Significant presence of legal professionals among the candidates., Comparative analysis of UDF, LDF, and NDA candidate profiles in Kozhikode., Inclusion of educators, engineers, and business professionals in the candidate list.