അനാവശ്യ ആൻജിയോപ്ലാസ്റ്റി: മുഖ്യമന്ത്രിയുടെ പരാമർശത്തെ പിന്തുണച്ച് ഡോക്ടർമാർ

കോഴിക്കോട്: രോഗികളെ അനാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരേ കാംപെയ്‌ൻ വേണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തെ പിന്തുണച്ച് ഡോക്ടർമാർ രംഗത്ത്. മുഖ്യമന്ത്രി പറഞ്ഞത് സത്യമാണെന്നും ആരെങ്കിലുമൊരാൾ ഇത് തുറന്നുപറയാൻ ധൈര്യംകാണിച്ചല്ലോയെന്നും പ്രമുഖ ഡോക്ടർമാരടക്കം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
“ഒരുനാൾ ആരെങ്കിലുമൊരാൾ സത്യം വിളിച്ചുകൂവും. അതിന് ധൈര്യവും അതുകൊണ്ട് ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ താങ്ങാനുള്ള കരുത്തും ഉണ്ടാവണമെന്നു മാത്രം. ഇത് രണ്ടുമുള്ള ഒരാൾ ഇതു തുറന്നുപറഞ്ഞത് നന്നായി. വളരെ നന്ദി. ഇത് 100 ശതമാനം സത്യം...” - മുഖ്യമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ച് കോഴിക്കോട് ഗവ: മെഡിക്കൽകോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ജി. നായർ ഫെയ്‌സ്ബുക്കിൽ കുറിച്ചതിങ്ങനെ.
ഡോ. രാജേഷിന്റെ കുറിപ്പിനെ അനുകൂലിച്ച് മറ്റ് ഡോക്ടർമാരും രംഗത്തെത്തി.
‘‘എങ്കിലും എല്ലാറ്റിനെയും സംശയദൃഷ്ടിയോടെ കാണുന്നത് ജീവൻ നഷ്ടമാവുന്നതിന് കാരണമാവും. ചെയ്യേണ്ടതു ചെയ്യണം. കാര്യമായ രോഗലക്ഷണം ഒന്നും ഇല്ലാതെ ഇ.സി.ജിയിൽ വ്യതിയാനം കണ്ടതിന്റെപേരിൽ ആൻജിയോഗ്രാം ചെയ്യുന്നുണ്ടെങ്കിൽ ഒന്നോ രണ്ടോ ഡോക്ടർമാരെ കൂടെ കണ്ട് അഭിപ്രായം തേടണം. റിസ്കാണെങ്കിൽ കാത്തിരിക്കരുത്. ഹാർട്ട് അറ്റാക്ക് വന്നാൽ 90 മിനിറ്റിനുള്ളിൽ ആൻജിയോപ്ളാസ്റ്റി ചെയ്യണം. അത്തരം അവസരങ്ങളിൽ ഡോക്ടറെ അവിശ്വസിക്കരുത്. ഓരോ മിനിറ്റും നിർണായകമാണ്. ഹാർട്ട് അറ്റാക്ക് വരുമ്പോൾ ആദ്യത്തെ മൂന്നോ നാലോ ഇ.സി.ജി.കൾ വരെ നോർമൽ ആയേക്കാം. നിങ്ങൾ പറയുന്ന വേദനയുടെ സ്വഭാവം വെച്ചു മാത്രമാണ് രോഗനിർണയം നടക്കുന്നത്. മിനിമം ഒബ്സർവേഷനു മുൻപ് നിർബന്ധിച്ചു ഡിസ്ചാർജ് വാങ്ങിപ്പോകുന്നത് അത്യന്തം അപകടകരമാണെന്ന കാര്യം മറക്കരുത് ...’’- ഡോക്ടർ ഡോ. രാജേഷിന്റെ കുറിപ്പിൽ പറയുന്നു.
കഴിഞ്ഞദിവസം കോഴിക്കോട്ടു നടന്ന കേരള ഹാർട്ട് കെയർ സൊെെസറ്റിയുടെ സിൽവർജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് രോഗികളെ അനാവശ്യമായി ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുന്നതിനെതിരേ കാംപെയ്ൻ നടത്തണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അഭിപ്രായപ്പെട്ടത്.
Content Highlights: Leader of Opposition VD Satheesan called for a campaign against unnecessary angioplasties., Prominent cardiologist Dr Rajesh G Nair supported the statement on social media., Experts advise getting second opinions for minor ECG variations but warn against delaying treatment during actual heart attacks.