സാങ്കേതിക തടസങ്ങള്‍ പലത്‌; മദ്യപിച്ച് വാഹനമോടിക്കല്‍ പരിശോധന അപകടം നടന്നാല്‍മാത്രം

#ടി. ആദിത്യന്‍
Representational Image | Photo: AI Generated
Representational Image | Photo: AI Generated

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താനുള്ള പരിശോധനകള്‍ കുറയുന്നു. അപകടം നടന്നാല്‍മാത്രം പരിശോധന നടക്കുന്ന സ്ഥിതിയാണിപ്പോള്‍. എന്നാല്‍, അപകടം നടന്നശേഷം ഡ്രൈവര്‍മാര്‍ ഓടിരക്ഷപ്പെട്ടാല്‍ പരിശോധിക്കാനും സാധിക്കില്ല. കേസിന്റെ ഗതിതന്നെ മാറിപ്പോകും. മദ്യപിച്ചുവാഹനമോടിച്ച ഒരാളെ കണ്ടെത്തിയാല്‍ അവരെ പരിശോധിച്ച് ഫലം ലഭ്യമാക്കുന്നതിന്റെ കാലതാമസമാണ് ഉദ്യോഗസ്ഥരെ പിന്നോട്ടുനയിക്കുന്നതെന്ന് പോലീസുകാര്‍തന്നെ പറയുന്നു.

അതിനുപുറമേ പരിശോധന നടത്തുന്നതിനായി ആളെയുമായി ആശുപത്രിയിലെത്തുമ്പോള്‍ ആരുടെ രക്തമാണോയെടുക്കുന്നത് അവരുടെ അനുവാദവും സമ്മതപത്രവും വേണം. എങ്കില്‍മാത്രമേ പരിശോധനയ്ക്കായി ഡോക്ടര്‍മാര്‍ സമ്മതിക്കുകയുള്ളൂ. എന്നാല്‍ പലരും സമ്മതപത്രം നല്‍കുകയുമില്ല. അത് പോലീസിനെ പ്രതിസന്ധിയിലാക്കുകയാണ്. അതിനാല്‍ മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകള്‍ വളരെ കുറവാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

രാത്രികാലങ്ങളില്‍ പരിശോധന നടത്തുമ്പോള്‍ ഇത്തരത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടാല്‍ പിടിക്കണോ, വേണ്ടയോ എന്ന ചിന്തയാണ് പോലീസിന്റെ ഉള്ളിലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

മുന്‍പ് വാഹനപരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് ഉറപ്പുവരുത്താമായിരുന്നു. 100 മില്ലി രക്തത്തില്‍ 30 മില്ലിഗ്രാമില്‍ അധികം മദ്യമുണ്ടെങ്കില്‍ ബ്രീത്ത് അനലൈസറില്‍ കാണിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ രക്തം പരിശോധിക്കണം. അതിന്റെ ഫലം ലഭ്യമാകുന്നതിലും വൈകുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.

2023-ല്‍ കോഴിക്കോട് ജില്ലയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് 2425 കേസുകളാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. എന്നാല്‍ 2024 നവംബര്‍ മാസം പൂര്‍ത്തിയാകുമ്പോഴും 1601 കേസുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. കോഴിക്കോട് സിറ്റിയിലെയും റൂറലിലെയും കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെക്കാളും 824 കേസുകളാണ് കുറഞ്ഞിട്ടുള്ളത്. ഇതിനു പുറമേ മോട്ടോര്‍ വാഹനവകുപ്പും കേസെടുത്തിട്ടുണ്ടെങ്കിലും വര്‍ഷത്തില്‍ പത്തില്‍ താഴെമാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളുവെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ കണക്ക്.

തൃശ്ശൂര്‍ നാട്ടികയിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്ന് ട്രാഫിക് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ. സുരേഷ് ബാബു പറഞ്ഞു.

പോലീസ് പരിശോധന അവതാളത്തില്‍സാങ്കേതികബുദ്ധിമുട്ടെന്ന് പോലീസ്‌കഴിഞ്ഞവര്‍ഷത്തെക്കാള്‍ 824 കേസുകള്‍ കുറഞ്ഞു

Content Highlights: Drunk driving cases in Kozhikode have drastically reduced due to challenges in testing