രോഗിയോട് മോശം പെരുമാറ്റം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നിർബന്ധിത അവധി

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ആരോഗ്യവകുപ്പ് വിജിലൻസ് അന്വേഷണം തുടങ്ങി. ഡെപ്യൂട്ടി ഡി.എം.ഒ.യുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിക്കുകയും ഡോക്ടറിൽനിന്നു മൊഴിയെടുക്കുകയും ചെയ്തു.
ആരോപണവിധേയയായ, അത്യാഹിതവിഭാഗത്തിലെ മെഡിക്കൽ ഓഫീസർ ഡോ. രേഖാകൃഷ്ണനോട് താത്കാലിക അവധിയിൽ പ്രവേശിക്കാൻ ആശുപത്രി സൂപ്രണ്ട് നിർേദശം നൽകി. കഴിഞ്ഞദിവസമാണ് അത്യാഹിതവിഭാഗത്തിൽ പനിയും ശരീരവേദനയുമായി ചികിത്സതേടിയെത്തിയ രോഗിയോട് ഡോക്ടർ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
രാത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സ തേടിയെത്തിയതിനെ ചോദ്യംചെയ്ത ഡോക്ടർ അവഹേളിക്കുംവിധം സംസാരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
രാഷ്ട്രീയപാർട്ടികളും യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ബി.ജെ.പി.യും ഡി.വൈ.എഫ്.ഐ.യും ആശുപത്രിയിൽ സമരം നടത്തി. ഡോക്ടർക്കെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സൂപ്രണ്ടിന് പരാതിയും നൽകി.
തുടർന്നാണ് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും വിജിലൻസ് വിഭാഗം അന്വേഷണത്തിന് എത്തുകയും ചെയ്തത്. ഡോക്ടർക്കെതിരേ സമാനമായ പരാതികൾ മുൻപും ഉയർന്നിരുന്നു. രണ്ടു പരാതികളിൽ വിജിലൻസ് അന്വേഷണം നടക്കുകയുമാണ്. പഴയ പരാതികളുടെ വിവരങ്ങളും ശേഖരിച്ചാണ് അന്വേഷണസംഘം മടങ്ങിയത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽനിന്ന് തുടർനടപടികൾ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പ്രതിഷേധകേന്ദ്രമായി താലൂക്കാശുപത്രി
ഇടവേളയ്ക്കുശേഷം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വീണ്ടും വിവാദങ്ങളുയരുന്നു. രോഗിയോട് വനിതാ ഡോക്ടർ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ആശുപത്രി വേദിയായി.
ഡോക്ടർക്കെതിരേ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി.യും ഡി.വൈ.എഫ്.ഐ.യും സമരം നടത്തി. ദിവസവും ആയിരത്തി ഇരുന്നൂറിലധികം ആളുകൾ ഒ.പി.യിൽ മാത്രം ചികിത്സതേടിയെത്തുന്ന ആശുപത്രിയിൽ വൈകീട്ട് അത്യാഹിതവിഭാഗത്തിൽ മാത്രമാകും ഡോക്ടർമാരുണ്ടാവുക.
സ്വകാര്യ ആശുപത്രികളിൽ പോയാലുണ്ടാകുന്ന പണച്ചെലവോർത്താണ് സാധാരണക്കാർ രാത്രിയിലും ചികിത്സ തേടി താലൂക്കാശുപത്രിയിലെത്തുന്നത്. അടിയന്തര ചികിത്സയ്ക്കുള്ളതാണ് അത്യാഹിത വിഭാഗമെങ്കിലും ചെറുതും വലുതുമായ ഏതു രോഗത്തിനും ചികിത്സതേടി എത്തുന്നവരെ മടക്കി അയയ്ക്കാറില്ല.
