ലൗ ജിഹാദല്ല, കെണിയില്‍പ്പെടുത്തിയതെന്ന് ജോയ്‌സനയുടെ പിതാവ്; ഷിജിന്‍ ഒരു ലക്ഷം വാങ്ങിയെന്ന് ആരോപണം

കോഴിക്കോട്: കോടഞ്ചേരിയിലെ ഷിജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹം ലൗജിഹാദല്ലെന്നും മകളെ കെണിയില്‍പ്പെടുത്തിയതാണെന്നും ജോയ്‌സ്‌നയുടെ പിതാവ് ജോസഫ്. ഇങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ അവള്‍ക്ക് അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ട്. എന്നാല്‍ ഒരിക്കലും മകള്‍ ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
മകളുടെ വിവാഹം ലൗജിഹാദ് ആണെന്ന് പലരും പറയുന്നു. ഇത് തന്റെ മറ്റുമക്കളുടെ ഭാവിയെ പോലും ബാധിക്കുന്ന കാര്യമാണ്. ജോയ്‌സ്‌ന വിദേശത്ത് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ആ സമയത്ത് സാമൂഹികമാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇതിനിടെ, ഷിജിന്‍ മകളുടെ കൈയില്‍നിന്ന് ഒരു ലക്ഷം രൂപയോളം കൈപ്പറ്റി.
കഴിഞ്ഞ മാസമാണ് ജോയ്‌സ്‌ന അവധിക്ക് നാട്ടില്‍ എത്തിയത്. ജോയ്‌സനയുടെ സമ്മതപ്രകാരം മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ തലേ ദിവസം ഒരു സുഹൃത്തിന് ആധാര്‍ കാര്‍ഡ് അയച്ചു കൊടുക്കാനെന്ന് പറഞ്ഞാണ് മകള്‍ വീട്ടില്‍ നിന്ന് പോയത്. പിന്നീട് കോഴിക്കോട് വരെ ഒരു സുഹൃത്തിനെ കാണാന്‍ പോയെന്ന് പറഞ്ഞ് വീണ്ടും വിളിച്ചു. പിന്നീട് മകളുടെ ഫോണ്‍ ഓഫായി. അതിന് ശേഷം ഇളയ മകള്‍ക്ക് സുഹൃത്തിന്റെ നമ്പര്‍ എന്ന് പറഞ്ഞ് നല്‍കിയ നമ്പറിലേക്ക് വിളിച്ചു. എന്നെ ഇവര്‍ വിടുന്നില്ലെന്നാണ് മകള്‍ അവസാനമായി പറഞ്ഞത് . മകള്‍ പൈസ കൊടുത്തത് വിവാഹം നിശ്ചയിച്ച യുവാവിന് അറിയാമായിരുന്നു. ചോദിച്ചപ്പോള്‍ പരിചയമുള്ള ആളാണ്, നേതാവാണ്, പൈസ തിരിച്ച് തരുമെന്നാണ് പറഞ്ഞത് .പിന്നീട് മകള്‍ വീട്ടില്‍ എത്തിയ ശേഷം പണം ചോദിച്ച് ഷിജിനെ വിളിച്ചിട്ടുണ്ട്. ഇത് തരാമെന്ന് പറഞ്ഞാണ് ഷിജിന്‍ മകളെ വണ്ടിയില്‍ കയറ്റി കൊണ്ട് പോയതെന്ന് സംശയിക്കുന്നു. പിന്നീട് മകളെ പറഞ്ഞ് മനംമാറ്റുകയായിരുന്നു. അങ്ങനെ ഒരു ബന്ധം അവള്‍ക്ക് ഉണ്ടെങ്കില്‍ അത് പറയാനുള്ള സ്വാതന്ത്ര്യം വീട്ടില്‍ ഉണ്ട്. ഒരിക്കലും ഈ കാര്യം അവള്‍ പറഞ്ഞിട്ടില്ല. മകളെ കെണിയില്‍ പെടുത്തിയതാണെന്നും അവളെ കണ്ട് സംസാരിക്കാനുള്ള ശ്രമങ്ങളിലാണെന്നും ജോസഫ് വിശദീകരിച്ചു.
Content Highlights: kodanchery dyfi leader shijin and joysna marriage love jihad controversy jyosna father response