വൈശാഖോത്സവത്തിന് കർണാടകത്തിൽനിന്ന് തീർഥാടക പ്രവാഹം; കൊട്ടിയൂരിൽ വികസിക്കുന്നത് വമ്പൻ ടൂറിസം സാധ്യതകൾ

#എ.കെ. ശ്രീജിത്ത്
ഫോട്ടോ: ലതീഷ് പൂവത്തൂർ/മാതൃഭൂമി
ഫോട്ടോ: ലതീഷ് പൂവത്തൂർ/മാതൃഭൂമി

കണ്ണൂർ: കൊട്ടിയൂരിലെ വൈശാഖോത്സവത്തിന് കർണാടകയിൽനിന്നൊഴുകിയെത്തുന്ന തീർഥാടകലക്ഷങ്ങൾ കണ്ണൂരിന് തുറന്നിടുന്നത് അനന്തമായ ടൂറിസം സാധ്യതകൾ. കൊട്ടിയൂരിൽ ഇത്തവണ ഇതുവരെ 25 ലക്ഷത്തിലേറെ ഭക്തരെത്തിയതിൽ പകുതിയോളം കർണാടകയിൽനിന്നുള്ളവരാണെന്നാണ് കണക്കാക്കുന്നത്. ജില്ലയുടെ സമ്പദ് വ്യവസ്ഥയിൽ വലിയ ഉണർവുണ്ടാക്കുന്ന തരത്തിലേക്ക് വൈശാഖോത്സവം മാറി. കൃത്യമായ ആസൂത്രണത്തോടെ ഇത് ഉപയോഗപ്പെടുത്താനായാൽ മലബാറിലാകെ ടൂറിസംരംഗത്ത് മുന്നേറ്റമുണ്ടാക്കാൻ കഴിയും. ഇതിനനുസരിച്ചുള്ള മുന്നൊരുക്കങ്ങൾക്ക് സർക്കാർതലത്തിൽ തുടക്കമിടേണ്ടതുണ്ട്.

കഴിഞ്ഞവർഷമാണ് കർണാടകയിൽനിന്ന് കൊട്ടിയൂരിലേക്ക് തീർഥാടകരുടെ അപ്രതീക്ഷിത പ്രവാഹമുണ്ടായത്. പറശ്ശിനിക്കടവ്, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, പെരളശ്ശേരി സുബ്രഹ്‌മണ്യക്ഷേത്രം എന്നിവിടങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ഇത്തവണ മാമാനത്തമ്പലം, മൃദംഗശൈലേശ്വരി ക്ഷേത്രം, മാടായിക്കാവ് എന്നിവിടങ്ങളിലേക്കും തിരക്ക് വ്യാപിച്ചു. കണ്ണൂർ സെയ്ന്റ് ആഞ്ചലോസ് കോട്ട, പയ്യാമ്പലം ബീച്ച്, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികളെത്തി.

ഓഫ് സീസണായ മഴക്കാലത്താണ് കച്ചവട, ടൂറിസം മേഖലകളിൽ അപ്രതീക്ഷിത ഉണർവേകി കർണാടകത്തിൽനിന്ന് ആളുകളൊഴുകുന്നത്. മഴയും പുഴയും കാടും മനുഷ്യനുമെല്ലാം ചേർന്ന അപൂർവമായ ആചാരങ്ങളുടെ സൗന്ദര്യമാണ് വൈശാഖോത്സവത്തെ കർണാടകയിൽ വൈറലാക്കിയത്. കർണാടകയ്ക്ക് പുറമേ തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും തീർഥാടകരെത്തുന്നുണ്ട്. വരും വർഷങ്ങളിൽ ഈ പ്രവാഹം കൂടുതൽ ശക്തമാവുമെന്നതിൽ സംശയമില്ലെന്ന് മലനാട് ക്രൂസ് ടൂറിസം ചീഫ് ആർകിടെക്ടും നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ നിർവാഹകസമിതി അംഗവുമായ ടി.വി. മധുകുമാർ നിരീക്ഷിക്കുന്നു.

കൊട്ടിയൂർ; പ്രതീക്ഷയ്ക്കുള്ള വഴി

കൊട്ടിയൂരിലേക്കുള്ള തീർഥാടകപ്രവാഹം മലബാറിനാകെ രക്ഷപ്പെടാനുള്ള വഴിയാണെന്നാണ് ടൂറിസംരംഗത്ത് പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷ. മൺസൂൺ ടൂറിസമെന്നനിലയിൽ അതുമായി ബന്ധപ്പെട്ടതെല്ലാം ഒരുക്കിയാവണം പദ്ധതി തയ്യാറാക്കേണ്ടതെന്ന് മധുകുമാർ പറഞ്ഞു. തെയ്യം, ആയുർവേദം, കളരി, പുരാതനമായ മറ്റുക്ഷേത്രങ്ങൾ, പുരവഞ്ചികൾ, വള്ളംകളി തുടങ്ങിയവയെല്ലാം ചേർത്തുള്ള പാക്കേജാണ് ഒരുക്കേണ്ടതെന്നും അദ്ദേഹം നിർദേശിക്കുന്നു. ഓണക്കാലംവരെ സഞ്ചാരികളുടെ വരവിന് സാഹചര്യമൊരുക്കിയാൽ സമ്പദ് വ്യവസ്ഥയിൽ വലിയ മുന്നേറ്റത്തിനിടയാക്കും. സ്വകാര്യ സംരംഭകരെ കൂടി ചേർത്തുള്ള പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നതായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതരും പറഞ്ഞു.

ഇപ്പോൾ ആകെ ആശയക്കുഴപ്പം

കർണാടകയിൽനിന്നുള്ള സഞ്ചാരികളുടെ പ്രവാഹം കൊട്ടിയൂരിലെന്നപോലെ ജില്ലയിലെ മറ്റിടങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഭാഷ അറിയാത്തതാണ് പ്രധാന പ്രശ്‌നം. ഗതാഗതക്കുരുക്കാണ് മറ്റൊരു പ്രശ്‌നം. ടൂറിസം കേന്ദ്രങ്ങളിലും പരാതികളുണ്ട്. കടലിലിറങ്ങിയശേഷം ശൗചാലയങ്ങളിൽനിന്ന് കുളിച്ചാണ് ഇവരെല്ലാം മടങ്ങുന്നത്. ഇതിന് പയ്യാമ്പലത്തും മുഴപ്പിലങ്ങാടും വെള്ളം തികയാത്ത പ്രശ്‌നമുണ്ട്. ശൗചാലയങ്ങളിലും മറ്റും നാശനഷ്ടങ്ങൾ വരുത്തുന്നതായും ആക്ഷേപമുണ്ട്. കള്ളക്കടൽ മുന്നറിയിപ്പുണ്ടാവുമ്പോൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് സഹകരിക്കാതെ പ്രശ്‌നമുണ്ടാക്കുന്നതായും പരാതിയുണ്ട്. ഇതൊക്കെ പരിഹരിക്കാനും മുന്നൊരുക്കങ്ങൾ വേണം.

Content Highlights: Over 25 lakh pilgrims visited Kottiyoor, with half originating from Karnataka., The influx creates significant economic growth for the Kannur district during the monsoon off-season., Need for integrated tourism planning including Theyyam, Ayurveda, and heritage sites., Infrastructure challenges like language barriers, traffic, and facility management need urgent government attention.