കോഴഞ്ചേരി പുതിയപാലം; ക്രെഡിറ്റിൽ കൊമ്പുകോർത്ത് അബിൻ വർക്കിയും വീണാ ജോർജും, ഉദ്ഘാടനം ഇന്ന്

പത്തനംതിട്ട: കോഴഞ്ചേരി പാലത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കാനിരിക്കെ, ഇതിന്റെ ക്രെഡിറ്റ് ആർക്ക് എന്നതിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തുമെന്ന തലക്കെട്ടിൽ അബിൻ വർക്കി എം.എൽ.എ. ശനിയാഴ്ച സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടു. മുൻ എം.എൽ.എ. വീണാ ജോർജിന്റെ കുറിപ്പിനെതിരേയാണിത്.
2016-ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ചതാണ് കോഴഞ്ചേരി പുതിയ പാലമെന്ന് വീണാ ജോർജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കിഫ്ബി ഫണ്ടു വഴിയാണ് പണം അനുവദിച്ചത്. കിഫ്ബി വരുന്നതിനുമുമ്പേ അനുവദിച്ചതാണെന്ന് അവകാശപ്പെടുന്നവർ സ്വയം പരിഹാസ്യരാകുകയാണെന്നായിരുന്നു സാമൂഹികമാധ്യമത്തിലെ കുറിപ്പ്. ഭരണാനുമതി ലഭിച്ച തീയതിയും സർക്കാർ ഉത്തരവുകളുടെ തീയതിയും ചൂണ്ടിക്കാട്ടിയായിരുന്നു കുറിപ്പ്. ഇതിനാണ് അബിൻ വർക്കി മറുപടി പറഞ്ഞിരിക്കുന്നത്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും കെ.എം.മാണി ധനമന്ത്രിയും കെ. ശിവദാസൻനായർ എം.എൽ.എ.യും ആയിരിക്കെ, 2012-13-ലെ ബജറ്റിലാണ് ആദ്യമായി രണ്ടുകോടി രൂപ അനുവദിച്ചതെന്ന് അബിൻ വർക്കി രേഖകൾ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുന്നു. ഡ്രോയിങ്ങിനും അതിർത്തി നിർണയിക്കുന്നതിനും മണ്ണുപരിശോധനയ്ക്കുമാണ് ഈ ഫണ്ട് അനുവദിച്ചത്. ഇതിന് തുടർച്ചയായിട്ടാണ് കൂടുതൽ ഫണ്ടോടെ 2018-ൽ പാലം പണി തുടങ്ങാനായത്. അതുകൊണ്ട് ഇനിയെങ്കിലും നാടകം അവസാനിപ്പിച്ച് ഫോൺ എടുക്കണമെന്ന് വീണാ ജോർജിനോട് അഭ്യർഥിച്ചാണ് അബിൻ വർക്കിയുടെ കുറിപ്പ് അവസാനിക്കുന്നത്. പാലം പണിയാൻ ആദ്യം ഫണ്ട് അനുവദിച്ച സമയത്തെ എം.എൽ.എ. കെ. ശിവദാസൻനായരെയും പാലംപണി നടന്ന സമയത്തെ എം.എൽ.എ. വീണാ ജോർജിനെയും ഉദ്ഘാടനത്തിന് ക്ഷണിക്കാൻ തീരുമാനിച്ചിരുന്നുവെന്നും എം.എൽ.എ. പറയുന്നു. ഇതിനു വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലെന്നാണ് കുറിപ്പിലെ സൂചന.
2024 ജനുവരിയിൽത്തന്നെ പണം കൈമാറി പൂർത്തിയായ സ്ഥലമെടുപ്പ് ഈ നാലുമാസത്തിനുള്ളിൽ നടത്തിയതാണെന്ന് പറയാൻ കഴിയുന്നത് വലിയൊരു വിസ്മയം തന്നെയാണെന്ന് വീണാ ജോർജ് പരിഹസിക്കുന്നു. പാലത്തിന് ഏതു പെയ്ന്റ് അടിക്കണമെന്നുവരെ തീരുമാനിച്ചിരുന്നതായും നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പുതന്നെ പാലത്തിന്റെ വൈറ്റ് വാഷിങ് ആരംഭിച്ചിരുന്നെന്നും അവർ പറയുന്നു.
എന്നാൽ, പുതിയ പാലത്തിന്റെ ഉദ്ഘാടനത്തിന് ഒരുരാഷ്ട്രീയവും പാടില്ലെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും പാലം താൻ മാത്രമാണ്, തന്റേതു മാത്രമാണ് എന്നവകാശപ്പെട്ട് ചിലർ ഇറങ്ങിയിട്ടുണ്ടെന്നുമാണ് അബിൻ വർക്കിയുടെ മറുപടി.
ഞായറാഴ്ച വൈകീട്ട് നാലിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറാണ് പുതിയപാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്.
Content Highlights: Credit war erupts ahead of the Kozhencherry bridge inauguration on Sunday., Abin Varkey MLA and former MLA Veena George clash over who initiated the project funding., Public Works Minister P.K. Basheer will inaugurate the new bridge on Sunday evening.