മൂഴിയാർ: ക്രമക്കേട് മറയ്ക്കാൻ ജനറേറ്റർമാറ്റത്തിനുള്ള ശുപാർശ തള്ളി; നഷ്ടം 1000 കോടി കടന്നു

കോട്ടയം: മൂഴിയാർ പവർഹൗസിലെ വിവാദ നാലാംനമ്പർ ജനറേറ്റർ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള ജനറേഷൻ വിഭാഗത്തിന്റെ ശുപാർശ തള്ളിയതും പുറത്തുവരുന്നു. ആറുവർഷം മുമ്പാണ് ശുപാർശ ബോർഡിന് സമർപ്പിച്ചത്. പക്ഷേ വൈദ്യുതിവകുപ്പിലെ ഉന്നതരുടെ നിർദേശപ്രകാരം ഇത് പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചു.
ഏകദേശം 40 കോടി രൂപയ്ക്ക് പുതിയൊരു ജനറേറ്റർ സ്ഥാപിക്കാമെന്നും അതിന്റെ ചെലവ് അഞ്ചുവർഷംകൊണ്ട് തിരിച്ചുപിടിക്കാമെന്നുമായിരുന്നു ശുപാർശയുടെ ഉള്ളടക്കം. 60 മെഗാവാട്ടിന്റെ പൂർണശേഷിയിൽ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നത് ശബരിഗിരി പദ്ധതിക്കും നേട്ടമാകുമെന്നും ചൂണ്ടിക്കാട്ടി. ജനറേറ്റർ സ്ഥാപിക്കാൻ വൈദഗ്ധ്യമുള്ള ഇന്ത്യൻ സ്ഥാപനങ്ങളുണ്ടെന്നതും രേഖപ്പെടുത്തിയിരുന്നു.
ശബരിഗിരി കേരളത്തിലെ രണ്ടാമത്തെ വലിയ വൈദ്യുതി പദ്ധതിയാണ്. നിലവിൽ മുടന്തിനീങ്ങുന്ന നാലാം നമ്പർ ജനറേറ്റർ ഇതേവരെ 1000 കോടി രൂപയോളം നഷ്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. അത് പ്രഖ്യാപിത ശേഷിയായ 60 മെഗാവാട്ടിന്റെ സമീപത്തുപോലും എത്തുന്നില്ല. ഇടയ്ക്ക് നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷനിലെ വിദഗ്ധർ വന്ന് നവീകരണം നടത്തിയപ്പോൾ മാത്രം ഏതാനുംദിവസം 60 മെഗാവാട്ട് ഉത്പാദിപ്പിച്ചതൊഴിച്ചാൽ അതിനുമുമ്പോ പിന്നീടോ ജനറേറ്റർ പ്രഖ്യാപിത ശേഷിയിലേക്ക് വന്നിട്ടില്ല. തുടർച്ചയായ വിറയൽ കാരണം ജീവനക്കാർ അവിടെ ജോലിചെയ്യാൻ ഭയപ്പെടുന്ന സാഹചര്യവുമുണ്ട്.
എന്നാൽ യന്ത്രം മാറ്റുന്നതോടെ അതുവരെ മൂടിവെച്ച വീഴ്ചകൾ പുറത്തുവരുമെന്ന് ബോർഡിലെ ഒരുവിഭാഗം ഉന്നതരും വകുപ്പിലെ മേധാവികളും ആശങ്കപ്പെട്ടു. 2013-ൽ സ്ഥാപിച്ച് 2028 വരെ പെർഫോമൻസ് ഗ്യാരണ്ടിയുള്ള ജനറേറ്റർ മാറ്റുന്നത് ചിലരെ നിയമകുരുക്കിലാക്കുമെന്നും രഹസ്യ ഉപദേശം ലഭിച്ചു. പെർഫോമൻസ് ഗ്യാരണ്ടിയായ മൂന്നുകോടി രൂപ പിടിച്ചുവെക്കാതെ ചൈനീസ് കമ്പനിക്ക് മടക്കിക്കൊടുത്തതുൾപ്പെടെ ഇങ്ങനെ വെളിയിൽ വരും. കരാറിൽ പറഞ്ഞ പ്രകടനം ജനറേറ്ററിന് ഉണ്ടായില്ലെങ്കിൽ ഗ്യാരണ്ടി തുക പിടിച്ചുവെക്കേണ്ടതായിരുന്നു.
ചോദ്യങ്ങൾ ബാക്കി
- പവർ ഹൗസുകളിൽ കേടായ ഉപകരണങ്ങൾ നവീകരണം നടത്തിയിട്ടും ശരിയാകാതെവന്നാൽ മാറ്റാം. അതേസമയം 54 തവണ മേജർ പണികൾ നടത്തിയിട്ടും ശരിയാകാത്ത ജനറേറ്റർ ഇപ്പോഴും മാറ്റുന്നില്ല. എന്തുകൊണ്ട്?
- കരാർ പ്രകാരമുള്ള പ്രകടനം കാഴ്ചവെക്കാഞ്ഞിട്ടും ചൈനീസ് കമ്പനിക്ക് എതിരേ നിയമനടപടി ഇല്ല. എന്തുകൊണ്ട്?
- വിജിലൻസ് അന്വേഷണം എവിടെയും എത്താതെ പോയത് എന്തുകൊണ്ട്?
- ജലവൈദ്യുത പദ്ധതികളുടെ പ്രകടനവിശകലനം കാലാകാലം നടത്തുമ്പോൾ മൂഴിയാറിലെ കുറവുകൾ ബോർഡ് പരിഗണിക്കാതെ പോകുന്നത് എന്തുകൊണ്ട്?
Content Highlights: Board rejected recommendation to replace faulty generator at Moozhiyar Powerhouse., The faulty generator caused an estimated loss of 1000 crore rupees., Concerns over exposing past flaws and legal troubles for officials delayed the replacement., Performance guarantee amount was allegedly returned to the Chinese company without penalty.