പി. മോഹനന്‍ ഒഴിയുമ്പോള്‍ കോഴിക്കോട് പാര്‍ട്ടിയെ നയിക്കാന്‍ ആര്?

വടകര: പത്തുവര്‍ഷം മുന്‍പ് വടകരയില്‍ നടന്ന സി.പി.എം. ജില്ലാസമ്മേളനത്തില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി. മോഹനന്‍ വടകരസമ്മേളനത്തില്‍ത്തന്നെ സെക്രട്ടറിസ്ഥാനത്തുനിന്ന് പടിയിറങ്ങും. 2015 ജനുവരിയിലാണ് ഇതിനുമുന്‍പ് വടകരയില്‍ സി.പി.എം. ജില്ലാസമ്മേളനം നടന്നത്. ടി.പി. വധക്കേസില്‍ കോടതി പി. മോഹനനെ വെറുതേവിട്ട് ഒരുവര്‍ഷം തികയുന്ന സമയത്തായിരുന്നു ജില്ലാസമ്മേളനം.
അന്ന് ടി.പി. രാമകൃഷ്ണന് പകരം പി. മോഹനന്‍ ജില്ലാ സെക്രട്ടറിയായി വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. പിന്നീട് കൊയിലാണ്ടി, കോഴിക്കോട് സമ്മേളനങ്ങളിലും അദ്ദേഹം തുടര്‍ന്നു. സെക്രട്ടറി സ്ഥാനത്ത് മൂന്ന് ഊഴം പൂര്‍ത്തിയായതോടെയാണ് പടിയിറങ്ങുന്നത്.
മോഹനന്‍ ഒഴിയുമ്പോള്‍ ജില്ലയില്‍ പാര്‍ട്ടിയെ നയിക്കാന്‍ ആര് എന്ന ചര്‍ച്ച സജീവമായിട്ടുണ്ട്. മുതിര്‍ന്ന നേതാവും സെക്രട്ടേറിയറ്റ് അംഗവും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനുമായ എം. മെഹബൂബ്, യുവനേതാവും സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ. ദിനേശന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. മുന്‍ എം.എല്‍.എ. പ്രദീപ് കുമാറിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം കോഴിക്കോട് സംസ്ഥാനത്തെതന്നെ പ്രധാനപ്പെട്ട ശക്തികേന്ദ്രങ്ങളിലൊന്നാണ്. ജില്ലയിലെ 13 നിയമസഭാമണ്ഡലങ്ങളില്‍ 11 ഇടത്തും ഇടതുപക്ഷത്തിന്റെ പ്രതിനിധികളാണ്. ഇതില്‍ എട്ടിടത്തും സി.പി.എം. എം.എല്‍.എ.മാര്‍. കൂടുതല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഭരിക്കുന്നതും ഇടതുപക്ഷം തന്നെ. സംസ്ഥാനഭരണത്തെ നിര്‍ണയിക്കുന്നതില്‍വരെ കോഴിക്കോടിന് നിര്‍ണായകസ്വാധീനമുള്ളതിനാല്‍ ശക്തമായ നേതൃത്വം ജില്ലയില്‍ ഉണ്ടാകണമെന്ന കാഴ്ചപ്പാടിലാണ് സംസ്ഥാനനേതൃത്വം.
ഒഞ്ചിയത്ത് സി.പി.എം. പിളര്‍ന്ന് ആര്‍.എം.പി. രൂപവത്കരിച്ചതിനുശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളിലൊന്നും ശക്തികേന്ദ്രമായിരുന്ന വടകര മണ്ഡലത്തില്‍ സി.പി.എം. ജയിച്ചിട്ടില്ല. തുടര്‍ച്ചയായി നാലുതവണ യു.ഡി.എഫ്. ജയിച്ചുകയറി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.കെ. ശൈലജയെ കളത്തിലിറക്കിയിട്ടും വന്‍പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് തിരിച്ചടിയായി. കോഴിക്കോട്ടും ഇതുതന്നെ സ്ഥിതി. ശക്തികേന്ദ്രമായിരുന്ന മണ്ഡലം നാലുതവണ കൈവിട്ടു. ലോക്സഭയില്‍ ജില്ലയില്‍നിന്ന് ഒരു പ്രതിനിധിപോലും ഇല്ലെന്നത് പാര്‍ട്ടി ഗൗരവത്തോടെ കാണുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പഴയപ്രതാപം തിരിച്ചുപിടിക്കുകയെന്നതും സി.പി.എമ്മിന്റെ പ്രധാനലക്ഷ്യമാണ്. ഈ വര്‍ഷം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കലാണ് ആദ്യ ദൗത്യം.
Content Highlights: P. Mohanan stepping down, the search for the next Kozhikode CPM district secretary is underway