ഭൂരിഭാഗം ഡോക്ടർമാരും വേഗത്തിൽ രോഗികളെ പരിശോധിച്ചു മരുന്നു കുറിച്ചുനൽകും. അപകടത്തിൽപ്പെട്ടോ മറ്റു ഗുരുതരാവസ്ഥയിലോ രോഗികളെത്തുമ്പോൾ മാത്രമാകും മറ്റുള്ളവരെ ചികിത്സിക്കുന്നത് താത്കാലികമായി നിർത്തുക.
എന്നാൽ ചില ഡോക്ടർമാരുടെ അസഹിഷ്ണുതനിറഞ്ഞ പെരുമാറ്റവും രോഗികളോടു കാട്ടുന്ന പുച്ഛവും മറ്റുള്ളവർക്കും ആശുപത്രിക്കുമൊത്തത്തിലും പേരുദോഷമാകുന്ന സ്ഥിതിയാണ്.
കഴിഞ്ഞദിവസം ആശുപത്രിയിലേക്കു മാർച്ച് നടത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ സൂപ്രണ്ടിനെ ഉപരോധിച്ചു. സമരം ബ്ലോക്ക് സെക്രട്ടറി എസ്. അരവിന്ദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിസ് ബി.മോനച്ചന്റെ അധ്യക്ഷതയിൽ ഫൈസൽ ബഷീർ, എസ്. ദീപു, നിതിൻ രാജ്, ബി.കെ. അനന്ദു, അജീഷ് എന്നിവർ സംസാരിച്ചു. ഡോക്ടർക്കെതിരേ നടപടിയുണ്ടാകുമെന്ന സൂപ്രണ്ടിന്റെ ഉറപ്പിലാണ് സമരം അവസാനിച്ചത്.
രോഗികളോട് നിരന്തരം മോശമായി പെരുമാറുന്ന ഡോക്ടർക്കെതിരേ നടപടിയില്ലാത്തത് ഉന്നത ഇടപെടൽ കൊണ്ടാണെന്ന് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര ആരോപിച്ചു. താലൂക്കാശുപത്രിയിൽ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടറെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ ശക്തമായ സമരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ പ്രസാദ് പള്ളിക്കൽ, ബിജു ചിലങ്ക, രാജേഷ് ബാബു, രാഹുൽ, അരുൺ, ബിജു, ഷിബു, രാജശേഖരൻ തുടങ്ങിയവർ നേതൃത്വം നൽകി.
രോഗികളോടു കയർക്കുന്നത് പതിവു സംഭവം
ആരോപണവിധേയയായ വനിതാ ഡോക്ടർക്കെതിരേ ആരോഗ്യവകുപ്പ് വിജിലൻസിലും ഡി.എം.ഒ.യിലുമായി പത്തിലധികം പരാതികളുണ്ട്. വിജിലൻസിൽ ലഭിച്ച പരാതികളിൽ രണ്ടെണ്ണത്തിൽ അന്വേഷണം നടക്കുകയാണ്. അകാരണമായി രോഗികളോടു തർക്കിക്കുകയും ചികിത്സ വൈകിപ്പിക്കുകയും ചെയ്തതിന്റെ പേരിലുള്ള പരാതികളാണ് അധികവും.
കഴിഞ്ഞ ജനുവരിയിൽ അവശനായി ചികിത്സതേടിയെത്തിയ വയോധികന്റെ ബന്ധുക്കളോട് ഡോക്ടർ തർക്കത്തിലാവുകയും ചികിത്സ വൈകിപ്പിച്ചെന്ന പരാതി ഉയരുകയും ചെയ്തിരുന്നു. വയോധികരെന്നോ സ്ത്രീകളെന്നോ കുട്ടികളെന്നോ പരിഗണിക്കാതെ ആക്ഷേപിക്കുന്ന രീതിയിലുളള ഡോക്ടറുടെ സംസാരം പലപ്പോഴും സംഘർഷത്തിനു കാരണമായിട്ടുണ്ട്.
Content Highlights: Following a viral video showing Dr. Rekha Krishna insulting a patient who sought treatment for fever at night, the Health Department initiated a vigilance inquiry, and the hospital superintendent directed the doctor to go on mandatory leave.