കോവളം സ്പാ കേസ്: വയനാട്ടിലും പീഡനം നടന്നതായി സൂചന; കെട്ടിടത്തിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു

#പ്രദീപ് ചിറയ്ക്കല്‍
സ്പാകളുടെ നടത്തിപ്പുകാരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു
സ്പാകളുടെ നടത്തിപ്പുകാരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

കോവളം: ആന്ധ്ര സ്വദേശിനിയായ പതിനാറുകാരിയെ സ്പാകളിൽ എത്തിച്ച് നിരവധി പേർ പീഡിപ്പിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ചയും തെളിവെടുത്തു. ജുഡീഷ്യൽ കസ്റ്റഡിയിലുണ്ടായിരുന്ന മൂന്നാം പ്രതി ആലപ്പുഴ നൂറനാട് സ്വദേശി സജിത്ത് കുമാർ, റിമാൻഡിലുള്ള ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ ബിനാമിയായ പൂവാർ സ്വദേശി നിഷാന്ത് എന്നിവരെയാണ് ഞായറാഴ്ച വൈകിട്ടോടെ കോവളത്തെ സ്പാകളിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

ഇവരും കുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണ സംഘത്തിന് സൂചനയുണ്ട്. കോവളം വൈക്കോൽകുളത്തിന് സമീപമുള്ള സജിത്ത് കുമാറിന്റെ 'ആയൂർകേരള', നിഷാന്തിന്റെ 'ഡ്രീംസ്' എന്നീ സ്പാകളിലാണ് തെളിവെടുപ്പ് നടത്തിയത്.

ഇവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 'ഡ്രീംസ്' എന്ന കെട്ടിടത്തിന് മുകളിൽ ആധുനിക രീതിയിലുള്ള മുറികൾ നിർമിക്കുന്നതായി കണ്ടെത്തി. ഇവിടെയുള്ള ഒരു മുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന വിവിധ രേഖകളും സർക്കാർ വിതരണം ചെയ്ത 200-ലധികം ഗർഭനിരോധന ഉറകൾ അടങ്ങിയ ബോക്സുകളും കണ്ടെടുത്തു.

വയനാട് വൈത്തിരിയിലെ വൻകിട ഹോട്ടലിൽ സജിത്ത് കുമാർ മൂന്ന് ആഡംബര മുറികൾ സ്പാ നടത്തിപ്പിനായി വാടകയ്ക്കെടുത്തിരുന്നു. അഞ്ച് ലക്ഷം രൂപ അഡ്വാൻസ് നൽകിയാണ് മുറികൾ എടുത്തത്. ജോലിക്കെന്ന വ്യാജേന വിശ്വസിപ്പിച്ചാണ് കുട്ടിയെ വയനാട്ടിലേക്ക് കൊണ്ടുപോയത്. സജിത്തും ഇയാളുടെ ജീവനക്കാരനായ കിരണും ചേർന്നാണ് കുട്ടിയെ വയനാട്ടിൽ എത്തിച്ചത്. നാല് ദിവസം തങ്ങിയ കുട്ടിയെ സജിത്ത് കുമാർ അവിടെ വച്ച് പീഡിപ്പിച്ചുവെന്നാണ് വൈത്തിരിയിൽ അന്വേഷണം നടത്തുന്ന എസ്.ഐ.ടി ടീമിന് ലഭിച്ച സൂചന. കോവളത്തുള്ള 'ഡ്രീംസ്' സ്പായിൽ വച്ചാണ് നിഷാന്ത് കുട്ടിയെ പീഡിപ്പിച്ചത്. ഇത് സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മീഷണർ എസ്. ചന്ദ്രകുമാർ, കോവളം സി.ഐ വി.എം. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്.

കെട്ടിടത്തിന് മാസം 60,000 രൂപ വാടക

കോവളം വൈക്കോൽകുളത്തിന് സമീപം വാടകയ്ക്കെടുത്ത ഇരുനില കെട്ടിടത്തിലാണ് സജിത്ത് കുമാർ 'ആയൂർകേരള' എന്ന സ്പാ നടത്തിയിരുന്നത്. കഴിഞ്ഞ ഒന്നര വർഷമായി നടത്തിയിരുന്ന കെട്ടിടത്തിന് 60,000 രൂപയായിരുന്നു മാസവാടക. അസി. കമ്മീഷണർ ചന്ദ്രകുമാർ കെട്ടിടയുടമയെ വിളിച്ചുവരുത്തി നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്.

സജിത്തിന് കോവളത്തും ചൊവ്വര ചപ്പാത്തിലും സ്പാകൾക്ക് പുറമേ പൊഴിയൂർ സ്റ്റേഷൻ പരിധിയിൽ റിസോർട്ടുമുണ്ട്. പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ കോവളം പോലീസ് കേസെടുത്തതോടെ സജിത്ത് ഒളിവിൽ പോവുകയായിരുന്നു. കൂടാതെ സ്പായിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളും അനുബന്ധ ഉപകരണങ്ങളും അഴിച്ചുമാറ്റി പൊഴിയൂരിലുള്ള ഇയാളുടെ 'ജീവ' എന്ന റിസോർട്ടിൽ ഒളിപ്പിച്ചു. എസ്.ഐ.ടി നടത്തിയ റെയ്ഡിൽ ഈ ക്യാമറകളും ഉപകരണങ്ങളും കണ്ടെടുത്തതായി അസി. കമ്മീഷണർ അറിയിച്ചു.

കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

സ്പാകളിലെത്തിയ മറ്റുള്ളവരും കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ പേർ ഉടൻ അറസ്റ്റിലായേക്കും. കോവളത്തുള്ള രണ്ടും ചൊവ്വര ചപ്പാത്തിലുള്ള ഒന്നും സ്പാകളിലാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇവിടെ സന്ദർശിച്ചവരുടെ കൃത്യമായ വിവരങ്ങളും പണമിടപാടുകളും എസ്.ഐ.ടി ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.

Content Highlights: Kovalam Spa Minor Abuse: SIT Recovers Crucial Evidence