വിരണ്ടോടിയ പോത്ത് പുരപ്പുറം കയറി, താഴെയിറക്കി അഗ്നിശമന സേന

കോതമംഗലം: കോട്ടപ്പടി പ്ലാമുടിയിൽ മേയാൻ വിട്ട പോത്ത് വിരണ്ടോടി പുരപ്പുറം കയറി. ബഹുനില മന്ദിരത്തിന് മുകളിൽ കയറിയ പോത്തിനെ ഏറെ സാഹസികമായാണ് താഴെയിറക്കിയത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. അഗ്നിരക്ഷാസേന എത്തി സാഹസികമായാണ് പോത്തിനെ താഴെ എത്തിച്ചത്.

കോട്ടപ്പടി പ്ലാമുടിക്കുസമീപം കണ്ണാക്കടയിൽ ബഥേൽ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ഇരുനില മന്ദിരത്തിന്റെ മുകളിൽ മുൻപ് സംഭരണിയായി ഉപയോഗിച്ചിരുന്ന ടെറസിലാണ് പോത്ത് എത്തിയത്. 20 ഏക്കറോളം വരുന്ന തോട്ടത്തിലുള്ള കെട്ടിടമാണിത്.

തോട്ടത്തിൽ മുപ്പതോളം പോത്തിനെയും എരുമയെയും വളർത്തുന്നുണ്ട്. ഇതിൽ ഒരു പോത്താണ് വിരണ്ട് പുരപ്പുറത്ത് കയറിക്കൂടിയത്. പോത്തിനെ തോട്ടത്തിൽ മേയാൻ വിട്ടതായിരുന്നു. ഇതിനിടെയാണ് വിരണ്ട് പോത്ത് പടികൾ കയറി മുകളിലേക്ക് പോയത്. ഇത് താഴെ ഉണ്ടായിരുന്ന തോട്ടത്തിലെ പണിക്കാരിൽ ഒരാൾ കണ്ടാണ് വിവരം അറിയിച്ചത്. സ്റ്റെയർ കെയ്‌സിലൂടെ നടന്ന് കെട്ടിടത്തിന് മുകളിലെത്തിയ പോത്തിന് തിരികെ ഇറങ്ങാൻ അറിയാതെ കരച്ചിലും ബഹളവുമായി.

കോതമംഗലത്തുനിന്ന് ഫയർഫോഴ്‌സ് എത്തി നാട്ടുകാരുടെ സഹായത്തോടെ കൈകാലുകൾ ബന്ധിച്ച് വടവും ബെൽറ്റും ചേർത്തുകെട്ടി രാത്രി 7.45-ഓടെയാണ് പോത്തിനെ താഴെ ഇറക്കിയത്.

Content Highlights: A runaway bull scaled a multi-story building in Kothamangalam. Firefighters bravely rescued the distressed animal after it became trapped on the rooftop.