കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ: നാല് തുരങ്കങ്ങൾ, 9 കി.മീ. വനത്തിനുള്ളിലൂടെ; സർവേ ഉടൻ പൂർത്തിയാകും

കൊല്ലം: കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ പദ്ധതിക്കുള്ള വനത്തിനുള്ളിലെ സര്‍വേ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാകും. നേരത്തേ നിശ്ചയിച്ചതിനു വിപരീതമായി ആര്യങ്കാവില്‍നിന്ന് ചെങ്കോട്ടയിലേക്ക് തീവണ്ടിപ്പാതയുടെ ഇടതുവശത്തുകൂടിയാണ് ഹൈവേ കടന്നുപോകുന്നത്. ഒന്‍പത് കിലോമീറ്റര്‍ ദൂരം വനത്തിനുള്ളിലൂടെയാണ് പാത. നാല് തുരങ്കങ്ങളുണ്ടാകും.
ഉത്തരേന്ത്യന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് സര്‍വേ നടത്തുന്നത്. സെപ്റ്റംബറോടെ ഹൈവേ പദ്ധതി അടുത്ത ഘട്ടത്തിലേക്ക് കടക്കും.
ഐരനല്ലൂര്‍, ഇടമണ്‍, ഏരൂര്‍, ആര്യങ്കാവ്, തെന്മല വില്ലേജുകളിലാണ്, പുതിയ അലൈന്‍മെന്റ് പ്രകാരം പാത വനത്തിനുള്ളിലൂടെ കടന്നുപോകുന്നത്. കൂടുതല്‍ ആഘാതമുണ്ടാക്കുന്ന ആദ്യ അലൈന്‍മെന്റ് വനംവകുപ്പ് അംഗീകരിച്ചില്ല.
വനത്തിന്റെ അരികിലൂടെ പോകുന്ന തരത്തില്‍ അലൈന്‍മെന്റ് പരിഷ്‌കരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനാലാണ് തീവണ്ടിപ്പാതയുടെ ഇടതുവശത്തേക്ക് നിര്‍ദിഷ്ട പാത മാറ്റിയത്.
തിരുവനന്തപുരം ജില്ലയിലെ കടമ്പാട്ടുകോണത്തുനിന്ന് ആരംഭിച്ച് കൊല്ലം ജില്ലയിലെ മലയോരമേഖലയിലൂടെ ചെങ്കോട്ടവരെ 79 കിലോമീറ്റര്‍ നീളമുള്ള പാതയാണ് നിര്‍മിക്കുന്നത്.
അന്തിമ അലൈന്‍മെന്റ് വൈകുന്നു
ഹൈവേയുടെ അലൈന്‍മെന്റ് അന്തിമമാകാത്തത് ഭൂവുടമകള്‍ക്ക് തിരിച്ചടിയാണ്. ആദ്യ റീച്ചായ കടമ്പാട്ടുകോണംമുതല്‍ ഇടമണ്‍വരെയുള്ള ഭാഗത്തെ പദ്ധതി ഫിനാന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. രണ്ടാഴ്ചയ്ക്കകം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
അലൈന്‍മെന്റിലെ അനിശ്ചിതത്വംമൂലം ദേശീയപാതാ അതോറിറ്റിക്ക് വിശദ വിലനിര്‍ണയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വില്ലേജുകളിലെയും നഷ്ടപരിഹാരം വൈകുകയാണ്. ഐരനല്ലൂര്‍, ഇടമണ്‍, ഏരൂര്‍ വില്ലേജുകളില്‍നിന്ന് ഏറ്റെടുക്കുന്ന ഭൂമി ഉള്‍പ്പെടുത്തിയുള്ള ത്രീ-ഡി വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടില്ല.
നേരത്തേ നഷ്ടപരിഹാരത്തിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. അല്ലെങ്കില്‍ പാതയുടെ നിര്‍മാണസാമഗ്രികള്‍ക്ക് ജിഎസ്ടിയും റോയല്‍റ്റിയും ഒഴിവാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇക്കാര്യം സംസ്ഥാനസര്‍ക്കാര്‍ സമ്മതിച്ചതോടെയാണ് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പുനരാരംഭിച്ചത്.
എന്നാല്‍ കടമ്പാട്ടുകോണംമുതല്‍ ഇടമണ്‍വരെ സ്ഥലം വിട്ടുകൊടുത്തവര്‍ തീരാദുരിതത്തിലാണെന്ന് കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ കര്‍മസമിതി ചെയര്‍മാന്‍ ജി. അനില്‍കുമാര്‍ പറഞ്ഞു. അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഭൂമിയില്‍ കൃഷിചെയ്യാനോ വീട് അറ്റകുറ്റപ്പണി നടത്താനോപോലും സാധിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Kollam-Sengottai Greenfield Highway survey within the forest to be completed in two weeks.