മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറന്നിറങ്ങി, കറുത്ത ബലൂണുകൾ പറത്തി മഹിളാ കോൺഗ്രസ്; കരിങ്കൊടി പ്രതിഷേധവും

കോട്ടയം: കോട്ടയത്ത് രണ്ടിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരേ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.
മഹിളാ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ വന്നിറങ്ങിയപ്പോൾ കറുത്ത ബലൂണുകളും പറത്തി. ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായി കോട്ടയത്ത് ഹെലികോപ്റ്ററിൽ എത്തിയ മുഖ്യമന്ത്രി, പിന്നീട് കാർ മാർഗം സഞ്ചരിക്കവേയാണ് പ്രതിഷേധം അരങ്ങേറിയത്. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപവും കുടമാളൂരിലുമാണ് മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം മഹിളാ കോൺഗ്രസ് പ്രവർത്തകർ കറുത്ത ബലൂണുകളും പറത്തി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ അടക്കമുള്ള പ്രവർത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തുനീക്കി.