കൊല്ലം തുറമുഖംവഴി ചരക്കുകൈമാറ്റം: താത്പര്യപത്രം ക്ഷണിച്ച് മാരിടൈം ബോർഡ്; സാധ്യതകളേറെ

കൊല്ലം: കൊല്ലം തുറമുഖത്തിന്റെ നിലവിലുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ നീക്കവുമായി മാരിടൈം ബോർഡ്. തുറമുഖത്തിലുള്ള ഗോഡൗണുകൾ, പത്തേക്കർ സ്ഥലം, രണ്ട് വാർഫുകൾ ഇവ ഉപയോഗപ്പെടുത്തി ചരക്കുകൈമാറ്റത്തിനുള്ള സാധ്യതകളാണ് തേടുന്നത്. ഇതിനായി കടൽവഴി ചരക്കുനീക്കം നടത്തുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എന്നിവരിൽനിന്ന് മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ചരക്കുനീക്കത്തിന് തയ്യാറായി എത്തുന്നവർക്ക് സഹായകമായ രീതിയിലാകും നിരക്കുകൾ നിശ്ചയിക്കുക. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം എന്നിവയുമായി ബന്ധപ്പെടുത്തിയുള്ള ചരക്കുകൈമാറ്റത്തിനാണ് മുൻഗണന നൽകുന്നത്.
സാധ്യതകളേറെ
ചരക്കുനീക്കത്തിന് അനുഗുണമായ ഒട്ടേറെ ഘടകങ്ങൾ കൊല്ലം തുറമുഖത്തുണ്ട്.
പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകൾക്കു പുറമേ, തമിഴ്നാട്ടിലെ തെങ്കാശിയിൽനിന്നും കൊല്ലത്തേക്ക് എളുപ്പത്തിൽ ചരക്ക് എത്തിക്കാനാകും. ചരക്കുകൾ സൂക്ഷിക്കാൻ രണ്ട് വലിയ ഗോഡൗണുകളുമുണ്ട്. കണ്ടെയ്നറുകൾ ഉയർത്താനും അടുക്കി സൂക്ഷിക്കാനുമുള്ള റീച്ച് സ്റ്റാക്കർ, 25 ടൺ ശേഷിയുള്ള മൊബൈൽ ക്രെയിൻ, ഫോർക്ക് ലിഫ്റ്റ്, വെയിങ് മെഷീൻ, വെസൽ ട്രാഫിക് മോണിറ്ററിങ് സംവിധാനം എന്നിവയ്ക്കു പുറമേ, എം.ടി.മലബാർ എന്ന ടഗും തുറമുഖത്തുണ്ട്. ഇതെല്ലാം പ്രയോജനപ്പെടുത്തി, വിഴിഞ്ഞത്തിന്റെ ഉപഗ്രഹ തുറമുഖമെന്നനിലയിൽ കൊല്ലത്തെ വികസിപ്പിക്കാനും ദീർഘകാലാടിസ്ഥാനത്തിൽ ചരക്കുനീക്കത്തിന് വഴിയൊരുക്കാനുമാണ് ബോർഡ് ആലോചിക്കുന്നത്. അന്താരാഷ്ട്ര കപ്പൽ ചാലിന് അരികിലുള്ള തുറമുഖത്തുനിന്ന് കയർ, കശുവണ്ടി, സമുദ്രോത്പന്നങ്ങൾ, ധാതു ഉത്പന്നങ്ങൾ എന്നിവ കയറ്റുമതി ചെയ്യാനുള്ള സാധ്യതകളും പരിഗണിക്കുന്നുണ്ട്.
വാർഫിന്റെ നീളം കൂട്ടും
നിലവിൽ കൊല്ലം തുറമുഖത്ത് രണ്ട് വാർഫുകളാണുള്ളത്. ഇതിൽ ഒന്നിന് 178 മീറ്ററും മറ്റേതിന് 101 മീറ്ററും നീളമുണ്ട്. 101 മീറ്ററുള്ള വാർഫിന്റെ നീളം 175 മീറ്ററാക്കി കൂട്ടാനുള്ള നടപടികളായിട്ടുണ്ട്. തുറമുഖത്തിന്റെ ആഴം 12 മീറ്റർവരെ കൂട്ടാനും ആലോചനയുണ്ട്. കൊല്ലം തുറമുഖത്തിനാകെ 5.25 ഹെക്ടർ സ്ഥലമാണുള്ളത്. രണ്ടാംഘട്ട വികസനത്തിനായി 12.57 ഹെക്ടർ സ്ഥലവും ലഭ്യമാണ്. വികസനം പൂർണമാകുമ്പോൾ തുറമുഖത്തിന്റെ ആകെയുള്ള സ്ഥലം 18.56 ഹെക്ടറായി ഉയരും.
Content Highlights: Maritime Board invites Expressions of Interest for cargo operations at Kollam Port, Utilization of warehouses, 10 acres of land, and two wharves, Focus on connecting with Vizhinjam and Kochi ports, Plans to increase wharf length to 175 meters and depth up to 12 meters, Export potential for coir, cashew, and marine products