വിശ്വജ പരീക്ഷ എഴുതിയത് ആംബുലന്‍സില്‍കിടന്ന്; കണക്കിനൊഴികെ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ്

വിശ്വജ ആംബുലന്‍സില്‍ പരീക്ഷയെഴുതിയത് സംബന്ധിച്ച് നേരത്തേ പ്രസിദ്ധീകരിച്ച വാര്‍ത്ത(ഇടത്ത്) വിശ്വജ എന്‍.മധു(വലത്ത്)
വിശ്വജ ആംബുലന്‍സില്‍ പരീക്ഷയെഴുതിയത് സംബന്ധിച്ച് നേരത്തേ പ്രസിദ്ധീകരിച്ച വാര്‍ത്ത(ഇടത്ത്) വിശ്വജ എന്‍.മധു(വലത്ത്)

മണിമല(കോട്ടയം): അപകടത്തില്‍ പരിക്കേറ്റ് സ്‌കൂള്‍വളപ്പില്‍ ആംബുലന്‍സിലെത്തി പരീക്ഷയെഴുതിയ വിദ്യാര്‍ഥിനിക്ക് കണക്കിനൊഴികെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. ആംബുലന്‍സില്‍ കിടന്ന് എഴുതിയ കണക്ക് പരീക്ഷയില്‍ വേദനയുടെ കാഠിന്യംകൊണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാനാകാത്തതിനാല്‍ ബി ഗ്രേഡ്.

മണിമല സെയ്ന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ വിശ്വജ എന്‍.മധുവിനാണ് ഈ നേട്ടം. മണിമല നമ്പുരയ്ക്കല്‍ എന്‍.ടി. മധുസൂദനന്റെ(മണിക്കുട്ടന്‍)യും മണിമല സെയ്ന്റ് സ്റ്റീഫന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപിക ആശ പി.നായരുടെയും മകളാണ്. മാര്‍ച്ച് 16-നായിരുന്നു കാറപകടത്തില്‍ പരിക്കേറ്റ് വിശ്വജയെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്.

ഇടുപ്പ് തെന്നിമാറിയതിനാല്‍ എഴുന്നേറ്റിരിക്കാനാകില്ലായിരുന്നു. ദിവസങ്ങളോളം കിടപ്പാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

മേവടയില്‍ മധുസൂദനന്റെ സഹോദരിയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ചാമംപതാലില്‍ കാര്‍ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മധുസൂദനനും അമ്മ ശ്യാമളകുമാരിക്കും പരിക്കേറ്റിരുന്നു.

പിറ്റേന്നായിരുന്നു കണക്കുപരീക്ഷ. അവധിയായതിനാല്‍ സഹായിയെവെച്ച് പരീക്ഷയെഴുതാന്‍ വിദ്യാഭ്യാസവകുപ്പില്‍നിന്ന് അനുമതി നേടാനായില്ല. അതിനാല്‍ രാവിലെ ആശുപത്രിയില്‍നിന്ന് ആംബുലന്‍സിലെത്തി അതില്‍ കിടന്നുകൊണ്ടുതന്നെ പരീക്ഷയെഴുതി. ഉത്തരങ്ങള്‍ ബോര്‍ഡില്‍ ഉറപ്പിച്ച പേപ്പറിലേക്ക് ശ്രമകരമായാണ് എഴുതിയത്.

പിറ്റേന്നും ആശുപത്രിയില്‍ നിന്നെത്തിയാണ് പരീക്ഷയെഴുതിയത്. അടുത്ത ദിവസം മുതലുള്ള പരീക്ഷയ്ക്ക് ഇതേ സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി മേഘ്ന സൂസന്‍ വിനോദിനെ സ്‌ക്രൈബ്(എഴുത്തുസഹായി) ആയി നിയോഗിച്ചു. വിശ്വജ കിടന്നുകൊണ്ട് ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്ത് എഴുതിച്ചു.

ജില്ലാതല ഗണിതശാസ്ത്രമേളയില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ഥിനിയാണ് വിശ്വജ. സ്‌കൂള്‍ കലോത്സവത്തില്‍ തമിഴ് കവിതാരചന, തമിഴ് പദ്യംചൊല്ലല്‍ തുടങ്ങിയവയിലെ വിജയിയുമായിരുന്നു.

Content Highlights: kottayam student wrote her exams in an ambulance, achieving A+ in all subjects except Maths.