രാവിലെ ബാർ പൂട്ടിച്ചു, വെല്ലുവിളിച്ച് വൈകുന്നേരം വീണ്ടും തുറന്നു; മന്ത്രി അറിഞ്ഞു, ലൈസൻസ് പോയി

മണർകാട്(കോട്ടയം): എക്സൈസ് അധികൃതർ രാവിലെ പൂട്ടിച്ച ബാർ വൈകീട്ട് വീണ്ടും തുറന്നതിൽ കടുത്ത നടപടിയുമായി എക്സൈസ് മന്ത്രി എം. ലിജു. മന്ത്രിയുടെ നിർദേശമനുസരിച്ച് കോട്ടയത്തെ മണർകാട് രാജ് റീജന്റ് ബാറിന്റെ ലൈസൻസ് റദ്ദാക്കി. നിയമവിരുദ്ധമായി ശനിയാഴ്ച അതിരാവിലെ പ്രവർത്തിച്ച ബാർ, എക്സൈസിന്റെ മിന്നൽ പരിശോധനയെത്തുടർന്ന് രാവിലെ പൂട്ടിച്ചു. ഇതുസംബന്ധിച്ച നോട്ടീസും ഉദ്യോഗസ്ഥർ ബാർ അധികാരികൾക്ക് കൈമാറിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥരുടെ നടപടിയെ വെല്ലുവിളിച്ച് വൈകീട്ടോടെ ബാർ വീണ്ടും തുറന്ന് പ്രവർത്തിച്ചു. ബാർ പ്രവർത്തിച്ചതറിഞ്ഞ് മന്ത്രി ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. നിയമവിരുദ്ധമായി പ്രവർത്തിച്ച ബാർ പൂട്ടിച്ച ഉദ്യോഗസ്ഥരുടെ നടപടി ലംഘിച്ചാണ് ഉടമ ബാർ തുറന്നുപ്രവർത്തിച്ചതെന്ന് അറിഞ്ഞു. അതോടെ മന്ത്രിയുടെ നിർദേശമനുസരിച്ച് എക്സൈസ് കമ്മിഷണർ ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള രേഖാമൂലമുള്ള നടപടി ബാർ മാനേജ്മെന്റിന് നൽകുകയായിരുന്നു.
കോട്ടയംജില്ലയിലെ ബാറുകൾ സംസ്ഥാനത്തെ മറ്റുബാറുകളുടെ സമയക്രമത്തിനനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് നേരത്തേ മന്ത്രി എം. ലിജു വിമർശിച്ചിരുന്നു. അതിരാവിലെ തുറക്കുന്ന ബാറുകൾക്കെതിരേ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും മന്ത്രി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ശനിയാഴ്ച രാജ് റീജന്റ് ബാറിൽ പുലർച്ചെ മിന്നൽപ്പരിശോധന നടത്തിയത്.
Content Highlights: Raj Regent Bar in Manarkad, Kottayam, had its license cancelled by Excise Minister M Liju., The bar was initially raided and shut down by excise officials for operating illegally early in the morning., Management defied orders and reopened the bar by evening, prompting strict action from the minister., The Excise Commissioner issued written orders cancelling the license following the minister's strict directive.