'ഏട്ടന് പട്ടാളം ആവാനായിരുന്നു ആഗ്രഹം, കുടുംബം നല്ല രീതിയിൽ കൊണ്ടുപോകണമെന്നും പറയുമായിരുന്നു'

കൊല്ലം: തന്റെ ചേട്ടന് പട്ടാളക്കാരൻ ആവണമെന്നായിരുന്നു ആഗ്രഹമെന്ന് കൊല്ലത്ത് ഷോക്ക് മരിച്ച മിഥുന്റെ സഹോദരൻ സുജിൻ. കുടുംബത്തെ നല്ല രീതിയിൽ കൊണ്ടുപോകണമെന്ന് മിഥുൻ പറയുമായിരുന്നെന്നും സുജിൻ പറഞ്ഞു.
'ഏട്ടന്റെ ഇഷ്ടം പട്ടാളം ആവണമെന്നായിരുന്നു. ഫുട്ബോളും വോളിബോളും കളിക്കുമായിരുന്നു. കുടുംബം നല്ല വൃത്തിക്ക് കൊണ്ടുപോകണമെന്നും പറയുമായിരുന്നു. ചേട്ടന്റെ കൂട്ടുകാരന്റെ ചെരിപ്പായിരുന്നു. അത് അവര് തട്ടിക്കളിച്ചപ്പോൾ കാലേന്ന് ഊരിപ്പോയതാ. കൂട്ടുകാരൻ പറഞ്ഞു എടുക്കണ്ടാ എന്ന്. അവൻ കേൾക്കാതെ പോയി എടുത്തതാ. ഏഴുവരെ ഞങ്ങള് ഒന്നിച്ചായിരുന്നു പഠിച്ചത്. ഏഴ് കഴിഞ്ഞപ്പോഴാണ് സ്കൂൾ മാറിയത്. നന്നായി വരയ്ക്കുമായിരുന്നു' - സുജിൻ പറഞ്ഞു.
കളിചിരികളുമായി വലിയപാടം കിഴക്ക് ഗ്രാമത്തിൽ ഓടിനടന്നിരുന്നു മിഥുൻ. റോഡരികിൽ, അങ്കണവാടിക്ക് എതിർവശത്തെ അതിവിശാലമായ മൈതാനത്ത് കാൽപ്പന്തുകളിച്ച് നിറചിരിയോടെ അവൻ മടങ്ങുന്നത് മനസ്സിൽനിന്ന് മായുന്നില്ലെന്ന് അയൽവാസികൾ. ഇല്ലായ്മകളേറെയുണ്ടായിട്ടും എല്ലാം മറന്ന് ഉല്ലസിച്ചുനടന്നിരുന്ന അവൻ മനുവിന്റെയും സുജയുടെയും പ്രതീക്ഷയായിരുന്നു.
നിർമാണത്തൊഴിലാളിയാണ് മനു. പൂവറ്റൂർ സ്വദേശിയായ സുജ വീടുകൾ വൃത്തിയാക്കാനും മറ്റും പോയിരുന്നു. കായലോരത്തെ ഇവരുടെ ചെറിയ വീട് ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. മഴ പെയ്താൽ മിക്കപ്പോഴും വെള്ളം വീടിന് അകത്താകും. അതുകൊണ്ടുതന്നെ മിഥുനും പട്ടകടവ് സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയായ അനുജൻ സുജിനും അല്പം അകലെയുള്ള അമ്മൂമ്മയ്ക്കൊപ്പമാണ് അന്തിയുറങ്ങാറ്. ലൈഫ് പദ്ധതിയിൽ ഇവർ വീടിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ലെന്ന് അയൽവാസികൾ പറയുന്നു. മക്കളെ നല്ലരീതിയിൽ പഠിപ്പിക്കണം, ചെറിയൊരുവീടുണ്ടാക്കണം... മുന്നിൽ മറ്റ് വഴികളൊന്നും തെളിയാതിരുന്നതോടെ, മനസ്സില്ലാ മനസ്സോടെയാണ് സുജ, വിദേശത്തേക്ക് വിമാനം കയറിയത്.
ദിവസവും മക്കളെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെയും വിളിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മനുവാണ് മിഥുനെ സ്കൂളിലെത്തിച്ചത്. കുട്ടികളെ സംരക്ഷിച്ചിരുന്ന മനുവിന്റെ അമ്മ, മണിയമ്മ തൊഴിലുറപ്പ് ജോലിക്കും പോയിരുന്നു. ഒൻപതരയോടെയാണ് മിഥുൻ അപകടത്തിൽപ്പെട്ട വിവരം ഇരുവരും അറിഞ്ഞത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിയ മനുവിന് മകന്റെ മരണവാർത്ത ഉൾക്കൊള്ളാനാകുമായിരുന്നില്ല.
മിഥുന്റെ സംസ്കാരം ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ നടക്കുമെന്നാണ് വിവരം. രാവിലെ പത്ത് മണിക്ക് തേവലക്കര ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ മിഥുന്റെ അമ്മ സുജാത വിദേശത്ത് നിന്നും നാട്ടിലെത്തും. രാവിലെ 9 മണിക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുക.
Content Highlights: Kollam Boy Electrocuted: Dream of Joining Army, Family's Hope Extinguished