ഗ്യാനേഷിനെതിരേ കേസെടുക്കുന്നതിന് കാലതാമസം തടസ്സമല്ലെന്ന് നിയമോപദേശം; ആത്മഹത്യാ പ്രേരണയും അഴിമതിയും ചുമത്താം

കൊച്ചി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിനോട് കേസെടുക്കാൻ ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചത്, ആത്മഹത്യാ പ്രേരണയടക്കമുള്ള കുറ്റങ്ങൾക്ക് കേസെടുക്കാൻ കാലതാമസം തടസ്സമല്ലെന്ന നിയമോപദേശത്തിന് പിന്നാലെ.
പത്തുവർഷംവരെ തടവ് ലഭിക്കാവുന്ന അത്മഹത്യാപ്രേരണ, ഏഴു വർഷംവരെ തടവിന് ശിക്ഷിക്കാവുന്ന അഴിമതി തുടങ്ങിയ ആരോപണങ്ങളിൽ കേസെടുക്കാൻ കാലതാമസം തടസ്സമല്ലെന്ന് വ്യക്തമാക്കിയാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി നിയമോപദേശം നൽകിയത്.
ലീ സീ ബിൻ 2006-ലാണ് ആത്മഹത്യചെയ്തത്. വൈകി എന്നതിന്റെ പേരിൽ അഴിമതിക്കേസിൽനിന്ന് ഉദ്യോഗസ്ഥൻ ഒഴിവാക്കപ്പെടില്ലെന്ന് നിയമോപദേശത്തിൽ വ്യക്തമാക്കി. സാമ്പത്തികനേട്ടത്തിനായി ഇഷ്ടക്കാർക്ക് കരാർ നൽകി എന്നതടക്കമുള്ള ആരോപണമാണ് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ്‌കുമാറിനെതിരേയുള്ളത്.
മതിയായ തെളിവുണ്ടെങ്കിൽ അന്വേഷണവുമായി മുന്നോട്ടുപോകാം. മുൻപ് നടത്തിയ അന്വേഷണം അവസാനിപ്പിച്ചിട്ടുണ്ടെങ്കിൽ പോലും തടസ്സമില്ല. ആത്മഹത്യക്കുറിപ്പിലടക്കം പേരുള്ളതിനാൽ ഗ്യാനേഷ് കുമാറിനെതിരേ ആത്മത്യാ പ്രേരണയ്ക്കും കേസെടുക്കാമെന്നും നിയമോപദേശത്തിലുണ്ട്.
ഗ്യാനേഷിനെതിരേ അന്വേഷണം വേണം -മുനീർ
കോഴിക്കോട്: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിനെതിരേ എടുത്ത കേസ് പുനരന്വേഷിക്കണമെന്നുതന്നെയാണ് തന്റെ നിലപാടെന്ന് മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗവുമായ ഡോ. എം.കെ. മുനീർ പറഞ്ഞു.
‘‘ഞാൻ പൊതുമരാമത്ത് മന്ത്രിയായുള്ള അവസാനസമയത്താണ് ഗ്യാനേഷ്‌കുമാർ വരുന്നത്. എന്റെ വിഷയത്തിൽ വിജിലൻസ് കോടതി എന്നെ നിരപരാധിയെന്നുകണ്ട് വെറുതേ വിട്ടതാണ്. ഇടതുപക്ഷംവന്ന് ആറുമാസത്തികം കെ.എസ്.ടി.പി. പദ്ധതിയുടെ കരാറുകാരനായ മലേഷ്യൻ എൻജിനിയർ ആത്മഹത്യചെയ്തു. നവംബറിലാണ് അദ്ദേഹം ആത്മഹത്യാക്കുറിപ്പ് എഴുതിവെക്കുന്നത്. കെ.എസ്.ടി.പി. പദ്ധതി തുടരുന്നുണ്ട്. എനിക്കെതിരേയുള്ള ഡോ. തോമസ് ഐസക്കിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമായിരുന്നു. രാഷ്ട്രീയമായി എന്നെ ഇല്ലാതാക്കാനുള്ള താത്‌പര്യം ഐസക്ക് എന്തുകൊണ്ട് എൻജിനിയറുടെ ആത്മഹത്യാവിഷയത്തിൽ കാണിച്ചില്ല? വീണ്ടും അന്വേഷണം നടത്തണമെങ്കിൽ നടത്തട്ടെ. ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരു വിവരവും കൈമാറാനില്ല. ബില്ല് കൊടുക്കാത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പറയേണ്ടത് അന്നത്തെ സർക്കാരാണ്. ബാക്കിയുള്ള കാര്യങ്ങൾ എന്തെങ്കിലും പറയേണ്ടതുണ്ടെങ്കിൽ ഞാൻ വിവരങ്ങൾ നൽകാം’’ -മുനീർ വ്യക്തമാക്കി.
ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷിന്റെ പേരുണ്ട് - മന്ത്രി ചെന്നിത്തല
തിരുവനന്തപുരം: മലേഷ്യൻ കമ്പനി എൻജിനിയറുടെ ആത്മഹത്യയിലേക്ക് നയിച്ച അഴിമതിയാരോപണത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തശേഷമാണ് അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയത്. നിയമോപദേശവും തേടിയിരുന്നു. ലീ സി ബിന്നിന്റെ ആത്മഹത്യാക്കുറിപ്പുകളിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിട്ടുണ്ട്.
ഗ്യാനേഷ് കുമാർ 2006 ൽ കേരളത്തിലെ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലയളവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. അതിനാൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ എന്ന പദവിയുടെ സംരക്ഷണം അന്വേഷണത്തിന് തടസ്സമാവില്ലെന്നും മന്ത്രി പറഞ്ഞു.
സ്വാഗതം ചെയ്ത് സി.പി.എം.
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തെ സി.പി.എം. സ്വാഗതം ചെയ്തു. ഏത് സർക്കാരിന്റെ കാലത്തുനടന്നതായാലും അന്വേഷിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അന്വേഷണത്തെ ഡോ. തോമസ് ഐസകും സ്വാഗതം ചെയ്തു.
കേസില്ലെന്ന് വിവരാവകാശ രേഖ
2006-ൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഗ്യാനേഷ് കുമാറിനെതിരെ നിലവിൽ കേസോ അന്വേഷണമോ ഇല്ലെന്ന് ഈ വർഷം ജനുവരിയിൽ വിജിലൻസ് വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു. എൻജിനിയറുടെ ആത്മഹത്യനടന്നത് മലേഷ്യയിലായതിനാൽ മലേഷ്യയുമായി സഹകരിച്ചുള്ള അന്വേഷണം വേണമായിരുന്നു. അതുണ്ടായില്ല. കഴമ്പില്ലെന്നുപറഞ്ഞ് വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.
വിവാദത്തിന്റെ നാൾവഴി
• 2000: നായനാർ സർക്കാർ -എം.സി. റോഡ് വികസനം-കെ.എസ്.ടി.പി. പദ്ധതിയുടെ തുടക്കം- കരാറുകാരെ തിരഞ്ഞെടുക്കുന്നു
• 2002: ആന്റണി സർക്കാർ- കരാർ ഒപ്പുവെക്കുന്നു
• 2004-2005: ഉമ്മൻചാണ്ടി സർക്കാർ -പദ്ധതി പൂർത്തിയാക്കാനുള്ള കാലാവധിയും എസ്റ്റിമേറ്റും നീട്ടുന്നു
• 2006-മാർച്ച്: ഉമ്മൻചാണ്ടി സർക്കാർ- പണി വൈകുന്നതിൽ നഷ്ടപരിഹാരം ഈടാക്കാൻ ശുപാർശ
• 2006: വി.എസ്. സർക്കാർ-നഷ്ടപരിഹാര നിർദേശം മന്ത്രിസഭാ ഉപസമിതി അംഗീകരിക്കുന്നു
• 2006-നവംബർ 13 -ലീ സീ ബീൻ ക്വാലാംലപുരിൽ ആത്മഹത്യചെയ്യുന്നു
• 2006-നവംബർ 22 -ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നു
• 2007-ഗ്യാനേഷ് കുമാർ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാകുന്നു