പതിമ്മൂന്നുകാരിയുടെ വ്യാജ പീഡന പരാതി; യുവാവിനെ മർദിച്ച എസ്.ഐക്കെതിരെ നടപടി

#ന്യൂസ് ഡെസ്‌ക്‌
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

പത്തനംതിട്ട: ഒൻപതാംക്ലാസ് വിദ്യാർഥിനിയുടെ വ്യാജ പീഡനപരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ മർദിച്ച എസ്.ഐ.യ്ക്ക് സ്ഥലംമാറ്റം. ഈ സംഭവം നടക്കുമ്പോൾ കൂടൽ പോലീസ് സ്‌റ്റേഷന്റെ ചുമതലയിലുണ്ടായിരുന്ന കോന്നി സി.ഐ.യ്‌ക്കെതിരേയും വകുപ്പുതല നടപടിയുണ്ടാകും. വകുപ്പുതല അന്വേഷണത്തിൽ കൂടൽ പോലീസിന് വീഴ്ചപറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്കനടപടി.

കൂടൽ എസ്.ഐ. ജയ്‌മോനെ ജില്ലാ ആസ്ഥാനത്തെ എ.ആർ.ക്യാമ്പിലേക്കാണ് മാറ്റിയത്. വ്യാജപരാതിയിൽ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്ത ഹൃദ്രോഗിയായ 20-കാരനാണ് ക്രൂരമായ പോലീസ് മർദനമേറ്റത്. സ്‌റ്റേഷന് സമീപത്തുള്ള ക്വാർട്ടേഴ്‌സിൽ എത്തിച്ചാണ് മർദിച്ചതെന്ന് യുവാവ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്നു പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്കു യുവാവ് പരാതി നൽകിയതിനെത്തുടർന്ന് പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.ജി. അനീഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം വകുപ്പുതല അന്വേഷണം നടത്തിയത്.

സ്‌റ്റേഷനിലെ സി.സി.ടി.വി. പരിശോധനയിൽ കസ്റ്റഡി മർദനം വ്യക്തമാണെന്ന റിപ്പോർട്ടാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ജില്ലാ പോലീസ് മേധാവിക്ക് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.യെ സ്ഥലംമാറ്റിയത്. കോന്നി സി.ഐ.യ്ക്കെതിരേയുള്ള നടപടി ഡി.ഐ.ജി. തലത്തിലാണ് സ്വീകരിക്കേണ്ടത്.

പത്തുപേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നായിരുന്നു 13 കാരിയുടെ മൊഴി. പ്രായപൂർത്തിയാകാത്തവരുൾപ്പെടെ ആറുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും മെഡിക്കൽ പരിശോധനയിൽ ഉൾപ്പെടെ പീഡനത്തിന് തെളിവ് ലഭിക്കാതെ വന്നതോടെ വിട്ടയച്ചു. പ്രണയനൈരാശ്യത്തെത്തുടർന്ന് പെൺകുട്ടി കളവ് പറഞ്ഞെന്നാണ് പോലീസ് പിന്നീട് വിശദീകരിച്ചത്.

Content Highlights: Koodal police SI has been transferred following a departmental probe into the custodial torture of a youth based on a false complaint.