കൊല്ലം-കോട്ടയം-എറണാകുളം മെമുവിന് ഇനി 12 കോച്ച്

#ന്യൂസ് ഡെസ്ക്
Photo: mathrubhumi archives
Photo: mathrubhumi archives

കോട്ടയം: കൊല്ലം- കോട്ടയം- എറണാകുളം മെമു അടുത്തദിവസം മുതൽ 12 കോച്ചോടെ ഓടിത്തുടങ്ങുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. ആവശ്യമായ കോച്ചുകൾ ശനിയാഴ്ച കൊല്ലത്തെത്തും. സാങ്കേതിക നടപടികൾ പൂർത്തിയായാൽ ഞായറാഴ്ചതന്നെ 12 കോച്ചുകളോടെ സർവീസ് ആരംഭിക്കാനാണ് ശ്രമം. അല്ലാത്തപക്ഷം തിങ്കളാഴ്ച മുതൽ കൊല്ലം- കോട്ടയം- എറണാകുളം മെമു പൂർണമായും 12 കോച്ചുകളോടെയായിരിക്കും സർവീസ് നടത്തുക.

വിദ്യാർഥികൾ, വനിതാ യാത്രക്കാർ, ദിവസേന യാത്രചെയ്യുന്ന ജീവനക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ ബുദ്ധിമുട്ട് പാർലമെന്റ് സമ്മേളനത്തിനിടെ എം.പി., കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര പരിഹാരം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് റെയിൽവേ ആസ്ഥാനത്തുനിന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് അധിക കോച്ചുകൾ അനുവദിക്കുന്നതിനുള്ള അടിയന്തര നിർദേശം നൽകി.

നിലവിൽ എട്ട് കോച്ചുകളാണ്. തിരുവനന്തപുരം റെയിൽവേ ഡിവിഷന് സ്ഥിരമായി ഒരുസ്പെയർ മെമു റേക്ക് അനുവദിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ഇടപെടൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: Upgrade from 8 to 12 coaches for the MEMU service., Service expansion to address passenger congestion for students and daily commuters., Direct intervention by MP Kodikunnil Suresh with Railway Minister Ashwini Vaishnaw., Technical procedures to be completed by Sunday or Monday.