ആരോ പറഞ്ഞു, പാലത്തിന്റെ പേര് ഉദ്യോഗസ്ഥര്‍ മാറ്റിയെഴുതി; സ്ഥലംവിട്ടുകൊടുത്ത കുടുംബം കോടതിയില്‍, പഴയപേര് തിരിച്ചെത്തി

കുമരകം: ആരോ പറഞ്ഞതുകേട്ട് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ പാലത്തിന്റെ പേര് മാറ്റിയെഴുതി. വിവരമറിഞ്ഞതോടെ പാലം നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കിയവര്‍ ഉദ്യോഗസ്ഥരിട്ട പേരിനെ എതിര്‍ത്തു.
ഇതോടെ 'പാലം' തര്‍ക്കം കോടതിയിലെത്തി. രേഖകള്‍ പരിശോധിച്ച കോടതി പറഞ്ഞു 'പാലത്തിന്റെ പേര് മാറ്റേണ്ട, അങ്ങനെതന്നെ തുടരട്ടെ'. കുമരകം കോണത്താറ്റ് പാലത്തിന്റെ പേര് മാറ്റിയതിനെചൊല്ലിയുള്ള തര്‍ക്കമാണ് കോടതികയറിയത്.
പാലം നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കിയ കുടുംബമാണ് പേര് മാറ്റിയതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. പുതുക്കിപ്പണിയുന്ന കോണത്താറ്റ് പാലത്തിന്റെ പേര് ഉദ്യോഗസ്ഥര്‍ കാരിക്കത്തറ പാലമെന്ന് സര്‍ക്കാര്‍ രേഖകളില്‍ എഴുതിച്ചേര്‍ത്തു. പേര് മാറ്റിയത് ആരെന്നൊ, ആര് പറഞ്ഞിട്ടെന്നൊ അധികൃതര്‍ക്ക് അറിയില്ലെങ്കിലും സകല ഔദ്യോഗിക രേഖകളിലും പേരുമാറി. നിര്‍മാണം നടക്കുന്ന പാലത്തിലും കാരിക്കത്തറ പാലമെന്ന് ബോര്‍ഡും ഉയര്‍ന്നു.
ഇതോടെയൊണ് 88 വര്‍ഷം മുമ്പ് പാലത്തിന് സ്ഥലം വിട്ടുനല്‍കിയ തോമസ് കോണത്താറ്റിന്റെ മകന്‍ ഫിലിപ്പിന്റെ മക്കളായ ഷാജി കോണത്താറ്റും റോയി കോണത്താറ്റും ഹൈക്കോടതിയെ സമീപിച്ചത്.
അന്നത്തെ എംഎല്‍സിയായിരുന്ന മേനോന്‍ വീട്ടില്‍ ഗോപാലമേനോന്റെ ആവശ്യപ്രകാരമായിരുന്നു തന്റെ ഭൂമിക്ക് മധ്യത്തിലൂടെ ആശുപത്രി തോടിന് ഇരുവശത്തുനിന്നും പാലം നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഇവരുടെ വല്യപ്പനായ തോമസ് കോണത്താറ്റ് സൗജന്യമായി വിട്ടുനല്‍കിയത്.
അക്കാലത്ത് പാലത്തിന്റെ സമീപത്തായി അഞ്ചല്‍ ഓഫീസ്, പഞ്ചായത്ത് കാര്യാലയം എന്നിവയും പ്രവര്‍ത്തിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കോണത്താറ്റ് കുടുംബത്തിന്റെ ഭൂമി പലര്‍ക്കായി വില്‍പ്പന നടത്തി.
വാങ്ങിയ പലകുടുംബങ്ങളും ഇവിടെ താമസവും തുടങ്ങി. എന്നാല്‍, പാലത്തിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകളോ ആലോചനകളോ ഇല്ലാതിരിക്കെ കിഫ്ബി ഉള്‍പ്പെടെ സര്‍ക്കാര്‍ രേഖകളില്‍ പേര് മാറിയത് എങ്ങനെയെന്ന് ആര്‍ക്കും അറിയില്ല.
പാലത്തിന് സമീപം ബോര്‍ഡ് ഉയര്‍ന്നതോടെയാണ് പേര് നിലനിര്‍ത്താന്‍ യഥാര്‍ഥ അവകാശികള്‍ നിയമപോരാട്ടത്തിനിറങ്ങിയത്. തുടര്‍ന്ന് രേഖകള്‍ അടിസ്ഥാനമാക്കി വിശദമായ പരിശോധനകള്‍. ഒടുവില്‍ കോടതി പറഞ്ഞു... 'കോണത്താറ്റ് പാലം' ആ പേരില്‍തന്നെ തുടരട്ടെ.
Content Highlights: kottayam konathattu bridge name change high court